
കോഴിക്കോട്: തടമ്പാട്ട്ത്താഴത്ത് സഹോദരിമാരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് തിരയുന്ന സഹോദരന്‍ പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ തലശ്ശേരി കടപ്പുറത്താണ് പ്രമോദിന്റേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്. കടപ്പുറത്ത് അടിഞ്ഞ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായാണ് വിവരം. കേസില്‍ അന്വേഷണം നടത്തുന്ന ചേവായൂര്‍ പോലീസ് തലശ്ശേരിയിലേക്ക് തിരിച്ചിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് തടമ്പാട്ട്ത്താഴം ഫ്‌ളോറിക്കന്‍ റോഡിലെ വാടകവീട്ടില്‍ സഹോദരിമാരായ മൂലക്കണ്ടി എം. ശ്രീജയ(70), എം. പുഷ്പലളിത(66) എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഒപ്പം താമസിച്ചിരുന്ന സഹോദരന്‍ പ്രമോദി(62)നെ സംഭവദിവസം മുതല്‍ കാണാതായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സഹോദരിമാരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്നും വ്യക്തമായിരുന്നു. ഇതോടെ പ്രമോദിനായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. പ്രമോദിന്റെ അവസാന മൊബൈല്‍ടവര്‍ ലൊക്കേഷന്‍ ഫറോക്ക് റെയില്‍വേ സ്‌റ്റേഷനിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഈ മേഖലകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.
Also Read
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പ്രമോദ് അത്താണിക്കലിലുള്ള ബന്ധുവിനോട് സഹോദരി മരിച്ചിട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചിത്. രാവിലെ എട്ട് മണിയോടെ ബന്ധുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ വാതില്‍ ചാരിയിട്ട നിലയിലായിരുന്നു. തുറന്നുനോക്കിയപ്പോള്‍ രണ്ടുമുറികളിലായി രണ്ടുപേര്‍ മരിച്ചുകിടക്കുന്നതായി കണ്ടു. നിലത്ത് കിടക്കയില്‍ കിടത്തിയശേഷം വെള്ളത്തുണികൊണ്ട് പുതപ്പിച്ച നിലയിലായിരുന്നു രണ്ടുപേരും. ബന്ധുക്കളെത്തുമ്പോഴേക്കും പ്രമോദ് സ്ഥലം വിട്ടിരുന്നു. സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. ഉടനെ ചേവായൂര്‍ പോലീസിലും വിവരം അറിയിച്ചു.
മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ശ്രീജയ കോവിഡിനുശേഷം തളര്‍ന്നു കിടക്കുകയായിരുന്നു.
അവിവാഹിതരായ മൂന്നു പേരും മൂന്ന് വര്‍ഷത്തോളമായി ഫ്ളോറിക്കന്‍ റോഡിലെ വീട്ടില്‍ താമസിച്ചുവരുകയായിരുന്നു. നേരത്തേ നടക്കാവ് ഇംഗ്ലീഷ് പള്ളിയ്ക്ക് സമീപവും പിന്നീട് വേങ്ങേരിയിലുമാണ് ഇവര്‍ താമസിച്ചിരുന്നത്. ശ്രീജയ ആരോഗ്യവകുപ്പില്‍നിന്ന് വിരമിച്ചതാണ്. ഇവരുടെ പെന്‍ഷനിലാണ് മൂവരും ജീവിച്ചിരുന്നത്. പ്രമോദ് ഇലക്ട്രിക്കല്‍ ജോലികള്‍ക്കുപുറമേ ലോട്ടറിവില്‍പ്പനയും നടത്തിയിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
നോക്കാന്‍ വയ്യ, മടുത്തു
നോക്കാന്‍ വയ്യ, മടുത്തിട്ടുണ്ട്. കരിക്കാംകുളത്തെ രണ്ട് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ കാണാതായ സഹോദരന്‍ പ്രമോദ് നാട്ടുകാരോട് നേരത്തേ ഇങ്ങനെ പറഞ്ഞിരുന്നതായി ചേവായൂര്‍ പോലീസ്. മരിച്ച രണ്ടുപേര്‍ക്കും ശാരീരികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. മരിച്ചവരില്‍ ശ്രീജയ കോവിഡിനുശേഷം കിടപ്പിലായിരുന്നു. ഇരുവരുടെയും എല്ലാകാര്യങ്ങളും നോക്കിയിരുന്നത് പ്രമോദായിരുന്നു. ആരും സഹായിക്കാനില്ലാത്തതിന്റെ മാനസികസംഘര്‍ഷത്തെത്തുടര്‍ന്നാകാം ഇങ്ങനെ ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.
Content Highlights: Two sisters found dead in Kozhikode, their brother, a suspect, found dead in Thalassery.
Published: 12 Aug 2025, 11:14 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented