തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച ലോൺ ആപ്പ് തട്ടിപ്പിൽ സിറ്റി പോലീസ് വിശദാന്വേഷണം ആരംഭിച്ചു. യു.എസ്. പൗരൻമാരെമാത്രം കേന്ദ്രീകരിച്ചുള്ള തട്ടിപ്പെന്നാണ് പ്രാഥമിക നിഗമനം. കൃത്യമായ ആസൂത്രണത്തോടെയാണ് ഉത്തരേന്ത്യക്കാരായ പ്രതികൾ തലസ്ഥാനം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതികൂടി ചൊവ്വാഴ്ച പിടിയിലായി. ഗുജറാത്ത് സ്വദേശി റാണാമഹേഷ് ബാഹിപർഥിനെയാണ് അഹമ്മദാബാദിൽനിന്നു പിടികൂടിയത്. തിങ്കളാഴ്ച പിടികൂടിയ പതിനെട്ടോളം ഉത്തരേന്ത്യക്കാരിൽനിന്ന് അൻപതോളം ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും അനുബന്ധവസ്തുക്കളും പിടിച്ചെടുത്തു.

To advertise here,

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യത്തിനു സമീപം പോങ്ങുംമൂട്ടിൽ പോലീസിന്റെ വിവിധ വിഭാഗങ്ങൾ നടത്തിയ സംയുക്ത പരിശോധനയിലാണ് വൻ തട്ടിപ്പു കണ്ടെത്തിയത്. പോലീസിനെ കബളിപ്പിക്കാൻ പ്രതികൾ ശ്രമിച്ചുവെങ്കിലും വിശദമായ ചോദ്യംചെയ്യലിൽ ഇവയെല്ലാം പൊളിഞ്ഞു. ശ്രീധർ കോ ഇൻവോടെക് എൽ.എൽ.പി. എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഇവിടെനിന്നു പിടിയിലായ 18 പേരിൽ 5 പേർ സ്ഥാപനത്തിലെ ശുചീകരണജോലിക്കാരുൾപ്പെടെയുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരെ വിട്ടയച്ചു. ശേഷിക്കുന്ന പതിമ്മൂന്നു പേരാണ് കേസിലെ പ്രതികൾ.

‘പണി’ രാത്രിയിൽ

സിറ്റി പോലീസ് രണ്ടാഴ്ചയിലേറെയായി തട്ടിപ്പുസംഘത്തിന്റെ പ്രവർത്തനങ്ങൾ സ്‌പെഷ്യൽ ബ്രാഞ്ചടക്കം നിരീക്ഷിക്കുന്നുണ്ടായിരുന്നു. രണ്ടു മാസത്തോളമായി പോങ്ങുംമൂട്ടിൽ ബഹുനിലക്കെട്ടിടം വാടകയ്‌ക്കെടുത്തായിരുന്നു ഇവരുടെ പ്രവർത്തനം. ജീവനക്കാർക്ക് താമസിക്കാനായി സമീപപ്രദേശങ്ങളിൽതന്നെ വീടുകളും വാടകയ്ക്കെ‌ടുത്തിരുന്നു. പകൽസമയങ്ങളിൽ ഇവരാരും ജോലിക്കു പോകാറില്ല. മാത്രമല്ല ആഡംബര ജീവിതവുമാണ് നയിച്ചിരുന്നത്. ഓഫീസിലെത്താൻ സ്ഥാപനത്തിനു സ്വന്തമായി വാഹനങ്ങളുമുണ്ടായിരുന്നു. ഇതിനിടെ പോങ്ങുംമൂട്ടിലെ ഓഫീസ് കേന്ദ്രീകരിച്ച് ലഹരിവ്യാപാരം നടക്കുന്നതായും സംശയമുയർന്നു.

തുടർന്ന് കമ്മിഷണർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ തിങ്കളാഴ്ച രാവിലെ 9.30 മുതൽ പരിശോധന ആരംഭിക്കുകയായിരുന്നു. നർക്കോട്ടിക് സെൽ എ.സി.പി.യുൾപ്പെടെയുള്ളവർ നേതൃത്വം നൽകി. ഇതിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തറിഞ്ഞത്. ഒറ്റനോട്ടത്തിൽ ഐ.ടി. കമ്പനികൾ പോലെയായിരുന്നു ഇവരുടെ പ്രവർത്തനം. ഇങ്ങനെതന്നെയാണ് സ്ഥാപനത്തിലുള്ളവർ ആദ്യം പറഞ്ഞത്. ഐഫോൺ ഉൾപ്പെടെയുള്ളവ ഇവിടെനിന്നു പിടിച്ചെടുത്തു.

ലക്ഷ്യമിട്ടത് ലോൺ ആപ്പ് തിരഞ്ഞവരെ

അമേരിക്കയിലുള്ളവരായിരുന്നു പ്രതികളുടെ പ്രധാന ഇര. സ്വകാര്യ ലോൺ ആപ്പിൽ ലോണുകളെപ്പറ്റി അന്വേഷണം നടത്തുന്നവരുടെ വ്യക്തിവിവരങ്ങൾ പ്രതികൾ കൈക്കലാക്കും. ശേഷം ഇവ ഉപഭോക്താവിന് വാട്‌സാപ്പ് വെബ് മുഖാന്തരം അയച്ചുനൽകും. ലോൺ നൽകാമെന്നുപറഞ്ഞ് സാറ്റ്‌ലൈറ്റ്‌ ഫോൺ മുഖേന ഇവരെ വിളിക്കുകയും രേഖകൾ കാട്ടി വിശ്വാസ്യത ഉറപ്പിക്കുകയും ചെയ്യും. ലോൺ പാസാക്കുന്നതിന് അഞ്ചുമുതൽ പത്തുശതമാനംവരെ കമ്മിഷൻ ആവശ്യപ്പെടും. ഇൗ പണം അക്കൗണ്ട് മുഖേന കൈപ്പറ്റും. തട്ടിപ്പ് ബോധ്യമായിക്കഴിഞ്ഞ് ഉപഭോക്താക്കൾ വിളിച്ചാൽ പിന്നെ തട്ടിപ്പുകാരെ ബന്ധപ്പെടാൻ കഴിയാറില്ല. സംസ്ഥാനത്തു മറ്റു സ്ഥലങ്ങളിലും ഇവർക്ക് ഓഫീസുകളുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

എന്തുകൊണ്ട് തിരുവനന്തപുരം; വിശദാന്വേഷണം

മലയാളികളെ സൈബർ തട്ടിപ്പുകളിൽ കുടുക്കുന്ന സംഘത്തിന്റെ വേരുകളന്വേഷിക്കുമ്പോൾ പലപ്പോഴും ഉത്തരേന്ത്യൻ നഗരങ്ങളിലാണ് എത്തിച്ചേരുന്നത്. ഇവിടെ ഉത്തരേന്ത്യൻ സംഘം സംസ്ഥാനത്ത് ഓഫീസെടുത്ത് വിദേശികളെ പറ്റിക്കുകയായിരുന്നു. ഇത്തരമൊരു സംഘം തട്ടിപ്പിന് എന്തുകൊണ്ട് തലസ്ഥാനംതന്നെ തിരഞ്ഞെടുത്തു എന്നതിലും ദുരൂഹതയുണ്ട്. ഇന്ത്യൻ പൗരൻമാരും തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്.

ഒന്നാം പ്രതിയുടെ കംപ്യൂട്ടറിൽ ‘തൊടരുത്, വെടിവെക്കും..’

: ശ്രീകാര്യം ചേന്തിയിൽ വ്യാജ ലോൺ ആപ്പ് തട്ടിപ്പ് സംഘത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത കംപ്യൂട്ടറിന്റെ ഡിസ്‌പ്ലേയിൽ അന്വേഷണ സംഘം കണ്ടത് ഞെട്ടിക്കുന്ന വാക്കുകൾ. രക്തനിറത്തിലുള്ള പശ്ചാത്തലത്തിൽ മുന്നറിയിപ്പ് എന്നെഴുതിയും തൊട്ടുതാഴെയായി കംപ്യൂട്ടറിൽ തൊടരുതെന്നും ഇത് ലംഘിക്കുന്നവരെ വെടിവെക്കും അതിജീവിക്കുന്നവരെ വേട്ടയാടും എന്നുമാണ് ഡിസ്‌പ്ലേയിലുണ്ടായിരുന്നത്.

ആകാശ് ദീപ് ചൗധരിയുടെ നിർദേശമനുസരിച്ച് ജോലിയെടുക്കുന്ന മറ്റു ജീവനക്കാരെ ഭയപ്പെടുത്തുന്നതിനാവും ഇത്തരത്തിൽ കംപ്യൂട്ടറിൽ വാക്കുകൾ എഴുതിയതെന്നും അന്വേഷണസംഘ മേധാവിയും നാർക്കോട്ടിക് അസി. കമ്മിഷണറുമായ വി. ഗോപകുമാർ പറഞ്ഞു.

മിനി സിനിമാ തിയേറ്ററിന്റെ വലുപ്പത്തിലുള്ള മുറിയിലാണ് 13 ജീവനക്കാരും 43 കംപ്യൂട്ടറുകളും സജ്ജമാക്കിയിരിക്കുന്നത്. െറക്കോഡിങ് സംവിധാനമടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയ നിലയിലാണ് മുറിയിലെ സംവിധാനം. എന്നാൽ, ജീവനക്കാരുടെ ജോലിസ്ഥലത്തോ മറ്റിടങ്ങളിലോ സി.സി.ടി.വി. ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ല. ഇവിടെ വന്നുപോകുന്ന ജീവനക്കാരെ തിരിച്ചറിയാതിരിക്കാനാവും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കാത്തതെന്നും സംശയിക്കുന്നുണ്ട്. രണ്ടും മൂന്നും പ്രതികളുടെ കംപ്യൂട്ടറുകളും പരിശോധിച്ചുവരുന്നതായും അസി. കമ്മിഷണർ പറഞ്ഞു.

വ്യാജവായ്പാ ആപ്പ് തട്ടിപ്പ്; ഒരാൾ കൂടി അറസ്റ്റിൽ

: ശ്രീകാര്യത്തെ ചേന്തിയിൽ വാടകയ്ക്കെടുത്ത കെട്ടിടത്തിൽ വ്യാജ വായ്പാ ആപ്പ് കേന്ദ്രം നടത്തി കോടികൾ തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. പോലീസ് പരിശോധനയ്ക്കിടെ രക്ഷപ്പെട്ട ഗുജറാത്ത് സ്വദേശിയും രണ്ടാം പ്രതിയുമായ റാണാ മഹേഷ് ബാഹിപാർഥിനെയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽനിന്ന് ചൊവ്വാഴ്ച രാവിലെ അറസ്റ്റുചെയ്തത്.

നർക്കോട്ടിക് അസി. കമ്മിഷണർ വി. ഗോപകുമാർ അഹമ്മദാബാദ് വിമാനത്താവള അധികൃതർക്ക് രക്ഷപ്പെട്ട പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയിരുന്നു. തിങ്കളാഴ്ച രാത്രിയോടെ വിമാനമിറങ്ങിയ ഇയാളെ സി.ഐ.എസ്.എഫ്. തടഞ്ഞുവെച്ചു. വിമാനത്താവളത്തിലെത്തിയ അന്വേഷണ സംഘത്തിന് പ്രതിയെ കൈമാറി. കേസിൽ 12-പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒന്നാംപ്രതിയും ഗുജറാത്ത് സ്വദേശിയുമായ ആകാശ് ദീപ് ചൗധരിക്കായി തിരച്ചിൽ തുടരുകയാണ്. ശ്രീധർ കോ ഇൻവോടെക് മാനേജർ എന്നാണ് ഇയാളുടെ ഐ.ഡി. കാർഡിൽ രേഖപ്പെടുത്തിയത്. ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

അഹമ്മദാബാദ് സ്വദേശികളായ റാണാ മഹേഷ് ബാഹിപർത്ഥ്, കപിൽ ഠാക്കൂർ എന്നിവർ രണ്ടുംമൂന്നും പ്രതികളുമാണ്. ബാക്കിയുള്ള പ്രതികൾ ഗുജറാത്ത്, ഉത്തർപ്രദേശ് സ്വദേശികളാണ്.