കൊച്ചി: പരിശോധനകൾ കർശനമാക്കുമ്പോഴും സംസ്ഥാനത്ത് ലഹരി ഇടപാടുകളിൽ വർധന. 2016 മുതൽ 2022 വരെയുള്ള കണക്കുകളിൽ ലഹരിക്കേസുകളിൽ 360 ശതമാനം വർധനയാണ് കേരളത്തിൽ ഉണ്ടായത്. 2021-ൽ 25,000-ത്തോളം പേരാണ് ലഹരിക്കേസിൽ അറസ്റ്റിലായതെങ്കിൽ 2022-ൽ അത് 27,545 ആയി. 2022-ൽ രാജ്യത്തെ മൊത്തം എൻ.ഡി.പി.എസ്. അറസ്റ്റുകളുടെ 29.4 ശതമാനവും കേരളത്തിലായിരുന്നു. 2023-ൽ അറസ്റ്റിലായവരുടെ എണ്ണം 30,000 കടക്കുകയും ചെയ്തിട്ടുണ്ട്.
അതിർത്തി കടന്നുള്ള ലഹരിക്കടത്ത് കൂടിയതോടെയാണ് കേരളം ലഹരിമാഫിയയുടെ പിടിയിലമർന്നത്. കോളേജ് വിദ്യാർഥികൾ, യുവതീ യുവാക്കൾ, സിനിമ, ഐ.ടി. മേഖലകളിലുള്ളവർ തുടങ്ങിയവരെ കേന്ദ്രീകരിച്ചാണ് ലഹരിമാഫിയയുടെ പ്രവർത്തനം. വിദേശത്തുനിന്ന് അതിർത്തി കടത്തിയാണ് നേരത്തേ രാസലഹരി രാജ്യത്തേക്ക് എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗോവ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽ ലഹരിനിർമാണ കേന്ദ്രങ്ങൾ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തുതന്നെ ആദ്യമായി ഹൈദരാബാദിൽ രാസലഹരി നിർമാണ കേന്ദ്രം കണ്ടെത്തി ഉടമയെ അറസ്റ്റ് ചെയ്തത് കേരളത്തിൽ നിന്നുള്ള പോലീസ് സംഘമായിരുന്നു. തൃശ്ശൂരിൽ എം.ഡി.എം.എ. പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ മയക്കുമരുന്ന് നിർമാണ കേന്ദ്രം കഴിഞ്ഞ മാസം പോലീസ് കണ്ടെത്തിയത്.
ലഹരിക്കേസുകൾ സംസ്ഥാനമൊട്ടുക്ക് കൂടുമ്പോൾ അതിൽ മുന്നിൽ കൊച്ചിയാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം കൊച്ചിയിൽ 137 കേസുകളിലായി 153 പേരാണ് അറസ്റ്റിലായത്.
2023-ൽ കേരളത്തിൽനിന്ന് പിടികൂടിയ ലഹരി വസ്തുക്കൾ
- ആംഫെറ്റമിൻ-2526.86 കിലോഗ്രാം
- കഞ്ചാവ്-2807 കിലോ
- ഹഷീഷ്-6.26 കിലോ
- എൽ.എസ്.ഡി. സ്റ്റാമ്പ്-680 എണ്ണം
- എം.ഡി.എം.എ.-13.79 കിലോ
കേസുകളിൽ മുൻപിൽ കേരളം
2023-ൽ അന്വേഷണ ഏജൻസികൾ ചേർന്ന് 94,472 നർക്കോട്ടിക് കേസുകളാണ് എടുത്തത്. അതിൽ 28,426 കേസുകൾ കേരളത്തിലാണ്. പോയ വർഷം 1,13,839 പേർ രാജ്യമെമ്പാടും പിടിയിലായപ്പോൾ അതിൽ 30,735 പേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു.
നിയമം കർശനം
രാസലഹരി വസ്തുക്കൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെ എത്തിച്ചേരുന്നത് തടയുന്നതിന് അന്വേഷണ രീതിയിലും കേസുകൾ എടുക്കുന്ന രീതിയിലും സർക്കാർ മാറ്റം വരുത്തിയിരുന്നു. എൻ.ഡി.പി.എസ്. നിയമത്തിലെ 31, 31 എ വിഭാഗത്തിലുള്ളവർക്ക് ഉയർന്ന ശിക്ഷ ഉറപ്പു വരുത്താൻ മുൻകാല കുറ്റകൃത്യങ്ങൾ കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുകയും കാപ്പ മാതൃകയിൽ ലഹരിക്കടത്ത് കുറ്റം ചെയ്യുന്നവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ആവർത്തിച്ച് കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്കെതിരേ കരുതൽ തടങ്കലിലാക്കാനും പിറ്റ് നിയമമുപയോഗിച്ച് കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് യോദ്ധാവ്, ചിരി (കേരള പോലീസ്), വിമുക്തി, നേർവഴി (എക്സൈസ്), ദിശ (ആരോഗ്യവകുപ്പ്), ചൈൽഡ് ലൈൻ എന്നിവിടങ്ങൾ വഴി പരാതി നൽകാനുള്ള സംവിധാനവുമുണ്ട്.
Content Highlights: Kerala witnesses a drastic rise in drug trafficking, with a 360% increase in cases since 2016
Published: 09 Oct 2024, 06:24 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented