കാസർകോട്: പോക്സോ കേസിൽ പ്രതിയായ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി. വിചാരണയ്ക്ക് ഹാജരാകാത്തതിലാണ് കോടതി നടപടി. ഹോസ്ദുർഗ് ഫാസ്റ്റ്ട്രാക്ക് കോടതിയാണ് ജാമ്യം റദ്ദാക്കിയത്. പോക്‌സോ കേസിലെ ഇരയുടെ ശബ്ദവും മൊഴിയും ഓൺലൈൻ ചാനലിലൂടെ പ്രചരിപ്പിച്ചു എന്നാണ് ഇയാൾക്കെതിരായ കേസ്. വധശ്രമക്കേസിൽ ഖാദർ കരിപ്പൊടിയുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതോടെ ഇയാളുടെ പേരിലുള്ള ജാമ്യമില്ലാ വാറണ്ടുകളുടെ എണ്ണം മൂന്നായി.

To advertise here,

വധശ്രമം ഉൾപ്പെടെയുള്ള കേസിൽ പ്രതിയായ ഇയാൾ കഴിഞ്ഞ രണ്ടു മാസമായി പോലീസിനെ വെട്ടിച്ച് ഒളിവിലാണ്. ഒളിവിലിരിക്കുന്നതിനിടയിലും ഇയാൾ സോഷ്യൽ മീഡിയയിൽ വീഡിയോകൾ പങ്കുവെച്ചിരുന്നു. മഴക്കോട്ടിന്റെ പരസ്യ പ്രചാരണത്തിനായുള്ള ഒരു വീഡിയോയും ഇയാൾ ഒളിവിലിരുന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. മാത്രമല്ല, തന്റെ കേസുകളുമായി ബന്ധപ്പെട്ട് വിശദീകരണം നൽകുന്ന മറ്റൊരു വീഡിയോ ഇയാൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കാസർകോട് വിദ്യാനഗർ പോലീസാണ് ഖാദർ കരിപ്പൊടിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. പോക്സോ കേസിന് പുറമെ, പോലീസിനെ വധിക്കാൻ ശ്രമിച്ച കേസ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ, മതസ്പർധ വളർത്താനുള്ള ശ്രമം തുടങ്ങി പത്തോളം കേസുകളിൽ ഖാദർ കരിപ്പൊടി പ്രതിയാണ്.