കണ്ണൂർ: വിവിധ ലോൺ ആപ്പ് സംഘങ്ങൾ ഒന്നരവർഷത്തിനിടെ സംസ്ഥാനത്തേക്ക് ഒഴുക്കിയത് 100 കോടിയിലേറെ രൂപയുടെ വായ്പ. വായ്പയെടുത്തവരിൽ 80 ശതമാനവും കൗമാരക്കാരും 25 വയസ്സിന് താഴെയുള്ളവരാണ്. രാജ്യത്ത് 540-ഓളം ലോൺ ആപ്പ് സംഘങ്ങളുണ്ടെന്നാണ് പോലീസ് പറയുന്നത്. ‘പേപ്പർ വർക്കില്ലാതെ, കാത്തിരിപ്പില്ലാതെ’ അഞ്ച് മിനിറ്റിനുള്ളിൽ വായ്‌പ ലഭിക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. വായ്‌പ കിട്ടാൻ എളുപ്പമാണെങ്കിലും തിരിച്ചടവ് മുടങ്ങിയാലുണ്ടാകുന്നത് ഭയാനകമായ ഇടപെടലുകളാണെന്നാണ് പോലീസ് പറയുന്നത്. ലോൺ ആപ്പ് സംഘങ്ങളുടെ ഭീഷണിയെക്കുറിച്ചും തിരിച്ചടവ് കഴിഞ്ഞിട്ടും പണമാവശ്യപ്പെടുന്ന സംഘത്തെ കുറിച്ചും ഒരുവർഷത്തിനുള്ളിൽ 55,000 പരാതികൾ സൈബർ പോലീസിന് കിട്ടി. പരാതികളിലേറെയും ഭീഷണിയെപ്പറ്റിയാണ്. 10,000 മുതൽ 50,000 രൂപ വരെയാണ് വായ്‌പ നൽകുന്നത്. 36 ശതമാനം വരെയാണ് പലിശ. കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട ഇന്റന്റ് ഫ്രൻഡ്‌സ് ലോൺ ആപ്പ് സംഘം 2025-26 മേയ് വരെ 300 കോടി രൂപയാണ് രാജ്യത്ത് വായ്പ നൽകിയതെന്ന് സംഭവം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിട്ടുണ്ട്.
‘ഈടില്ലാതെ’ അഞ്ച് മിനിറ്റിനുള്ളിൽ
ആധാർ, പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ പ്രവേശിക്കാനുള്ള അനുമതി, സന്ദേശങ്ങൾ അയക്കാനും ഗാലറി നോക്കാനുമുള്ള അനുമതി എന്നിവയാണ് പ്രധാനമായും ‘ഈടായി’ ചോദിക്കുന്നത്. ഇതോടെ വായ്പ എടുക്കുന്നവരുടെ ഫോണിന്റെ പൂർണനിയന്ത്രണം തട്ടിപ്പുസംഘങ്ങൾക്കായി. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ അക്കൗണ്ടിൽ പണമെത്തും. ആദ്യത്തെ അടവ് എടുത്ത ശേഷമായിരിക്കും പണം നൽകുക.
ഭീഷണിയും ഫോട്ടോ മോർഫിങ്ങും
വായ്പ എടുത്തവരിൽനിന്ന് ഏതുവിധത്തിലും കഴിയുന്നത്ര പണം ഈടാക്കാനാണ് ലോൺ ആപ്പുകാർ ശ്രമിക്കുക. വായ്പാ അടവിൽ വീഴ്ച വന്നാൽ തട്ടിപ്പുകാർ ആദ്യം ചെയ്യുന്നത് മൊബൈൽഫോണിൽ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കലാണ്. തുടർന്ന് ഫോണിൽ നിരന്തരം ബന്ധപ്പെടും. ഒരോ മണിക്കൂർ ഇടവിട്ട് ഫോൺ വിളികളെത്തും. രണ്ടാം ഘട്ടമായി ഭീഷണിപ്പെടുത്തലാണ്. എന്നിട്ടും വായ്‌പയടവിൽ വീഴ്ച വന്നാൽ ഏറ്റവും അടുപ്പമുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അയക്കും. വായ്‌പയെടുത്തവർ ഇതോടെ എങ്ങനെയെങ്കിലും പണം കണ്ടെത്തി അടയ്ക്കാൻ ശ്രമിക്കും.
ലോൺ ആപ്പ് തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടുന്നു
കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ലോൺ ആപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം കൂടിവരികയാണ്. വിദ്യാർഥികളും സ്ത്രീകളുമാണ് കൂടുതൽ ലോൺ എടുക്കുന്നത്. ഭീഷണിപ്പെടുത്തുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് പോലീസിൽ അറിയിക്കാൻ മടിക്കരുത്. ഡിജിറ്റൽ ലോൺ എടുക്കുന്നവർ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണം.
-പി.ബാലകൃഷ്ണൻ നായർ, ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്.പി.
Content Highlights: Over 100 crore distributed by illegal loan apps in 1.5 years., 80% of victims are youth under 25 years old., 55,000 complaints filed regarding threats and extortion in one year., Modus operandi includes data access, phone control, and photo morphing., 36% interest rates and aggressive collection tactics.
Published: 01 Jul 2026, 11:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented