പഴനി: കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് ലഹരിയില്‍ കഴുത്തറുത്ത് ആഹ്മഹത്യയ്ക്ക് ശ്രമിച്ചു.

To advertise here,

മലപ്പുറംസ്വദേശി നജി (24) ആണ് ജനാലയിലെ ഗ്ലാസ് പൊട്ടിച്ചെടുത്ത് കഴുത്തറുത്തത്. ഗുരുതര പരിക്കേറ്റ ഇയാളെ മധുര മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നജിയും സുഹൃത്തുക്കളായ മലപ്പുറം സ്വദേശി മജി (19), കൊച്ചിയിലെ ക്രിസ്റ്റി (23) എന്നിവര്‍ ചൊവ്വാഴ്ച രാവിലെയാണ് കൊടൈക്കനാലിലെത്തിയത്. പിന്നീട് കൂക്കലില്‍ എത്തിയ ഇവര്‍ ലഹരിയുപയോഗിച്ചതായാണ് സൂചന.

ഓടുന്ന വണ്ടിയില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച നജിക്ക് താഴെവീണ് പരിക്കേറ്റു. തുടര്‍ന്ന്, സമീപവാസികള്‍ ചേര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി കൊടൈക്കനാല്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. ആശുപത്രിയിലെത്തിയ നജി ജനലിന്റെ ഗ്ലാസ് കൈകൊണ്ട് പൊട്ടിക്കുകയും അതെടുത്ത് കഴുത്തറുക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ നജിയെ സുഹൃത്തുക്കളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് മധുര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

കൊടൈക്കനാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഞ്ചാവ് അല്ലെങ്കില്‍ ലഹരികൂണ്‍ എന്നിവയായിരിക്കാം കഴിച്ചതെന്ന് പോലീസ് സംശയിക്കുന്നു. കൊടൈക്കനാല്‍ മലനിരകളില്‍ ലഹരികൂണ്‍ വ്യാപകമായി ഉണ്ട്.

ഇത് വില്‍ക്കുന്ന നിരവധി സംഘങ്ങളും സജീവമാണ്. ലഹരികൂണ്‍ കഴിക്കാന്‍ കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധിപേര്‍ വരുന്നുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക.  Toll free helpline number: 1056, 0471-2552056)