
കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ ഉൾപ്പെടെ മനുഷ്യന്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിന്റെ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി തലയോട്ടികളും കാലിന്റെയും വാരിയെല്ലുകളും അടക്കമുളള അസ്ഥികളുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
തൈക്കാട് സ്വദേശി അബ്ദുളളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിയിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോടിന്റെ പിന്നിലായി 'വാസു' എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന മറ്റൊരു തലയോടിന്റെ ഉളളിലായി 'അസ്ന' എന്നപേരും എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുമായി മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു.
എട്ടു സെന്റോളമുളള പുരയിടത്തിന്റെ ചുമതല സമീപവാസിയായ രാധാകൃഷ്ണനെയാണ് ഉടമയായ അബ്ദുളള ഏൽപ്പിച്ചിട്ടുളളത്. പുരയിടത്തിലുളള പ്ലാവിൽനിന്ന് ചക്കയിടുന്നതിന് രാധാകൃഷ്ണൻ എത്തിയപ്പോഴാണ് കരിയിലക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന തലയോട്ടികളും പഴക്കം ചെന്ന കവറിനുളളിലുണ്ടായിരുന്ന മറ്റ് അസ്ഥികളും കാണുന്നത്. തുടർന്ന് കല്ലിയൂർ ഗ്രാമപഞ്ചായത്തംഗമായ ബീനയെ വിവരമറിയിച്ചു. ഇവർ തിരുവല്ലം പോലീസിൽ നൽകിയ വിവരത്തെതുടർന്ന് എസ്.എച്ച്.ഒ. ജെ. പ്രദീപിന്റെ നേത്യത്വത്തിൽ എസ്ഐമാരായ മഹേഷ്, വിനോദ് കുമാർ, മോഹൻ, എ.എസ്.ഐ. അനു എന്നിവരുൾപ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി.
ഫൊറൻസിക് വിഭാഗം സയന്റിഫിക് ഓഫീസർ അഷിൻ, ഫിംഗർപ്രിന്റ് ബ്യൂറോയിൽ നിന്നെത്തിയ ഷമി എന്നിവരുൾപ്പെട്ടവർ അസ്ഥികളും രണ്ടായി പൊട്ടിയ നിലയിലുളള തലയോട്ടിയും മുഴുവനായുളള തലയോട്ടിയും പരിശോധിച്ചു. തറയിൽ ഉണ്ടായിരുന്ന തലയോട്ടികളിൽ മാംസം ഉണങ്ങിപ്പോയതിന്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. നേരിയ ദുർഗന്ധവുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് അയച്ചു. അസ്ഥികൂടങ്ങളുടെ പഴക്കം ഉൾപ്പെടെ ഫൊറൻസിക് ലാബിലെ പരിശോധനക്കുശേഷമേ അറിയാനാവുകയുള്ളൂവെന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
തലയോട്ടിയിൽ പേരുകൾ, ദുരൂഹത
പൂങ്കുളത്തെ പുരയിടത്തിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ തലയോട്ടികളിൽ വാസു, അസ്ന എന്ന പേരുകൾ എഴുതിയിരുന്നതുമായി ബന്ധപ്പെട്ടും പോലീസ് വിശദമായി പരിശോധിക്കും. വളരെ പഴക്കമുളള പ്ലാസ്റ്റിക് കവറിനുളളിലാണ് അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടിരുന്നത്. കണ്ടെടുത്ത തലയോട്ടികൾ പുരുഷന്റെയാണോ സ്ത്രീയുടെയാണോ എന്ന് ഫൊറൻസിക് പരിശോധക്ക് ശേഷമേ പറയാനാകൂ.
അതേസമയം, എം.ബി.ബി.എസ് ഒന്നും രണ്ടും വർഷം പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനാവശ്യത്തിനായി ഇത്തരത്തിൽ അസ്ഥികൂടങ്ങൾ നൽകാറുണ്ട്. ഇവർ തങ്ങൾക്ക് ലഭിക്കുന്ന അസ്ഥികൂടങ്ങളുടെ ഭാഗങ്ങളിൽ ചിലപ്പോൾ പേരെഴുതിയിക്കാം. പഠനത്തിനുശേഷം വിദ്യാർഥികൾ ഉപേക്ഷിച്ചതാകാനും സാധ്യതയുണ്ടെന്നും ഐ.എം.എയുടെ നാഷണൽ കോർഡിനേറ്റർ ഡോ. സുൾഫി നൂഹു മാത്യഭൂമിയോട് പറഞ്ഞു.
Content Highlights: Shocking discovery of human skulls and bones in a vacant plot in Kovalam, Thiruvananthapuram. Police investigation underway into the mysterious incident.
Published: 19 Feb 2026, 08:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented