
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ജിംനേഷ്യം പരിശീലകന്‍ യുവതിയെ കൊന്നുകുഴിച്ചിട്ട സംഭവത്തില്‍ 'ദൃശ്യം' സിനിമയും പ്രചോദനമായെന്ന് പോലീസ്. കാന്‍പുര്‍ സ്വദേശിയും ബിസിനസുകാരനുമായ രാഹുല്‍ ഗുപ്തയുടെ ഭാര്യ ഏക്ത ഗുപ്തയുടെ കൊലപാതകത്തിലാണ് പോലീസ് കൂടുതല്‍വിവരങ്ങള്‍ പുറത്തുവിട്ടത്. ഏക്തയെ കൊലപ്പെടുത്തിയ ജിംനേഷ്യം പരിശീലകനായ വിമല്‍ സോണിയെ പോലീസ് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ജൂണ്‍ 24 മുതലാണ് ഏക്ത ഗുപ്തയെ കാണാതായത്. തുടര്‍ന്ന് ഭര്‍ത്താവ് രാഹുല്‍ ഗുപ്ത പോലീസില്‍ പരാതി നല്‍കി. പോലീസ് അന്വേഷണം ആരംഭിച്ച് നാലുമാസങ്ങള്‍ക്ക് ശേഷമാണ് ഏക്ത ഗുപ്ത കൊല്ലപ്പെട്ടതായും സംഭവത്തിന് പിന്നില്‍ വിമല്‍ സോണിയാണെന്നും കണ്ടെത്തിയത്. പ്രതിയുടെ മൊഴിയനുസരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ കാന്‍പുരിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിന് സമീപത്തുനിന്ന് യുവതിയുടെ മൃതദേഹം കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയിരുന്നു.
പോലീസിന്റെ ചോദ്യംചെയ്യലിലാണ് ദൃശ്യം സിനിമയുടെ ബോളിവുഡ് പതിപ്പും കുറ്റകൃത്യത്തില്‍ തനിക്ക് പ്രചോദനമായെന്ന് പ്രതി മൊഴി നല്‍കിയത്. 2015-ല്‍ പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ ഹിന്ദി പതിപ്പ് പലതവണ പ്രതി കണ്ടിട്ടുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിനോട് ചേർന്ന് കുഴിച്ചിടാന്‍ പ്രചോദനമായത് ദൃശ്യം സിനിമയാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചിരുന്നു.
വിവാഹിതയായ ഏക്തയും വിമല്‍സോണിയും തമ്മിലുള്ള അടുപ്പവും വിമല്‍സോണി വിവാഹിതനാകുന്നതില്‍ യുവതിക്കുണ്ടായ എതിര്‍പ്പുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. സ്ഥിരമായി ജിംനേഷ്യത്തില്‍ വ്യായാമത്തിനെത്തിയിരുന്ന ഏക്തയും പരിശീലകനായ വിമല്‍സോണിയും ഏറെനാളായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍, വിമല്‍സോണി വിവാഹിതാകാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ യുവതി അസ്വസ്ഥയായി. ഇതേത്തുടര്‍ന്ന് കുറേദിവസം യുവതി ജിമ്മില്‍ പോയില്ല. പിന്നീട് 20 ദിവസത്തിന് ശേഷമാണ് യുവതി ജിമ്മിലെത്തിയത്. ഇതിനുപിന്നാലെ ഏക്തയും പ്രതിയും തമ്മില്‍ കാറില്‍വെച്ച് വഴക്കുണ്ടായി. തര്‍ക്കത്തിനിടെ വിമല്‍ സോണി യുവതിയെ നിരന്തരം മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
യുവതി കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ജിംനേഷ്യത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ബംഗ്ലാവിന് സമീപത്തേക്ക് പോയി. തുടര്‍ന്ന് ജില്ലാ മജിസ്‌ട്രേറ്റിന്റെ ബംഗ്ലാവിന്റെ സമീപം മൃതദേഹം കുഴിച്ചിട്ടു. ഉന്നത ഉദ്യോഗസ്ഥരടക്കം താമസിക്കുന്ന മേഖലയായതിനാല്‍ ഒരിക്കലും സംഭവം പുറത്തറിയില്ലെന്നായിരുന്നു പ്രതിയുടെ വിശ്വാസം. എന്നാല്‍, സംഭവദിവസം ഏക്ത ജിമ്മില്‍ പോയെന്ന് വ്യക്തമായതോടെ പോലീസ് വിമല്‍സോണിയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെ ജിമ്മിലെ സിസിടിവിയില്‍ ഏക്തയുടെ ദൃശ്യങ്ങളും കണ്ടെത്തി. തുടര്‍ന്ന് വിമല്‍സോണിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് പ്രതി കുറ്റംസമ്മതിച്ചത്.
യുവതിയുടെ ഹെയര്‍ക്ലിപ്പും കൈവശമുണ്ടായിരുന്ന മറ്റുചില സാധനങ്ങളും പ്രതിയുടെ കാറില്‍നിന്ന് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പ്രതിയെ കൊണ്ടുവന്ന് സംഭവസ്ഥലത്ത് പോലീസ് വിശദമായ തെളിവെടുപ്പും നടത്തി.
അതേസമയം, പ്രതിയായ വിമല്‍സോണിക്കെതിരേ ഏക്തയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ജിംനേഷ്യം പരിശീലകനായ വിമല്‍സോണി പ്രോട്ടീനുകള്‍ക്കൊപ്പം ലഹരിമരുന്ന് കലര്‍ത്തിനല്‍കിയെന്നും തുടര്‍ന്ന് തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതാണെന്നുമാണ് രാഹുല്‍ ആരോപിച്ചിരുന്നത്.
Content Highlights: kanpur gym trainer killed businessman wife drishya movie inspired
Published: 30 Oct 2024, 09:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented