പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിയ ഗോയലിൽ നിന്നും നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്ത് പുണെ പോലീസ്. സിയയുടെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തുകളഞ്ഞ രഹസ്യ സന്ദേശങ്ങൾ പോലീസ് കണ്ടെടുത്തതോടെ അന്വേഷണം പുതിയ ഘത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു സുഹൃത്തിന് അയച്ച സന്ദേശത്തിൽ, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത വിവാഹം എന്ന് സിയ പരാമർശിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇരുവരും തമ്മിലുള്ള സംഭാഷണം കൂടുതൽ ആഴത്തിൽ പരിശോധിച്ച് വരികയാണെന്ന് പോലീസ് പറയുന്നു.

To advertise here,

അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച്, വിവാഹത്തിന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി സിയ തന്റെ സുഹൃത്തിനോട് ആധാർ കാർഡിന്റെ ഇരുവശങ്ങളുടേയും പകർപ്പുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതായി ഒരു ചാറ്റിൽ കാണാം. എന്നാൽ, അതിൽ വിവാഹത്തെക്കുറിച്ച് സിയ പറയുന്ന കാര്യമാണ് അന്വേഷണ സംഘത്തിന് പുതിയ പിടിവള്ളിയായിരിക്കുന്നത്. 'നിന്റെ ആധാർ കാർഡിന്റെ മുൻഭാഗത്തെയും പിൻഭാഗത്തെയും ഫോട്ടോകൾ അയച്ചുതരൂ. ഒരിക്കലും നടക്കാൻ പോകാത്ത ഒരു കല്യാണത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാനാണ്, എങ്കിലും അത് അയച്ചേക്കൂ.' എന്നാണ് സിയ കൂട്ടുകാരിക്ക് അയച്ചിരിക്കുന്ന സന്ദേശം.

ഇതിന്, രേഖകൾ വാട്‌സാപ്പ് വഴി നേരത്തെ തന്നെ അയച്ചിട്ടുണ്ടെന്ന് സുഹൃത്ത് മറുപടി നൽകിയിട്ടുണ്ട്. അന്വേഷണത്തിനിടെ പിടിച്ചെടുത്ത ഫോണുകളിൽ നിന്ന് അടുത്തിടെ വീണ്ടെടുത്ത ഡിലീറ്റ് ചെയ്ത വിവരങ്ങളുടെ ഭാഗമാണിത്. സിയയും കേതനും തമ്മിലുള്ള വിവാഹം നടക്കില്ല എന്ന് ഈ സുഹൃത്തിന് അറിയാമായിരുന്നു എന്നാണ് അവരുടെ സംഭാഷണത്തിൽ നിന്നും മനസിലാകുന്നത്. അതുകൊണ്ടുതന്നെ കൊലപാതകത്തിന് മുമ്പോ ശേഷമോ പ്രതികൾ നടത്തിയ ആസൂത്രണങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചനകൾ ഈ ചാറ്റുകളിൽ നിന്ന് ലഭിക്കുമോ എന്നാണ് പോലീസ് വിശകലനം ചെയ്യുന്നത്.

ഗൂഢാലോചനയിൽ മൂന്നാമതൊരാൾക്ക് പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ആശയവിനിമയത്തിന് സിയയും ചേതനും കോഡ് വാക്കുകളാണ് ഉപയോഗിച്ചിരുന്നത് എന്നതാണ് പോലീസിന്റെ ഈ സംശയം ബലപ്പെടുത്തുന്നത്. പ്രത്യേകം വിളിപ്പേരുകളും ഇമോജികളും ഉപയോഗിച്ചുള്ള സന്ദേശങ്ങൾ പോലീസ് വീണ്ടെടുത്തിട്ടുണ്ട്. ഗൂഢാലോചനയിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് കണ്ടെത്താൻ കോഡ് ഭാഷയിലുള്ള സംഭാഷണങ്ങൾ പരിശോധിക്കുന്നുണ്ടെന്ന് പുണെ പോലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

സാഹചര്യത്തെളിവുകളിൽ മാത്രമൂന്നിയാണ് നിലവിൽ കേസന്വേഷണം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ പ്രതികൾ തമ്മിലുള്ള ചാറ്റടക്കമുള്ള ഡിജിറ്റൽ തെളിവുകൾ കണ്ടെത്തേണ്ടതും സംശയത്തിന്റെ കണ്ണികളെല്ലാം കോർത്തിണക്കേണ്ടതും പോലീസിന് മുന്നിലുള്ള വലിയ കടമ്പയാണ്. ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി സിയയെയും ചേതനെയും നുണപരിശോധനയ്ക്ക് (Polygraph test) വിധേയരാക്കാൻ പോലീസ് നേരത്തെ കോടതിയോട് അനുമതി തേടിയിരുന്നു. എന്നാൽ ഇരുവരും നുണപരിശോധനയ്ക്ക് വിധേയരാകാൻ വിസമ്മതിക്കുകയാണ് ഉണ്ടായത്.

കൊലപാതക പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ സിയയും ചേതനും പങ്കുവെച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ബീഡ് ജില്ലയിൽ നിന്നുള്ള ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്. എന്നാൽ അത്തരമൊരു നീക്കത്തിൽ നിന്ന് താൻ അവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണ് ചെയ്തത് എന്നാണ് യുവാവ് പോലീസിന് നൽകിയിരിക്കുന്ന മൊഴി.

അതേസമയം, സിയ ഗോയൽ ഒളിപ്പിച്ചു വെച്ചിരുന്ന രണ്ടാമത്തെ ഫോൺ കൂടി അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കണ്ടെടുത്തു. ഈ ഫോണിലെ ഡിജിറ്റൽ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. സിയ ഗോയലിന്റെ പെരുമാറ്റവും ഫോൺ രേഖകളും കേസിൽ കൂടുതൽ തെളിവുകൾ പുറത്തുകൊണ്ടുവരാൻ സഹായിക്കുമെന്ന് പോലീസ് കരുതുന്നു. നിലവിൽ ഈ രണ്ട് പ്രതികളും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ഉള്ളത്.