കോഴിക്കോട്: സംസ്ഥാനത്ത് ലോണ്‍ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ചെയ്തത് 33 കേസുകള്‍. ലോണ്‍ ആപ്പില്‍ കുരുങ്ങി എറണാകുളത്ത് രണ്ടു കുട്ടികളുള്‍പ്പെടെയുള്ള കുടുംബത്തിന്റെ കൂട്ട ആത്മഹത്യയും കോഴിക്കോട്ട് യുവതിയുടെ ആത്മഹത്യാശ്രമവുമുണ്ടായി. ആലപ്പുഴയില്‍ വീട് നിര്‍മാണത്തിനായി സ്വരുകൂട്ടിയ 64,000 രൂപ വീട്ടമ്മയ്ക്ക് നഷ്ടമായി. ലോണ്‍പോലുമെടുക്കാതെയാണ് ആപ്പ് സംഘത്തിന്റെ ചതിയില്‍ക്കുടുങ്ങി വയനാട്ടില്‍ യുവാവ് ആത്മഹത്യചെയ്തത്.
തിരുവനന്തപുരത്ത് 15 കേസുകളും തൃശ്ശൂരില്‍ 10 കേസുകളുമാണെടുത്തത്. കോഴിക്കോട്ട് മൂന്നും, മലപ്പുറം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓരോ കേസ് വീതവുമുണ്ട്. ലക്ഷംമുതല്‍ ചെറിയ തുകവരെ നഷ്ടപ്പെട്ട ഒട്ടേറെ പരാതികളുണ്ട്. മോര്‍ഫ് ചെയ്ത് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതും ചോര്‍ത്തിയെടുക്കുന്ന കോണ്‍ടാക്ട് ലിസ്റ്റിലെ നമ്പറുകളിലേക്ക് പണം ചോദിച്ച് സന്ദേശം അയക്കുന്നതും ഉള്‍പ്പെടെ പലതരത്തിലുള്ള ഭീഷണി നേരിടേണ്ടിവന്നവരും ഏറെ.
192 ലോണ്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേരള പോലീസിന്റെ സൈബര്‍ വിഭാഗം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ 158 ആപ്പുകള്‍ ബ്ലോക്ക് ചെയ്തു.
എറണാകുളം കടമക്കുടിയിലെ കുടുംബമാണ് ലോണ്‍ ആപ്പ് സംഘത്തിന്റെ ഭീഷണികാരണം കൂട്ട ആത്മഹത്യചെയ്തത്. 2023 സെപ്റ്റംബര്‍ 12-നായിരുന്നു സംഭവം. മാടശ്ശേരി വീട്ടില്‍ നിജോ, ഭാര്യ ശില്പ, ഏഴും അഞ്ചും വയസ്സുള്ള മക്കളായ എയ്ബല്‍, ആരോണ്‍ എന്നിവരാണ് മരിച്ചത്. ലോണ്‍ ആപ്പായ ഹാപ്പി വാലറ്റിനെതിരേ സംഭവത്തില്‍ വരാപ്പുഴ പോലീസ് കേസെടുത്തിരുന്നു.
തിരുവനന്തപുരത്ത് രണ്ടുപേര്‍ക്ക് ലോണ്‍ ആപ്പിന്റെപേരില്‍ അതിക്രമം നേരിടേണ്ടിവന്നു. ഒരാള്‍ക്ക് 18,000 രൂപ നഷ്ടമായി. മറ്റൊരാള്‍ 10,000 രൂപയ്ക്ക് ഒരു ലക്ഷംവരെ അടയ്‌ക്കേണ്ടിയും വന്നു.
തിരൂരില്‍ ഒരു യുവാവ് ഓണ്‍ലൈന്‍ വായ്പയ്ക്ക് അപേക്ഷിച്ചെങ്കിലും ആപ്പുകാര്‍ പണം നല്‍കാതെതന്നെ പണമടയ്ക്കണമെന്ന് ഭീഷണിപ്പെടുത്തി.
തൃശ്ശൂര്‍ സിറ്റിയിലും റൂറലിലുമായി ഇത്തരത്തിലുള്ള പത്തോളം കേസുകളാണ് അന്വേഷണത്തിലുള്ളത്. കോട്ടയം കുമരനല്ലൂരില്‍ ഡോക്യുമെന്ററി സംവിധായികയ്ക്കും ഭീഷണിയുണ്ടായി. ഫോണില്‍വന്ന ലിങ്ക് അബദ്ധത്തില്‍ തൊട്ടതോടെ ഒരു ആപ്പ് ഇന്‍സ്റ്റാളാവുകയായിരുന്നു.
ഇത്തരം സംഭവങ്ങള്‍ അന്വേഷിക്കുന്നത് സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള ആശയക്കുഴപ്പവും കേസുകള്‍ വൈകിപ്പിക്കുന്നു. പലകേസുകളിലും പോലീസ് അന്വേഷണം തുടങ്ങുന്നതോടെ ആപ്പുകള്‍ അപ്രത്യക്ഷമാവും. പിന്നീട് പേരുമാറ്റി പുതിയ ആപ്പുകളായി പ്രത്യക്ഷപ്പെടുമെന്ന് കോഴിക്കോട്ടെ സൈബര്‍ പോലീസ് പറയുന്നു.
നഷ്ടമായത് 201 കോടി
കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് 201 കോടി രൂപയാണ് ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ നഷ്ടമായത്. ഇതില്‍ 40 കോടി രൂപ മരവിപ്പിക്കാന്‍ പോലീസിനായി. 23,757 പരാതികളാണ് ലഭിച്ചത്.
വായ്പയെടുത്തില്ല, എന്നിട്ടും ഭീഷണി, പോലീസ് പിന്തുടര്‍ന്നത് ആറുമാസം
കല്പറ്റ: കാന്‍ഡികാഷ് ആപ്പ് വഴി വായ്പയെടുക്കാതിരുന്നിട്ടും അജയരാജിന് നേരിടേണ്ടിവന്നത് ഭീഷണി. തട്ടിപ്പുസംഘം വാട്‌സാപ്പില്‍ അയച്ചുകൊടുത്ത ലിങ്കുവഴി കാന്‍ഡികാഷ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതതിനുപിന്നാലെ അദ്ദേഹത്തിന്റെ ഫോണിലുള്ള സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊബൈല്‍ നമ്പര്‍ അവര്‍ ഹാക്ക്‌ചെയ്ത് എടുക്കുകയായിരുന്നു. തുടര്‍ന്നാണ് ഭീഷണിപ്പെടുത്തലുകളുണ്ടായത്.
ആറുമാസമെടുത്താണ് വായ്പാ ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ച ഈ സംഘത്തിലേക്ക് വയനാട് സൈബര്‍സെല്ലിന്റെ സഹായത്തോടെ അന്വേഷണസംഘം എത്തിയത്. ഇവരിലൊരാളുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി ഒരാഴ്ച ഗുജറാത്തില്‍ താമസിച്ചാണ് ബവസാരയിലും രാജ്േഘാട്ടിലുംവെച്ച് പ്രതികളെ അറസ്റ്റുചെയ്തത്. പ്രതികള്‍ അപകടകാരികളായതിനാല്‍ വയനാട്ടില്‍നിന്ന് പോലീസ് വാഹനം ഗുജറാത്തിലെത്തിച്ചാണ് ഇവരെ കൊണ്ടുവന്നത്.
തട്ടിപ്പിനിരയായവരുടെ വേറെയും പരാതികള്‍ രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇവര്‍ സ്ത്രീകളെ ഉപയോഗിച്ച് നഗ്‌നവീഡിയോകോളുകള്‍വഴി ആളുകളെ കെണിയില്‍പ്പെടുത്തുന്നതായും കണ്ടെത്തി. സമീറിന്റെ ഫോണില്‍നിന്ന് മോര്‍ഫ് ചെയ്ത ഒട്ടേറെ ചിത്രങ്ങളും പോലീസ് കണ്ടെടുത്തു. ആപ്പുമായി ബന്ധിപ്പിച്ച സമീറിന്റെ അക്കൗണ്ടിലേക്ക് മൂന്നുലക്ഷംരൂപ എത്തിയിട്ടുണ്ട്.
ഐ.പി. അഡ്രസ് പല രാജ്യങ്ങളിലേത്
കെ.പി. ഷൗക്കത്തലി
കല്പറ്റ: ജീവനൊടുക്കിയ അജയ്രാജിനുവന്ന വാട്സാപ്പ് സന്ദേശങ്ങള്‍ക്കുപിന്നിലെ മൊബൈല്‍ ആപ്പിന്റെ സ്രോതസ്സ് കണ്ടെത്തിയത് ഐ.പി. അഡ്രസുകളില്‍ മാസങ്ങളെടുത്ത് റിവേഴ്സ് എന്‍ജിനിയറിങ് നടത്തി.
പാകിസ്താനും സിങ്കപ്പൂരും ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലെയും 14 ഐ.പി. അഡ്രസ്സുകളാണ് തട്ടിപ്പുസംഘം ഇന്റര്‍നെറ്റ് കണക്ഷനുവേണ്ടിയുള്ള വി.പി.എന്നുകളില്‍ ഉപയോഗിച്ചിരുന്നത്. വി.പി.എന്നുകളില്‍ ഐ.പി. അഡ്രസ്സുകള്‍ കണ്ടെത്താനാവാത്തവിധം മാസ്‌ക് (മറച്ചുവെക്കുക) ചെയ്തുവെക്കാന്‍ കഴിയുന്നതിനാല്‍ തുടക്കത്തില്‍തന്നെ തട്ടിപ്പ് സംഘത്തിലേക്കെത്തുക പ്രയാസമായിരുന്നു.
ഗൂഗിള്‍ പ്ലേസ്റ്റോര്‍ നിബന്ധനകള്‍ കര്‍ശനമാക്കിയതിനാല്‍ കാന്‍ഡികാഷ് ആപ്പ് അതില്‍ ലഭ്യമായിരുന്നില്ല. വാട്സാപ്പും എസ്.എം.എസും വഴി ലിങ്കുകള്‍ അയച്ചുകിട്ടിയാണ് ആളുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നത്. ഇതും അന്വേഷണസംഘത്തിന് വെല്ലുവിളിയായി.
പ്രതികള്‍ വാട്സാപ്പില്‍ പാകിസ്താന്‍ ഉള്‍പ്പെടെയുള്ള പലരാജ്യങ്ങളുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വരുന്ന വെര്‍ച്വല്‍ സിംകാര്‍ഡുകളും ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡുകളുമാണ് ഉപയോഗിച്ചിരുന്നത്. മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും ഓരോമാസവും ഇവര്‍ മാറ്റിക്കൊണ്ടിരുന്നു. നാലു മൊബൈല്‍ ഫോണുകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തെങ്കിലും എല്ലാം പുതിയതാണ്.
അജയ്രാജിന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അഞ്ചുദിവസംമുമ്പും പ്രതികള്‍ മൊബൈല്‍ ഫോണ്‍ മാറ്റിയിട്ടുണ്ട്. പക്ഷേ, സന്ദേശം അയക്കാന്‍ ഉപയോഗിച്ച ഇന്റര്‍നെറ്റ് മോഡം പിടിച്ചെടുക്കാന്‍ കഴിഞ്ഞു.
പിടിവള്ളിയായത് ഇവ
പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ സിംകാര്‍ഡാണ് കാന്‍ഡികാഷിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്തിരുന്നത്. ഈ സിംകാര്‍ഡ് പ്രതി കൈവശംവെച്ചിരുന്നു. കേസിലെ പ്രധാന കണ്ണി സമീറിന്റെ ഒരു ബാങ്ക് അക്കൗണ്ട് നമ്പര്‍ ആപ്പുമായി ലിങ്ക് ചെയ്തത് കണ്ടെത്താന്‍ കഴിഞ്ഞു. രണ്ട് അക്കൗണ്ടുകള്‍ പരാതികള്‍ കാരണം മരവിപ്പിച്ചതും കണ്ടെത്തി.
പ്രതികള്‍ ഏറ്റവുമൊടുവില്‍ ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളുടെ ലൈവ് ലൊക്കേഷന്‍ സൈബര്‍ സെല്ലിന് കണ്ടെത്താന്‍ കഴിഞ്ഞു. തുടര്‍ന്ന് ഒരാഴ്ചകൊണ്ട് അറസ്റ്റ് സാധ്യമായി.
Content Highlights: kerala online loan app fraud case
Published: 22 Feb 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented