ആലപ്പുഴ: കൃഷ്ണപുരത്ത് ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ഡ്രൈവർക്ക് ബൈക്ക് യാത്രക്കാരുടെ ക്രൂരമർദനം. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം പോത്തൻകോട് സ്വദേശിയായ ഡ്രൈവർ പ്രവീണിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് പളനിയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ്സിന് സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.

To advertise here,

രണ്ട് ബൈക്കുകളിലായെത്തിയ ആറോളം യുവാക്കൾ ബസ്സിനുമുന്നിൽ സൈഡ് നൽകാതെയും അപകടകരമായി അഭ്യാസംകാണിച്ചും യാത്ര തടസ്സപ്പെടുത്തുകയായിരുന്നു. തുടർന്ന് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും വാഹനം നിർത്തിയപ്പോൾ ബൈക്ക് യാത്രക്കാരായ യുവാക്കൾ ഡ്രൈവറെ അസഭ്യംപറഞ്ഞ് ക്രൂരമായി മർദിക്കുകയുമായിരുന്നു.

രാത്രി സമയമായതിനാലും അക്രമികളെ ഭയന്നും യാത്രക്കാരോ നാട്ടുകാരോ വിഷയത്തിൽ ഇടപെട്ടില്ല. തുടർന്ന് ബസ്സിലുണ്ടായിരുന്ന സഹഡ്രൈവർമാർ ചേർന്ന് പരിക്കേറ്റ പ്രവീണിനെ അതേ ബസ്സിൽത്തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. സംഭവത്തിൽ കായംകുളം പോലീസ് ആശുപത്രിയിലെത്തി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.