കിഴക്കമ്പലം (കൊച്ചി): കിഴക്കമ്പലത്ത് കഴിഞ്ഞദിവസം വയോധികയെ കെട്ടിയിട്ട് മർദ്ദിച്ച് സ്വർണവും പണവും കവർന്ന കേസിൽ അസം സ്വദേശികളായ മൂന്നുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതിക്രൂര മർദനത്തെത്തുടർന്ന് താൻ മരിച്ചെന്ന് കരുതിയശേഷം മോഷണമുതലുമായി കവർച്ചക്കാർ കടന്നുകളയുകയായിരുന്നുവെന്ന് അതിക്രമത്തിനിരയായ വയോധിക കുഞ്ഞുമ്മ പറയുന്നു.
"ഒരാൾ കാൽ കൂട്ടി ഒതുക്കിപ്പിടിച്ചു. ഒരുത്തൻ കൈയിൽ നിന്ന് വള ഊരി. അത് എനിക്ക് ഓർമ്മയുണ്ട്. ഒരാൾ നെഞ്ചത്ത് മുട്ട് കാല് ഒതുക്കിപ്പിടിച്ച് വായിൽ തുണിതിരുകി വാ കെട്ടി. ഒരുത്തൻ കൈയിലെ മോതിരവും വലിച്ചൂരി. കാതിലുള്ളതും അവർ ഊരിയെടുത്തു. ഞാൻ ശ്വാസം നിലച്ച നിലയിൽ ആയപ്പോൾ, ജീവനില്ലടാ, ഇനി നമുക്ക് പോകാം എന്ന് പറഞ്ഞ് പോകുകയായിരുന്നു. പോകുന്ന വഴിക്ക് അപ്പുറത്തെ മുറിയിലുണ്ടായിരുന്ന പണവും സ്വർണവും എടുത്ത് പോയി. തൊട്ടടുത്ത ടീച്ചറാണ് ഇവരെ മുറ്റത്ത് കണ്ട് പോലീസിനെ വിളിച്ചത്. പെട്ടെന്ന് തന്നെ പോലീസ് എത്തി. ജീവൻ പോകാതിരുന്നത് ഭാഗ്യം. മുമ്പ് കണ്ട പരിചയം ഉള്ളതുകൊണ്ടാണ് സംസാരിച്ചത്. അതിൽ ഒരുത്തന് മലയാളം പറയാനറിയുമായിരുന്നു"-കുഞ്ഞുമ്മ പറഞ്ഞു.
മോഷണ മുതലുമായി അസമിലേക്ക് കടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ എത്തിയപ്പോഴാണ് ഇവർ പിടിയിലാകുന്നത്. മുഫസിൽദീൻ, നൂറുജുൽ, സൈജുദ്ദീൻ എന്നിവരെയാണ് തൃശ്ശൂർ പോലീസിന്റെ സഹായത്തോടെ കുന്നത്തുനാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതികളിൽ നൂറുജുൽ കൊലപാതകക്കേസിലും സൈജുദ്ദീൻ മോഷണക്കേസിലും മുൻപ് പ്രതികളായിരുന്നുവെന്ന് പോലീസ് പറയുന്നു.
ചേലക്കുളം ഞാറ്റുകാലയിൽ ഹസന്റെ ഭാര്യ കുഞ്ഞുമ്മയുടെ ആഭരണങ്ങളും പണവുമാണ് മോഷ്ടിച്ചത്. ഹസൻ കോലഞ്ചേരിയിലെ വ്യാപാരിയാണ്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. മുമ്പ് കെട്ടിട നിർമ്മാണ ജോലികൾക്കായി ഇവർ പ്രദേശത്ത് എത്തിയിരുന്നു. പ്രതികൾക്ക് വീട്ടുകാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നാണ് വിവരം.
സമീപ വീട്ടിലെ സി.സി.ടി.വി.യിൽനിന്ന് കവർച്ച നടത്തിയവരെന്നു സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്.
Content Highlights: Three Assam natives arrested for robbing and brutally assaulting an elderly woman in Kizhakkambalam., The suspects were intercepted in Thrissur while trying to flee to Assam., Two of the accused have prior criminal records including murder and theft cases., Police used nearby CCTV footage to track down and apprehend the culprits swiftly.
Published: 27 Nov 2026, 02:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented