
കൊച്ചി: വൈറ്റിലയിൽ റെയിൽവേ ട്രാക്കിൽ യുവതി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ തെളിവെടുപ്പ് നടന്നു. അതിക്രൂരമായ മർദനത്തിനൊടുവിലാണ് യുവതി കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. കൊല്ലപ്പെട്ട സുധയും സുഹൃത്ത് ഷാജിയും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് കൊലപാതകം നടന്നത്. തന്റെ കുടുംബം തകർക്കുമെന്ന് സുധ ഭീഷണിപ്പെടുത്തിയതായും പ്രതി മൊഴിനൽകി.
ഷാജിയും സുധയും ഏറെനാൾ സൗഹൃദത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുവെച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയുണ്ടായ അടിപിടിയിൽ ഷാജി സുധയെ ശ്വാസംമുട്ടിച്ചുകൊന്നശേഷം ട്രാക്കിൽ തള്ളുകയായിരുന്നുവെന്നാണ് കേസ്. ഷാജി യുവതിയുടെ മുഖത്തും കണ്ണിലും പലതവണ മുഷ്ടി ചുരുട്ടി ഇടിച്ചു. ഇതിനിടെ കരിങ്കല്ലിലേക്ക് തെറിച്ചു വീണാണ് യുവതിയുടെ തലയ്ക്ക് പരിക്കേറ്റത്. ബന്ധം പുറത്തുപറഞ്ഞ് തന്റെ കുടുംബം തകർക്കുമെന്ന സുധയുടെ ഭീഷണിയടക്കം പ്രകോപന കാരണമായെന്നാണ് പ്രതിയുടെ മൊഴി.
സംഭവസ്ഥലത്തേക്ക് ഇരുവരും കാറിലാണ് എത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങി റെയിൽവേപാലത്തിനടുത്തേക്ക് നടന്നു. തുടർന്ന് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഇതിനിടെ ഷാജിയുടെ ഫോൺ സുധ എടുത്തെറിഞ്ഞു. ഇതിൽ പ്രകോപിതനായ ഷാജി സുധയുടെ മുഖത്തും കണ്ണിലും മുഷ്ടി ചുരുട്ടി ആഞ്ഞാഞ്ഞിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സുധ തെറിച്ചു വീണത് തൊട്ടടുത്തുള്ള കരിങ്കല്ലിലേക്കായിരുന്നു. കരിങ്കല്ലിൽ തലയിടിച്ച് ചോരവാർന്നു തുടങ്ങിയതോടെ സുധ കരയാൻ തുടങ്ങി. ഈ സമയത്ത് മറ്റുള്ളവർ കേൾക്കാതിരിക്കാൻ ഷാജി സുധയുടെ മുഖത്ത് അമർത്തിപ്പിടിക്കുകയായിരുന്നു. ഇതിനുശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാനാണ് സുധയുടെ ശരീരം റെയിൽവേ പാളത്തിൽ കൊണ്ടുപോയി ഇട്ടത്. എന്നാൽ, ട്രയിൻ പോകുന്ന പാളമായിരുന്നില്ല ഇത്.
ഇതിനിടെ സുധയുടെ സഹോദരി ഷാജിയെ വിളിക്കുന്നുണ്ടായിരുന്നു. സുധ ആത്മഹത്യചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് പോയി എന്ന് ഷാജി സഹോദരിയോട് പറഞ്ഞു.
മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. യുവതിയും ഷാജിയും ഒന്നിച്ച് നടന്നു പോകുന്നത് ഈ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു. പിന്നീട് ഷാജി ഒറ്റയ്ക്ക് നടന്നുവരുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയുളുടെ ശരീരത്തിലുള്ള രക്തക്കറയും ദൃശ്യത്തിൽ വ്യക്തമായിരുന്നു.
ചൊവ്വാഴ്ച വെളുപ്പിന് മൂന്നുമണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഇതുവഴി കടന്നുപോയ അമൃത എക്സ്‌പ്രസിലെ ലോക്കോ പൈലറ്റാണ് വൈറ്റില റെയിൽവേ മേൽപ്പാലത്തിനുസമീപം ട്രെയിൻ ഓടാത്ത പാളത്തിൽ മൃതദേഹം കണ്ടത്. ഉടൻ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ മരട് പോലീസ് നടത്തിയ പരിശോധനയിലാണ് മരണം സംഭവിച്ചത് ട്രെയിൻ തട്ടിയല്ലെന്ന് വ്യക്തമായത്.പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും സമീപം രക്തക്കറ കണ്ടെത്തിയതും മൃതദേഹത്തിന് സമീപത്തുനിന്ന് മൊബൈൽ ഫോൺ ലഭിച്ചതും നിർണായകമായി. ഇവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകൾക്കുള്ളിൽ യുവതിയെ തിരിച്ചറിഞ്ഞ് പ്രതിയിലേക്ക് പോലീസ് എത്തിയത്.
Content Highlights: Young woman brutally murdered in Vyttila, Kerala. Police investigation reveals a violent argument led to her death and body placed on a disused track to fake suicide.
Published: 25 Feb 2026, 11:16 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented