കോട്ടയം: ‘പ്രതി മൂവിങ്ങാണ്... ഒരു സ്ഥലത്ത് നിൽക്കുന്നില്ല, ഇപ്പോൾ കാണുന്നിടത്തല്ല അല്പം കഴിയുമ്പോൾ ലൊക്കേഷൻ കാണിക്കുന്നത്,’- വൻലാഭം വാഗ്ദാനംചെയ്തുള്ള ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിലെ പ്രതിയുടെ ‘സഞ്ചാരപഥം’ പോലീസ് പരാതിക്കാരിയെ അറിയിച്ചു. എന്നാൽ, പ്രതി വീണ്ടും പോലീസിനുമുൻപിലൂടെ കോട്ടയത്തെത്തി മടങ്ങി.

To advertise here,

വ്യക്തമായ വിവരം അറിയിച്ചിട്ടും അന്വേഷണത്തിന് ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥർ ‘കൈയകല’ത്തിലെത്തിയ പ്രതിയെ പിടികൂടാൻ തയ്യാറായില്ല. പ്രതിയുടെയും ഒപ്പമുള്ള സഹായിയുടെയും ഫോൺനമ്പരുകളും പോലീസിന് ലഭിച്ചതാണ്.

‘ലൊക്കേഷൻ’ കണ്ടെത്തിയാണ് പോലീസ് പരാതിക്കാരിയെ അറിയിച്ചത്. ഇന്നെങ്കിലും പിടികൂടുമെന്ന പ്രതീക്ഷയിൽ പരാതിക്കാരി ശനിയാഴ്ച സ്ഥലത്ത് നേരത്തെയെത്തി കാത്തുനിന്നിരുന്നു. വിവരങ്ങളും പോലീസിന് കൈമാറി. പ്രതീക്ഷിച്ചതുപോലെ പ്രതിയെത്തി, പക്ഷേ പോലീസ് മാത്രം എത്തിയില്ല. പിന്നീട് വിവരം തിരക്കിയ കോട്ടയം സ്വദേശിനിയോട്, കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്നായിരുന്നു അന്വേഷണത്തിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടി.

50 ലക്ഷം തട്ടിയെന്ന കേസിൽ കോട്ടയം വെസ്റ്റ് പോലീസ് രജിസ്റ്റർചെയ്ത കേസിലെ പ്രതിയാണ്, സഹായിക്കും അഭിഭാഷകനുമൊപ്പം പോലീസിന് മുൻപിലൂടെ വീണ്ടുമെത്തി മടങ്ങിയത്. കഴിഞ്ഞ തവണ പ്രതിയെത്തിയ വിവരം അറിയിച്ചപ്പോൾ, സാറില്ല, ഇപ്പോൾ പിടിക്കാൻ പറ്റില്ലെന്ന മറുപടിയായിരുന്നു പോലീസിന്റേത്.

ശനിയാഴ്ചയാണ്, സമാനമായ മറ്റൊരുകേസിൽ കോടതി നിർദശപ്രകാരമുള്ള ഒത്തുതീർപ്പു ചർച്ചയ്ക്കായി ഹരിപ്പാട് സ്വദേശിയായ പ്രതി കോട്ടയത്തെത്തി മടങ്ങിയത്. സ്വന്തം കാറിൽ സുഹൃത്തിനും അഭിഭാഷകനുമൊപ്പമാണ് പ്രതി കഞ്ഞിക്കുഴിയിലെ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ആസ്ഥാനത്തെത്തിയത്. സ്ഥലത്ത് കാത്തിരുന്ന പരാതിക്കാരി, പ്രതിയുടെ കാർ എത്തിയപ്പോൾത്തന്നെ വിവരം പോലീസ് ഉദ്യോഗസ്ഥനെ അറിയിച്ചു. ലൊക്കേഷൻ ‘മൂവിങ്ങാ’ണെന്ന മറുപടിയായിരുന്നു അപ്പോഴും പരാതിക്കാരിക്ക് ലഭിച്ചത്. കുറവിലങ്ങാട്ട് 50 ലക്ഷം, ചങ്ങനാശ്ശേരിയിൽനിന്ന് 30 ലക്ഷം, മണിമലയിൽനിന്ന് 15 ലക്ഷം എന്നിങ്ങനെ തട്ടിയെടുത്തെന്ന പരാതികളും പ്രതിക്കെതിരേയുണ്ട്.