റാഞ്ചി: വിവാഹം കഴിഞ്ഞതുമുതൽ തുടങ്ങിയതാണ് അനിയന്റേയും ചേട്ടന്റേയും ഭാര്യമാർ തമ്മിലുള്ള വഴക്ക്. സ്വസ്ഥമായ കുടുംബജീവിതത്തിന് വഴിയൊരുക്കാതെ ഇരുവരുടേയും വഴക്ക് അസഹനീയമായി തുടർന്നതോടെ ആ സഹോദരന്മാർ ഒരു തീരുമാനമെടുത്തു. ഒടുവിൽ ആ രണ്ട് സ്ത്രീകളെയും മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ ക്രൂരതയിലേക്ക് സഹോദരങ്ങളെത്തി. ഝാർഖണ്ഡിലെ ഗുമ്ലയിൽ നിന്നാണ് ഈ ദാരുണമായ വാർത്ത വരുന്നത്.
ഭാര്യമാർ തമ്മിൽ നിലനിന്നിരുന്ന ദീർഘകാല തർക്കത്തിൽ പ്രകോപിതരായി സ്വന്തം ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സഹോദരന്മാരെയും പോലീസ് അറസ്റ്റ് ചെയ്തു. ആംബുലൻസ് ഡ്രൈവറായ ശിവശങ്കർ സാഹു, അദ്ദേഹത്തിന്റെ സഹോദരൻ നവീൻ സാഹു എന്നിവരാണ് അറസ്റ്റിലായത്. മിനി പ്രിയ (28), രാധിക കുമാരി (20) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ചയാണ് സഹോരന്മാർ രണ്ടുപേരും ചേർന്ന് ഭാര്യമാരെ കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ശേഷം, മൃതദേഹങ്ങൾ ആംബുലൻസിൽ അയൽ ജില്ലയായ സിംഡേഗയിലെ വനത്തിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു എന്ന് ഗുമ്ല പോലീസ് സൂപ്രണ്ട് (SP) ഹാരിസ് ബിൻ സമാ അറിയിച്ചു.
മിനിയും രാധികയും തമ്മിൽ തുടർന്നുവന്നിരുന്ന തർക്കത്തിൽ സഹോദരന്മാർ കടുത്ത അമർഷത്തിലായിരുന്നു. എന്നാൽ കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് രണ്ട് സ്ത്രീകളും തമ്മിൽ സംസാരിച്ച് വഴക്ക് ഒത്തുതീർപ്പിലാക്കിയിരുന്നു എന്നും വിവരം ലഭിച്ചതായി പോലീസ് പറയുന്നു. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊല്ലപ്പെട്ട സ്ത്രീകളുടെ കുടുംബാംഗങ്ങൾ ഇരുവരുമായും ഫോണിൽ സംസാരിച്ചിരുന്നു.
എന്നാൽ ആ സമയത്ത് അസാധാരണമായി ഒന്നും തോന്നിയിരുന്നില്ല എന്നാണ് ബന്ധുക്കൾ പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. 'തങ്ങളോട് പറയാതെ ഭാര്യമാർ എങ്ങോട്ടോ പോയി എന്നാണ് ചൊവ്വാഴ്ച സഹോദരന്മാർ പോലീസിനോട് പറഞ്ഞത്. എന്നാൽ തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.' സമാ പിടിഐ വാർത്താ ഏജൻസിയോട് പറഞ്ഞു.
ചോദ്യം ചെയ്യലിൽ സഹോദരങ്ങൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ, വനത്തിൽ കുഴിച്ചിട്ട മൃതദേഹങ്ങൾ കണ്ടെത്തി പുറത്തെടുക്കുകയും പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും മൃതദേഹങ്ങൾ കടത്താൻ ഉപയോഗിച്ച ആംബുലൻസും പോലീസ് പിടിച്ചെടുത്തു. പ്രതികളുടെ മാതാപിതാക്കളായ സമേശ്വർ സാഹു, തിലേശ്വരി ദേവി എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Two brothers in Jharkhand were arrested for murdering their wives using an axe due to longstanding disputes between the women, which had become unbearable for the brothers. The victims, Mini Priya (28) and Radhika Kumari (20), were killed on a Monday, and their bodies were buried in a forest in a neighboring district, as revealed by the police. Despite the women reportedly resolving their differences two days prior, the brothers confessed to the crime after initially misleading the police, leading to the recovery of the bodies and the arrest of their parents.
Published: 27 Nov 2026, 12:19 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented