കൊച്ചി: തായ്‌ലാന്‍ഡില്‍നിന്ന് പക്ഷിക്കടത്ത് നടത്തിയ ദമ്പതിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. മലപ്പുറം സ്വദേശികളായ ദമ്പതിമാരെയാണ് കസ്റ്റംസ് പിടികൂടിയത്. ഇവരുടെ ബാഗേജില്‍നിന്ന് 11 പക്ഷികളെയും കണ്ടെടുത്തു.

To advertise here,

തായ്‌ലാന്‍ഡില്‍നിന്ന് ക്വാലാലംപുര്‍ വഴിയുള്ള വിമാനത്തിലാണ് ദമ്പതിമാരും ഏഴുവയസ്സുള്ള കുട്ടിയും നെടുമ്പാശ്ശേരിയിലെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് കസ്റ്റംസ് ഇവരെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ദമ്പതിമാരുടെ ബാഗേജുകള്‍ പരിശോധിച്ചതോടെയാണ് വംശനാശഭീഷണി നേരിടുന്ന പക്ഷികളെയടക്കം കണ്ടെത്തിയത്.

പിടിച്ചെടുത്ത പക്ഷികളെ തായ്‌ലാന്‍ഡിലേക്കുതന്നെ തിരിച്ചയക്കുമെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. ദമ്പതിമാരെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറിയതായും കസ്റ്റംസ് അറിയിച്ചു.