തിരുവനന്തപുരം: കരമന കാലടി കൂടത്തിൽ കൊലപാതകക്കേസിലെ പ്രതി രവീന്ദ്രൻ അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. ജയമാധവനെ കൊലപ്പെടുത്തിയത് താൻ അല്ലെന്നാണ് രവീന്ദ്രൻ നായർ പറയുന്നത്. തന്നെ കുടുക്കാനായി പരാതിക്കാരൻ അനിൽ ആയിരിക്കാം കൊലപാതകം നടത്തിയതെന്നാണ് രവീന്ദ്രൻ നായരുടെ ആരോപണം.

To advertise here,

കഴിഞ്ഞ ദിവസമാണ് രവീന്ദ്രൻ നായരെ കസ്റ്റഡിയിൽ വിട്ടത്. വെള്ളിയാഴ്ച നാലുവരെയാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കസ്റ്റഡിയിൽ വിട്ടത്. ചോദ്യംചെയ്യൽ ആണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഒപ്പം തെളിവെടുപ്പ് നടത്തുകയും വേണം.

കസ്റ്റഡിയിൽ വാങ്ങിയതുമുതൽ രവീന്ദ്രൻ നായരെ ചോദ്യംചെയ്തുവരികയാണ്. എന്നാൽ, ഇയാൾ ചോദ്യംചെയ്യലിൽ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. താൻ കൊലപാതകം ചെയ്തിട്ടില്ല എന്ന പഴയ മൊഴിയിൽത്തന്നെ ഇയാൾ ഉറച്ചുനിൽക്കുകയാണ്. 'പോലീസ് ഒരു കഥയുണ്ടാക്കി എന്നെ അതിൽ പെടുത്താനാണ് ശ്രമിക്കുന്നത്. അതിന് നിന്നുതരില്ല' എന്ന നിലപാടാണ് രവീന്ദ്രൻ നായർ ചോദ്യംചെയ്യലിൽ സ്വീകരിക്കുന്നത്.

കേസിന്റെ അന്വേഷണത്തിന് കാരണക്കാരനായ പരാതിക്കാരൻ കാലടി സ്വദേശി അനിലിന് തന്നോട് പണ്ടുമുതലേ വിരോധമുണ്ടെന്നും തന്നെ കുടുക്കാനായി അയാൾ കൊലപാതകം ചെയ്തതാകാം എന്നുമാണ് രവീന്ദ്രൻ നായർ ചോദ്യംചെയ്യലിൽ ആരോപിക്കുന്നത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യംചെയ്യാനാണ് അന്വേഷണ സംഘം ഉദ്ദേശിച്ചത്. എന്നാൽ, കുറ്റകൃത്യങ്ങളുടെ എല്ലാ സാങ്കേതികത്വങ്ങളും സങ്കീർണതകളും പഠിച്ചാണ് രവീന്ദ്രൻ നായർ നീങ്ങുന്നത്. കോടതി ജീനക്കാരൻ ആയിരുന്നതുകൊണ്ടുതന്നെ ചോദ്യംചെയ്യലിന് എത്തിയിരുന്നതടക്കം ഇയാൾ കൃത്യമായി പഠിച്ചശേഷമായിരുന്നുവെന്ന് അന്വേഷണസംഘം പറയുന്നു.

ഇത്രയുംകാലം വഴുതിനിന്ന പ്രതിയെ എല്ലാവിധത്തിലും പൂട്ടാനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. ചോദ്യംചെയ്യലിന് സഹകരിക്കാതായതോടെ ഇന്ന് തെളിവെടുപ്പ് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കൂടുതൽ തെളിവുകൾ കണ്ടെടുത്തശേഷം പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കോഴിക്കോട് കൂടത്തായി കൊലപാതകപരമ്പരയുടെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. കഴിഞ്ഞ 15 വർഷത്തിനിടെ ഈ കുടുംബത്തിലെ ഏഴുപേരാണ് ദുരൂഹസാഹചര്യങ്ങളിൽ മരിച്ചത്. ഏറ്റവും ഒടുവിൽ 2017-ൽ നടന്ന ജയമാധവൻ നായരുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ഇത് പ്രതി രവീന്ദ്രൻ നായരുടെ അറസ്റ്റിലേക്ക് നയിക്കുകയുമായിരുന്നു.