കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. താമരശേരി കൂടത്തായി സ്വദേശി നെരോത്ത് വീട്ടിൽ 'കസിൻ ഷാലു' എന്നറിയപ്പെടുന്ന ഷാലു (23) ആണ് പിടിയിലായത്. എലത്തൂർ ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

To advertise here,

പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുത്തശേഷം ലഹരി നൽകി നിരവധി തവണ പീഡിപ്പിച്ചതായാണ് പരാതി. പെൺകുട്ടിയുടെ വീട്ടിലും സുഹൃത്തിന്റെ വീട്ടിലുംവെച്ച് പീഡനം നടന്നതായി പരാതിയിൽ പറയുന്നു. പെൺകുട്ടി ഗർഭിണിയായതോടെ പ്രതി തന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരുന്നെങ്കിലും രഹസ്യമായി വീട്ടിലെത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഷാലുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. ഇയാൾ മറ്റു പെൺകുട്ടികളെയും ഇരയാക്കിയിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

എലത്തൂർ സബ് ഇൻസ്പെക്ടർ ബിജു പ്രണവം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രൂപേഷ്, നിജിലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ലജിഷ, ലാമിയ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.