കോഴിക്കോട്: കമ്മത്ത് ലെയിനിലെ ജൂവലറികളിൽനിന്ന്‌ സ്വർണാഭരണങ്ങൾ കൈക്കലാക്കിയ കേസിൽ റിമാൻഡിൽ കഴിയുന്ന സഹോദരങ്ങളെ കസ്റ്റഡിയിൽ വാങ്ങാൻ തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.

To advertise here,

കോഴിക്കോട് പണിക്കർറോഡ് നാലുകുടിപ്പറമ്പ് പി.ടി. സഫർനാസ് (28), നടക്കാവ് പുതിയകടവ് ബീച്ച് റാഹ മറിയം ഹൗസിൽ പി.ടി. ഷെഫീഖ് (36) എന്നിവരെയാണ് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുക. കേസിൽ ഇതുവരെയായി അഞ്ച് പേരെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

സഫർനാസിനെയും ഷെഫീഖിനെയും കൂടാതെ ആബിദ്ഷാ, അജ്മൽ, സൗരവ് സുനിൽ എന്നിവരാണ് പ്രതികളായ മറ്റുള്ളവർ. ഇവരിൽ സൗരവ് സുനിൽ പിലാത്തറ പോലീസ് സ്റ്റേഷനിലെ കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലെ ജയിലിലാണ്. ഷെഫീഖ് കോഴിക്കോട് ജില്ലാ ജയിലിലും സഫർനാസ് കോഴിക്കോട് സബ് ജയിലിലുമാണുള്ളത്. ആബിദ്ഷാ, അജ്മൽ എന്നിവർ മുൻകൂർ ജാമ്യം തേടിയതിനെത്തുടർന്ന് പോലീസ് ഇരുവർക്കും നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു. 

സഫർനാസ് സ്വർണം മുഴുവൻ ഷെഫീഖാണ് നൽകിയതെന്നും സ്വർണം ഒളിപ്പിച്ചത് ഇയാളാണെന്നും അന്വേഷണസംഘം ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഷെഫീഖിനും സഫർനാസിനും ഏതാനും ദിവസംകൂടി കഴിഞ്ഞാൽ സ്വാഭാവികജാമ്യം ലഭിക്കും. 70 ദിവസത്തിലേറെയായി ഇരുവരും റിമാൻഡിൽ കഴിയുകയാണ്. ഇത് നാലാം തവണയാണ് ഇരുവരെയും അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്.

കമ്മത്ത് ലെയ്‌നിൽ പ്രവർത്തിക്കുന്ന 11 സ്വർണക്കടകളിൽനിന്നായി ഒരു കിലോഗ്രാം സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് ഇരുവരും അറസ്റ്റിലായത്. ഒന്നേകാൽ കോടി രൂപയുടെ സ്വർണം നഷ്ടപ്പെട്ടെന്നാണ് പരാതി. ഇരുവർക്കുമെതിരേ വ്യത്യസ്ത കടയുടമകളുടെ പരാതിയിൽ ഏഴ് കേസുകളാണ് നിലവിലുള്ളത്.

ഷെഫീഖിന്റെ സഹോദരനായ സ്വർണക്കച്ചവടക്കാരൻ സഫർനാസാണ് കടകളിൽനിന്ന് സ്വർണവുമായി മുങ്ങിയത്. എന്നാൽ പിന്നീട് അന്വേഷണത്തിൽ ഇരുവരും ഒരുമിച്ച് ഗൂഢാലോചന നടത്തിയെന്നാണ് പോലീസ് പറയുന്നത്. സഫർനാസിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായിച്ചത് ഷെഫീഖും സൗരവ് സുനിലും ചേർന്നാണെന്ന് പോലീസ് പറഞ്ഞു.

കടയിൽവന്ന ഇടപാടുകാർക്ക് മോഡൽ കാണിക്കാനെന്ന് പറഞ്ഞാണ് സഫർനാസ് കടകളിൽനിന്ന് സ്വർണം വാങ്ങിക്കൊണ്ടു പോയത്. ഏറെനേരം കഴിഞ്ഞിട്ടും കൊണ്ടുപോയ സ്വർണവുമായി തിരിച്ചെത്താതായതോടെ അന്വേഷിച്ചെത്തിയപ്പോഴാണ് വ്യാപാരികൾക്ക് തട്ടിപ്പ് വ്യക്തമായത്.