തൃശ്ശൂർ: വടൂക്കരയിൽ മദ്യലഹരിയിൽ റെയിൽവേ ഗേറ്റ് കീപ്പർമാരുടെ അഴിഞ്ഞാട്ടം. ഗേറ്റ് പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്തു. ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. നെടുപുഴ ഗേറ്റിലെ ജീവനക്കാരനായ രാജേഷ്, വടൂക്കര ഗേറ്റിലെ ജീവനക്കാരനായ ബിനു എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

To advertise here,

വടൂക്കര റെയിൽവേ ഗേറ്റിനോട് ചേർന്നുള്ള ഷെഡിലിരുന്ന് മദ്യപിച്ച ശേഷമാണ് ഇരുവരും ചേർന്ന് ഗേറ്റ് ഉയർത്തിയും താഴ്ത്തിയും കൊണ്ടിരുന്നത്.

ഗേറ്റ് പലതവണ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നതുകണ്ട് നാട്ടുകാർ ചോദ്യംചെയ്ത് രംഗത്തെത്തി. ഇതോടെ നാട്ടുകാർക്കുനേരെ ജീവനക്കാർ ആയുധവുമായി പാഞ്ഞടുക്കുകയായിരുന്നു. പരിസരത്തെ പുല്ലും കാടും വെട്ടിമാറ്റാൻ റെയിൽവേ ജീവനക്കാർ ഉപയോഗിക്കുന്ന നീളമുള്ള കത്തിയാണ് (വടിവാൾ) ഇവർ ആളുകൾക്കുനേരെ വീശിയത്. 

വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തശേഷം ആർ.പി.എഫിന് കൈമാറി. സംഭവത്തെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണ്.