തിരുവനന്തപുരം: വെമ്പായം കന്യാകുളങ്ങരയിൽ പോലീസുകാരന്റെ വീട്ടിൽനിന്ന് പട്ടാപ്പകൽ സ്വർണവും പണവും കവർന്ന കേസിൽ മൂന്നുപേർ പിടിയിൽ. മോഷ്ടാക്കളായ രണ്ടുപേരെയും സ്വർണം വിൽക്കാൻ സഹായിച്ച ഒരാളെയുമാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

To advertise here,

കോവളത്തെ ലോഡ്ജിൽനിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. രാജാജി നഗർ സ്വദേശി ‘കള്ളൻ കുമാർ’ എന്നറിയപ്പെടുന്ന കുമാർ, ചെങ്കോട്ടുകോണം സ്വദേശി ‘ബ്രൂസ്ലി ബിജു’ എന്നറിയപ്പെടുന്ന ബിജു, സ്വർണം വിൽക്കാൻ സഹായിച്ച നേമം സ്വദേശി ‘ബാറ്ററി നവാസ്’ എന്നറിയപ്പെടുന്ന നവാസ് എന്നിവരാണ് പോലീസ് കസ്റ്റഡിയിൽ ഉള്ളത്. സിസിടിവികളടക്കം കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വട്ടപ്പാറ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ജസ്നാദിന്റെ വീട്ടിൽനിന്ന് 12 പവൻ സ്വർണാഭരണങ്ങളും 2,500 രൂപയും മോഷണം പോയത്. രാവിലെ 8.30-നും വൈകുന്നേരം 3.30-നും ഇടയിലുള്ള സമയത്താണ് മോഷണം നടന്നത്. പതിവുപോലെ രാവിലെ വീട് പൂട്ടിയശേഷം ജസ്നാദും അധ്യാപികയായ ഭാര്യയും ജോലിക്കും മൂന്ന് കുട്ടികൾ സ്കൂളിലും പോയ സമയത്തായിരുന്നു കവർച്ച. വൈകുന്നേരം 3.30-ഓടെ ജസ്നാദിന്റെ ഭാര്യയും കുട്ടികളും തിരികെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ ജസ്നാദിനെയും നാട്ടുകാരെയും വെഞ്ഞാറമൂട് പോലീസിനെയും വിവരമറിയിച്ചു.

പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 പവൻ സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. വീടിനകത്തെ സാധനസാമഗ്രികളെല്ലാം മോഷ്ടാക്കൾ വാരിവലിച്ചിട്ട് അലങ്കോലപ്പെടുത്തിയ നിലയിലായിരുന്നു.