പുണെ: മഹാരാഷ്ട്രയിലെ യുവവ്യവസായിയായ കേദൻ അഗർവാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തെളിവുശേഖരണത്തിൽ അതീവ ശ്രദ്ധ പുലർത്തി അന്വേഷണ സംഘം. മേഘാലയ ഹണിമൂൺ വധക്കേസിലെ പ്രതി സോനം രഘുവംശിക്ക് ജാമ്യം ലഭിക്കാൻ സഹായിച്ച തരത്തിലുള്ള നടപടിക്രമങ്ങളിലെ വീഴ്ചകൾ ഒഴിവാക്കുക എന്നതിലാണ് പുണെ റൂറൽ പോലീസ് നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നാണ് വിവരം.

To advertise here,

ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ ലഭ്യമല്ലാത്തതിനാൽ, പ്രതിയായ സിയ ഗോയലിനെതിരെ ഡിജിറ്റൽ, ഫോറൻസിക് തെളിവുകൾ ശേഖരിക്കാനാണ് പോലീസ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മഹാരാഷ്ട്ര പോലീസ് വൃത്തങ്ങങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ലോഹഗഡ് കോട്ടയിൽനിന്ന് വീണ് കൊല്ലപ്പെട്ട കേദന്റെ കേസിൽ 'പഴുതടച്ച' കുറ്റപത്രം തയ്യാറാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥർ കേദന്റെ പ്രതിശ്രുത വധുവും മുഖ്യപ്രതിയുമായ സിയ ഗോയലിനെ പോളിഗ്രാഫ് പരിശോധനയ്ക്ക് (നുണപരിശോധന) വിധേയയാക്കാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. കേവലം സാഹചര്യത്തെളിവുകൾ മാത്രം നിലനിൽക്കുന്ന ഈ കേസിൽ, ഓരോ കണ്ണിയും കൃത്യമായി ബന്ധിപ്പിക്കാൻ അന്വേഷണസംഘം അതീവ ജാഗ്രത പുലർത്തുന്നുണ്ട്. നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിയിക്കാനാവശ്യമായ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.

ഇന്ത്യൻ നിയമപ്രകാരം പോളിഗ്രാഫ് പരിശോധനാ ഫലങ്ങൾ കോടതിയിൽ നേരിട്ടുള്ള തെളിവായി സ്വീകാരിക്കാറില്ല. എന്നാൽ ഈ പരിശോധനയിലൂടെ ഡിജിറ്റൽ അല്ലെങ്കിൽ ഫോറൻസിക് തെളിവുകളിലൂടെ പിന്നീട് സ്വതന്ത്രമായി പരിശോധിക്കാൻ കഴിയുന്ന സുപ്രധാന സൂചനകൾ ലഭിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഉദാഹരണത്തിന്, ലോഹഗഡ് കോട്ടയിലെ കൊക്കയുടെ ആഴത്തെക്കുറിച്ച് താൻ ഇന്റർനെറ്റിൽ തിരഞ്ഞതായി സിയ അറിയാതെ വെളിപ്പെടുത്തിയാൽ, ആ ഡിജിറ്റൽ തെളിവുകൾ (ബ്രൗസർ ഹിസ്റ്ററി, ലൊക്കേഷൻ ഡാറ്റ തുടങ്ങിയവ) നിയമപരമായ നടപടിക്രമങ്ങളിലൂടെ വീണ്ടെടുക്കാൻ പോലീസിന് കഴിയും.

കേദന്റെ കൊലപാതകത്തിന് സമാനമായ രാജ രഘുവംശി കൊലപാതക കേസിൽ അറസ്റ്റ് നടപടിക്രമങ്ങളിലുണ്ടായ സാങ്കേതിക പിഴവുകൾ കാരണമാണ് പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സിയയുടെ കാര്യത്തിൽ അത്തരം തെറ്റുകൾ സംഭവിക്കാതിരിക്കാൻ പോലീസ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. നേരിട്ടുള്ള തെളിവുകളില്ലാത്ത സാഹചര്യത്തെളിവുകളെ മാത്രം അടിസ്ഥാനമാക്കിയാണ് നിലവിൽ കേസന്വേഷണം മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ, അന്വേഷണത്തിൽ കാര്യമായ വെല്ലുവിളികൾ നേരിടുന്നതായി ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നുണ്ട്.

കേദനെ മലമുകളിൽ നിന്ന് തള്ളിയിടുന്നത് കണ്ട സാക്ഷികളില്ല. കൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളുമില്ല. ലഭ്യമായ സിസിടിവി ദൃശ്യങ്ങളിൽ സിയയുടെ കാമുകനും കൂട്ടുപ്രതിയുമായ ചേതൻ ചൗധരി ഒരു ഹൂഡി ധരിച്ച് ആ സ്ഥലത്തിന് സമീപം നിൽക്കുന്നത് മാത്രമാണുള്ളത്. ഇതൊന്നും അവിടെ നടന്നത് ഒരു കൊലപാതകമാണെന്ന് തെളിയിക്കാൻ പര്യാപ്തമായ തെളിവുകളല്ലെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു.

ഒരു ഡമ്മി ഉപയോഗിച്ച് പോലീസ് കുറ്റകൃത്യം പുനരാവിഷ്‌കരിച്ചിരുന്നു. എന്നാൽ അത് ഫലപ്രദമായില്ലെന്ന് ഉദ്യോഗസ്ഥർ സ്വകാര്യമായി സമ്മതിക്കുന്നു. 'ഒരു ഡമ്മി വീഴുന്ന രീതി അതിന്റെ ഭാരം, കോൺ, വേഗത എന്നിവയെ ആശ്രയിച്ചിരിക്കും. ഇരയെ മനപൂർവ്വം തള്ളിയിട്ടതാണോ അതോ അബദ്ധത്തിൽ വീണതാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഈ പരീക്ഷണം കൊണ്ട് മാത്രം കഴിയില്ല.' ഒരു പോലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

ഈ പരിമിതികൾ കാരണം, കേസ് പൂർണമായും സാഹചര്യത്തെളിവുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിവരിക്കുന്നു. അതുകൊണ്ടുതന്നെ സംശയത്തിന് ഇടയില്ലാത്ത വിധം കുറ്റം തെളിയിക്കാൻ ഓരോ തെളിവുകളും കൃത്യമായി കോർത്തിണക്കേണ്ടതുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, കേദനെ വിവാഹം കഴിക്കാൻ താൽപര്യമില്ലാത്തതിനാൽ സിയയും ചേതനും ചേർന്ന് അയാളെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തി എന്നതാണ് പ്രോസിക്യൂഷന്റെ പ്രധാന വാദം. അതുകൊണ്ടുതന്നെ, കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പ് ഈ ഗൂഢാലോചനയെ ശക്തിപ്പെടുത്തുന്ന ഡിജിറ്റൽ, ഫോറൻസിക്, സാഹചര്യത്തെളിവുകൾ ശേഖരിക്കുന്നതിലാണ് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ആസൂത്രണമോ മുൻകൂട്ടി നിശ്ചയിച്ച പ്രവൃത്തിയോ സ്ഥാപിക്കാൻ കഴിയുന്ന ഡിജിറ്റൽ സെർച്ച് ഹിസ്റ്ററി, മൊബൈൽ ഫോൺ ഡാറ്റ, മറ്റ് ഇലക്ട്രോണിക് തെളിവുകൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. സ്വതന്ത്രമായി പരിശോധിക്കാവുന്ന ഇത്തരം ഡിജിറ്റൽ തെളിവുകൾ ഉറപ്പാക്കുന്നതിനാണ് ഇപ്പോൾ അന്വേഷണ സംഘം മുൻഗണന നൽകുന്നത്. സാഹചര്യങ്ങളുടെ മുറിയാത്ത ഒരു ശൃംഖല സ്ഥാപിക്കാനാണ് പോലീസ് ശ്രമിക്കുന്നത്, ദുർബലമായ ഒരു കണ്ണി പോലും കേസിനെ തകർത്തേക്കാം എന്നും പോലീസ് വൃത്തങ്ങൾ സമ്മതിക്കുന്നു.

അതുകൊണ്ടുതന്നെയാണ് രാജ രഘുവംശി കേസിനെ പോലീസ് തങ്ങളുടെ അന്വേഷണത്തിൽ ഒരു ഉദാഹരണമായി എടുക്കുന്നത്. ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന സോനം രഘുവംശിയുടെ കേസ്, ഭാരതീയ ന്യായ സംഹിത (BNS) പ്രകാരമുള്ള നടപടിക്രമങ്ങൾ കർശനമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്നു എന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. സോനത്തിന്റെ കേസിൽ, നടപടിക്രമങ്ങളിലെ പിഴവുകൾ കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടതിനെ തുടർന്നാണ് പ്രോസിക്യൂഷന് തിരിച്ചടിയുണ്ടായത്.

ജാമ്യം അനുവദിച്ച ഉത്തരവ് പ്രകാരം, പ്രതിയെ കസ്റ്റഡിയിലെടുത്ത സമയത്ത് അറസ്റ്റ് ചെയ്യാനുള്ള കൃത്യമായ കാരണങ്ങൾ അറിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. മാത്രമല്ല, കൊലപാതകത്തിന് അന്വേഷണം നേരിടുമ്പോൾ നൽകേണ്ട വകുപ്പ് 103(1)ന് പകരം, സ്വത്ത് അപഹരണവുമായി ബന്ധപ്പെട്ട വകുപ്പ് 403(1) ആണ് അറസ്റ്റ് മെമ്മോയിലും അനുബന്ധ രേഖകളിലും രേഖപ്പെടുത്തിയിരുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള പ്രതിയുടെ ഭരണഘടനാപരമായ അവകാശത്തെ ഇത്തരം വീഴ്ചകൾ തടസ്സപ്പെടുത്തിയെന്ന് നിരീക്ഷിച്ച കോടതി സോനത്തിന് ജാമ്യം അനുവദിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയും ഈ തീരുമാനം ശരിവെച്ചു.

ശക്തമായ പൊതുജനവികാരത്തിനോ മാധ്യമശ്രദ്ധയ്‌ക്കോ കോടതിയിലെ നടപടിക്രമങ്ങളിലെ പിഴവുകൾ പരിഹരിക്കാനാവില്ലെന്ന ഓർമപ്പെടുത്തലാണ് ഈ കേസ് എന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. 'തെളിവുകളുടെയും നിയമസാധുതയുടെയും അടിസ്ഥാനത്തിലാണ് കോടതികൾ കേസുകൾ തീരുമാനിക്കുന്നത്. ഒരു ചെറിയ ക്ലറിക്കൽ പിശകോ നിർദ്ദിഷ്ട നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നതിലെ പരാജയമോ പ്രതിഭാഗത്തിന് വലിയ നേട്ടമായി മാറും.' മഹാരാഷ്ട്ര പോലീസിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.