കോയമ്പത്തൂർ: ആര്യവൈദ്യ ഫാർമസിയുടെ സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി. കുട്ടിയെ (83) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വീട്ടിലെ സഹായിയായിരുന്ന നേപ്പാൾ സ്വദേശിനി സുർജയും ഭർത്താവും പോലീസ് കസ്റ്റഡിയിലെന്ന് സൂചന. മറ്റുപ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.

To advertise here,

സംഭവത്തിനുശേഷം കാണാതായ സുർജയുടെ ഭർത്താവും മറ്റുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. ഇയാൾ ബെംഗളൂരുവിലായിരുന്നെന്നാണ് വിവരം. നാലുമാസംമുൻപാണ് സുർജ വീട്ടിൽ സഹായിയായി എത്തിയത്. ഇവരെ എത്തിച്ച ചെന്നൈയിലെ ഏജന്റിനെ പോലീസ് ചോദ്യംചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം.

കസ്തൂരി ജി. കുട്ടിയുടെ മൃതദേഹം ശനിയാഴ്ച രാവിലെ നഞ്ചുണ്ടാപുരം ഈഷ ശ്മശാനത്തിൽ സംസ്‌കരിച്ചു. വിദേശത്ത് പോയിരുന്ന മകൻ ഡോ. രാംകുമാർ കുട്ടി വെള്ളിയാഴ്ച രാത്രി എത്തിയിരുന്നു.മകനൊപ്പം നഞ്ചുണ്ടാപുരം റോഡിലെ പാർസൺ അപ്പാർട്ട്മെന്റിലാണ് കസ്തൂരി ജി. കുട്ടി താമസിച്ചിരുന്നത്. വെള്ളിയാഴ്ച രാവിലെ കൈകാൽ ബന്ധിച്ചും വായിൽ പ്ലാസ്റ്ററൊട്ടിച്ചും കട്ടിലിൽ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 12.15-ന് ഫ്‌ളാറ്റിൽ വന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽ കാണുന്ന മൂന്നുപേർ സുർജയ്ക്ക് പരിചയമുള്ളവർ തന്നെയാവാമെന്നാണ് പോലീസ് കരുതുന്നത്. സുർജ ഇവർക്ക് വാതിൽ തുറന്നുകൊടുക്കുന്നതായി ദൃശ്യങ്ങളിലുണ്ട്. അതുകൊണ്ടാണ് ഇവരുടെ ഭർത്താവിനെ സംശയിക്കുന്നത്. അക്രമികൾ കസ്തൂരി ജി. കുട്ടിയുടെ കൈകാലുകൾ ബന്ധിച്ച് വായിൽ പ്ലാസ്റ്റർ ഒട്ടിച്ചശേഷം കവർച്ച നടത്തി തിരികെപ്പോകുകയായിരുന്നു. സുർജയും മറ്റുമൂന്നുപേരും അപ്പാർട്ട്‌മെന്റിന്റെ മതിൽ ചാടിയാണ് പുറത്തുപോയിരിക്കുന്നത്. സമീപത്തുനിന്ന് കിട്ടിയ സുർജയുടെ മൊബൈൽ ഫോൺ അന്വേഷണത്തിൽ നിർണായകമാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽമാത്രമേ കസ്തൂരി ജി. കുട്ടിയുടെ മരണകാരണം അറിയാൻ കഴിയൂ.

ശനിയാഴ്ച പോലീസ് സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധർ, ഫൊറൻസിക് സംഘം എന്നിവരുമുണ്ടായിരുന്നു. വീട്ടിൽനിന്ന് രണ്ടുപവൻ സ്വർണമാലയ്ക്കുപുറമേ, വേറെയെന്തെങ്കിലും നഷ്ടപ്പെട്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പോലീസ് ഡെപ്യൂട്ടി കമ്മിഷണർ കാർത്തികേയൻ, അസി. കമ്മിഷണർ വസന്തരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തുന്നത്.