കോതമംഗലം: പുതുപ്പാടിയില്‍ പറമ്പിലെ പാമ്പിനെ കാണിച്ചുകൊടുക്കാമെന്നുപറഞ്ഞ് മുറ്റത്തിറക്കിയ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ ബംഗാള്‍ സ്വദേശി പിടിയില്‍. മാല പൊട്ടിക്കുന്നതിനിടെ മുറ്റത്തെ ടൈലില്‍ തലയടിച്ചു വീണ വയോധികയ്ക്ക് പരിക്ക്.

To advertise here,

പുതുപ്പാടി സ്‌കൂളിനു സമീപം വാഴാട്ടില്‍ ഏലിയാമ്മയുടെ (82) ഒന്നര പവന്റെ സ്വര്‍ണമാലയാണ് കവര്‍ന്നത്. ചൊവ്വാഴ്ച വൈകീട്ട് 6-നാണ് സംഭവം. ബംഗാള്‍ മുര്‍ഷിദാബാദ് പര്‍ബോ ബാര്‍ദമാം സ്വദേശി ഹസ്മത്ത് (27) ആണ് പോലീസിന്റെ പിടിയിലായത്.

വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്ന വീട്ടമ്മയുടെ സമീപം എത്തി പറമ്പില്‍ പാമ്പുണ്ടെന്നുപറഞ്ഞ് യുവാവ് കൈചൂണ്ടി കാണിക്കുന്നിടത്തേക്ക് ഏലിയാമ്മയുടെ ശ്രദ്ധ പോയ ഞൊടിയിടയ്ക്കിടെ മാലപൊട്ടിച്ച് ഓടി മറഞ്ഞു. മാല പൊട്ടിക്കുന്നതിനിടെ തലയുടെ പിന്‍ഭാഗം ഇടിച്ച് വീണ വയോധികയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല.

മുറ്റത്ത് ടൈല്‍പാകിയ ഇടത്തേക്കുവീണ് പരിക്കേറ്റ വീട്ടമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെ സിസിടിവിയില്‍ സംഭവത്തിന്റെ ദൃശ്യം പതിഞ്ഞിരുന്നു. പോലീസ് എത്തി സിസിടിവി പരിശോധിച്ച് രാത്രി 9.30-ന് മൂവാറ്റുപുഴ ഭാഗത്തുനിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.