കാഞ്ഞങ്ങാട്: അച്ഛൻപറഞ്ഞ പട്ടാളക്കഥയ്ക്കപ്പുറത്തൊരു സാഹസികത നീതുവിനെ സംബന്ധിച്ച് തീർത്തും അന്യമായിരുന്നു. അധ്യാപികയാകാനുള്ള മോഹത്തിൽനിന്ന് പോലീസ് ജീവിതത്തിലേക്കെത്തിയപ്പോൾ ആദ്യം നേരിട്ടത് അത്തരമൊരു സാഹസികത. മയക്കുമരുന്ന് കേസിലെ പ്രതികളെ പിടിക്കാൻ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച സ്‌ക്വാഡിനെ നയിക്കാൻ നിയോഗിക്കപ്പെട്ടത് ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷനിലെ ജൂനിയർ എസ്.ഐ. നീതു തച്ചഞ്ചേരി.
പ്രൊബേഷൻ പിരീഡ് കഴിഞ്ഞ് അധികമായില്ല. പ്രതികളെ പിടിക്കാൻ ഉത്തരേന്ത്യയിലേക്കാണ് പോകേണ്ടത്. പോലീസുകാരായ സനീഷ്‌കുമാർ, കെ.ടി.അനിൽ, ജ്യോതിഷ്, ജയേഷ് എന്നിവർക്കൊപ്പം ജീപ്പിൽ രാജസ്ഥാനിലേക്ക്. നൈജീരിയക്കാരൻ നൽകുന്ന എം.ഡി.എം.എ. കേരളത്തിലെത്തിക്കുന്ന സംഘത്തിലെ പ്രധാനികളായ വിഷ്ണുവിനെയും റൂബിയ എന്ന റിയയേയും തേടിയുള്ള യാത്രയാണ്. ചന്തേരയിൽ 139 ഗ്രാം എം.ഡി.എം.എ.യുമായി അഞ്ചംഗസംഘം ഇവിടെ പിടിയിലായിട്ടുണ്ട്. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫോൺ ലൊക്കേഷന്റെ സഹായത്തോടെയുള്ള നീതുവിന്റെയും സംഘത്തിന്റെയും യാത്ര.
ആദ്യം തീവണ്ടിയിൽ പോകാമെന്നായിരുന്നു കരുതിയത്. പക്ഷെ, ഇടയ്ക്കിടെ ലൊക്കേഷൻ മാറുന്നുവെന്ന് കണ്ട് യാത്ര ജീപ്പിലാക്കുകയായിരുന്നു. രാജസ്ഥാനിലെ ധോൽപ്പൂരിലാണ് ആദ്യമെത്തിയത്. അപ്പോഴേക്കും പ്രതികളുടെ ഫോൺ ലൊക്കേഷൻ കാണിക്കുന്നത് മധ്യപ്രദേശിലെ മഹാരാജപുരത്തായി. അവിടെയെത്തി ലോക്കൽ പോലീസിന്റെ സഹായത്തോടെ പ്രതികൾ താമസിക്കുന്നുണ്ടെന്ന സൂചന ലഭിച്ച ഇടത്തെത്തി.
'അതൊരു കോളനിയായിരുന്നു. നിറയെ ആളുകളുള്ള, ഒരുപോലെ വീടുകളുള്ള എത്ര പറഞ്ഞാലും മനസിലാകാത്തവർ തിങ്ങിപ്പാർക്കുന്ന കോളനി. പ്രതികളെ അന്വേഷിക്കാൻ പറ്റില്ലെന്ന് ഒരു സംഘം പറഞ്ഞു. മുന്നോട്ടുള്ള യാത്രയിൽ അവർ തടസ്സംനിന്നു. തോക്കും മറ്റ് ആയുധങ്ങളുമുണ്ടായിരുന്നു അവരുടെ പക്കൽ. രണ്ടും കൽപ്പിച്ച്, പ്രതിരോധം തീർത്തവരെ വകവയ്ക്കാതെ കോളനിക്കുള്ളിലേക്കു കയറി', വാക്കുകളിൽ നീതുവിന്റെ മുഖത്ത് തെളിയുന്നു, പോലീസ് ധൈര്യത്തിന്റെ ദൃഡത.
ഒടുവിൽ വിഷ്ണുവും റൂബിയയും പാർത്ത വീട് കണ്ടെത്തി. അത് വിഷ്ണുവിന്റെ സഹോദരീഭർത്താവിന്റെ വീടായിരുന്നു. അയാളെ പിടിച്ച് ചോദ്യംചെയ്തപ്പോൾ, റൂബിയയെ കിട്ടി. വിഷ്ണു രക്ഷപ്പെട്ടെന്ന വിവരവും. പ്രദേശത്തെ കോടതിയിൽ റൂബിയയെ ഹാജരാക്കി, കാഞ്ഞങ്ങാട്ടെക്കു കൊണ്ടുവരുവാനുള്ള ഉത്തരവ് വാങ്ങി.
അതിനിടെ, വിഷണു 500 കിലോമീറ്റർ അകലേക്കെത്തിയിരുന്നു. ഒരാളെ പിടിച്ചല്ലോ, മടങ്ങാം എന്നു കരുതിയില്ല. വിഷ്ണുവിന് പിന്നാലെയുള്ള ഓട്ടമായിരുന്നു പിന്നീട്. ഇൻഡോറിൽ ബെത്മ എന്ന സ്ഥലത്തുവെച്ച് അവനെയും പിടിച്ച് അതിർത്തികൾക്കിപ്പുറത്തേക്ക് ഓടിയെത്തി. ഒന്നിലേറെ രാവും പകലും നിർത്താതെയുള്ള ഓട്ടം. ആദ്യം കിട്ടിയത് വലിയ അഭിനന്ദനം. ജില്ലാ പോലീസ് മേധാവിയിൽനിന്ന്.
മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയാണ് നീതു. എസ്.ഐ. പരിശീലനം കഴിഞ്ഞ് പ്രൊബേഷൻ പീരിഡിൽ ആദ്യനിയമനം ഹൊസ്ദുർഗിലായിരുന്നു. വന്നതിന്റെ പിറ്റേന്നാൾ മേലുദ്യോഗസ്ഥന്റെ കൂടെ ആദ്യമായി അന്വേഷിച്ചത് 16 വയസുകാരിയെ പീഡിപ്പിച്ച കേസ്. പ്രതിയെ തൂക്കിയെടുത്ത് ജയിലിലടച്ച ആദ്യ അനുഭവത്തിന് പിന്നാലെ ഗാർഹീക പീഡനക്കേസ്.
അപകടം, കാണാതാകൽ തുടങ്ങി വിവിധങ്ങളായ കേസുകളും അന്വേഷിച്ചു. മലപ്പുറം ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ്ടുവരെ പഠിച്ചു. മലപ്പുറം ഗവ.കോളേജിൽനിന്ന് ബികോമും എം.കോമും പിന്നീട് നെറ്റും പാസായി. പട്ടാളത്തിൽ ഹവിൽദാർ ആയിരുന്ന പരേതനായ ടി. രാമചന്ദ്രന്റെയും പി. സുനിതയുടെയും മകളാണ്. നിധിൻ, നന്ദിത എന്നിവർ സഹോദരങ്ങൾ.
Content Highlights: Hosdurg Junior SI Neethu successfully led an interstate police team to arrest MDMA peddlers., Tracked suspects through Rajasthan to a high-risk colony in Madhya Pradesh amidst armed resistance., Apprehended key accused Vishnu and Rubiya after a relentless multi-day chase., Neethu transitioned from an academic background in commerce to a fearless police officer.
Published: 12 Sept 2026, 12:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented