കാന്‍പുര്‍: ദന്തഡോക്ടര്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ നടത്തിയതായും ചികിത്സാപിഴവ് കാരണം രണ്ടുപേര്‍ മരിച്ചതായും പരാതി. ഉത്തര്‍പ്രദേശിലെ കാന്‍പുരിലെ 'എംപയര്‍ ക്ലിനിക്ക്' ഉടമ ഡോ. അനുഷ്‌ക തിവാരിക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എംപയര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയരായ രണ്ടുപേര്‍ മരിക്കാനിടയായത് യോഗ്യതകളില്ലാതെ ചികിത്സ നടത്തിയ ഡോ. അനുഷ്‌ക തിവാരിയുടെ പിഴവ് കാരണമെന്നാണ് ആരോപണം.
ദന്തഡോക്ടര്‍മാരായ അനുഷ്‌കയും ഭര്‍ത്താവ് സൗരഭ് ത്രിപാഠിയും ചേര്‍ന്നാണ് എംപയര്‍ ക്ലിനിക്ക് നടത്തിയിരുന്നത്. ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വാഗ്ദാനം ചെയ്തിരുന്ന അനുഷ്‌ക, മതിയായ യോഗ്യതകളില്ലാത്തെ ജീവനക്കാരെയാണ് ക്ലിനിക്കില്‍ നിയോഗിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. ഇവിടെ ചികിത്സയ്‌ക്കെത്തിയ രണ്ട് യുവ എന്‍ജിനീയര്‍മാരുടെ മരണത്തിലാണ് ഡോക്ടര്‍ക്കെതിരേ പരാതി ഉയര്‍ന്നിരിക്കുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
കാന്‍പുര്‍ സ്വദേശിയായ വിനയ് ദുബെയുടെ മരണത്തില്‍ ഭാര്യ ജയ ത്രിപാഠിയാണ് ദന്തഡോക്ടര്‍ക്കെതിരേ ആദ്യം പരാതി നല്‍കിയത്. മാര്‍ച്ച് 13-ന് ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റിന് വിധേയനായ വിനയ് ദുബെയ്ക്ക് ഇതിനുപിന്നാലെ അണുബാധയും വേദനയും അനുഭവപ്പെട്ടെന്നായിരുന്നു പരാതി. യുവാവിന്റെ മുഖം തടിച്ചുവീര്‍ത്തതായും ഇതിനുപിറ്റേദിവസം മരണം സംഭവിച്ചെന്നുമായിരുന്നു ആരോപണം.
വിനയ് ദുബെയുടെ മരണം വാര്‍ത്തായയതോടെയാണ് ഫറൂഖാബാദ് സ്വദേശിയായ അഖില്‍ കുമാറും തന്റെ സഹോദരന്റെ മരണത്തില്‍ ക്ലിനിക്കിനെതിരേ രംഗത്തെത്തിയത്. സഹോദരനായ മായങ്ക് ഖട്ടിയാര്‍ ക്ലിനിക്കില്‍ ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചികിത്സ തേടിയിരുന്നതായും ഇതിനുപിന്നാലെ മുഖം വീര്‍ക്കുകയും നെഞ്ചുവേദന അനുഭവപ്പെടുകയുംചെയ്‌തെന്നും മരണം സംഭവിച്ചെന്നുമായിരുന്നു പരാതി. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു ഈ സംഭവം.
രണ്ടുമരണങ്ങളിലും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, പോലീസ് കേസെടുത്തതിന് പിന്നാലെ ഡോ. അനുഷ്‌ക തിവാരി ഒളിവില്‍പോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
Content Highlights: Two patients died after hair transplant surgery done by dentist in kanpur
Published: 18 May 2025, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented