
കണ്ണൂർ: സി.പി.എം കണ്ണപുരം ചുണ്ട ബ്രാഞ്ച് അംഗം അലിച്ചി വീട്ടിൽ റിജിത്ത് ശങ്കരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോടതിവിധിയിൽ സംതൃപ്തിയും ആശ്വാസവുമുണ്ടെന്ന് റിജിത്തിന്റെ അമ്മ ജാനകി. നഷ്ടപ്പെട്ടത് തിരിച്ചുകിട്ടില്ല. ഇത് മറ്റ് അമ്മമാർക്ക് സംഭവിക്കാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു.
മകൻ കുഴപ്പക്കാരനായിരുന്നില്ല. രാഷ്ട്രീയ പകപോക്കലിനോ കുഴപ്പമുണ്ടാക്കാനോ പോയിരുന്നില്ല. രാഷ്ട്രീയം നോക്കാതെ നാട്ടിലെല്ലാവർക്കും സഹായിയായിരുന്നു. രാവിലെ പണിക്ക് പോയ മകൻ മരിച്ചത് പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത്. അറിയുന്ന രണ്ടുപേർ കേസിൽ പ്രതികളായി. വീട്ടിന്റെ മുറ്റത്തുനിന്ന് കളിച്ച രണ്ടുപേരും മകനെ കൊലപ്പെടുത്താൻ കൂട്ടുനിന്നത് എന്തിനാണെന്നറിയില്ല. അഭിപ്രായവ്യത്യാസമുണ്ടെങ്കിൽ പറഞ്ഞുതീർക്കണം. കൊന്നു കൊലവിളിച്ചാൽ തീരില്ല. സ്വന്തം മക്കളെ മനസ്സിലാക്കിക്കൊടുക്കാൻ അമ്മമാർ ശ്രമിക്കണം.
വിധിക്കായി 19 കൊല്ലവും മൂന്നുമാസവും കാത്തിരുന്നു. മകനെ കൊലപ്പെടുത്തിയവർക്കുള്ള ശിക്ഷ ലഭിക്കാൻ 17 കൊല്ലം കാത്തിരുന്ന അച്ഛൻ ശങ്കരൻ രണ്ടുകൊല്ലം മുൻപ് മരിച്ചു. അച്ഛനായിരുന്നു എന്നെക്കാൾ വിധിയറിയാൻ ആഗ്രഹിച്ചത്. അച്ഛന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ. പാർട്ടിക്കാർ, സുഹൃത്തുക്കൾ, നാട്ടുകാർ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. ശിക്ഷ വിധിച്ച ജഡ്ജിക്കും നന്ദി അറിയിക്കുന്നതായി ജാനകി പറഞ്ഞു.
റിജിത്തിന്റെ സഹോദരി ശ്രീജ ഉൾപ്പെടെയുള്ളവർ വിധി കേൾക്കാൻ എത്തിയിരുന്നു. നീതി ലഭിച്ചെങ്കിലും കുടുംബത്തിന്റെ നഷ്ടം നികത്താനാവില്ലെന്ന് ശ്രീജ പറഞ്ഞു. സി.പി.എം., ബി.ജെ.പി. പ്രവർത്തകരും വിധി കേൾക്കാൻ കോടതിയിലെത്തി.
82 പേജുള്ള വിധിന്യായം
റിജിത്ത് വധക്കേസിൽ പരിക്കേറ്റ സാക്ഷികളുടെ മൊഴിക്ക് കോടതി പ്രാധാന്യം നൽകി. സാക്ഷിമൊഴിയിലെ ചെറിയ വ്യത്യാസം പ്രധാന വസ്തുതയായി കാണുന്നില്ല. സംഭവം നടന്ന് 19 വർഷത്തിനുശേഷമാണ് മൊഴി നൽകിയതെന്ന് കോടതി. റിജിത്തിനൊപ്പമുണ്ടായിരൂന്ന ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ കെ.വി. നികേഷ്, ആർ.എസ്. വികാസ്, കെ.എൻ. വിമൽ എന്നിവർക്ക് പരിക്കേറ്റു. ഇവരാണ് ഒന്നുമുതൽ മൂന്നുവരെ സാക്ഷികൾ. തെളിവും ദൃക്‌സാക്ഷിമൊഴിയും മെഡിക്കൽ തെളിവും കേസ് തെളിയിക്കുന്നതിന് പ്രോസിക്യൂഷന് സഹായമായി.
മൂന്ന്, ഏഴ്, എട്ട്, ഒൻപത് പ്രതികൾ ആയുധം ഉപയോഗിച്ചില്ലെങ്കിലും പൊതുവായ ലക്ഷ്യം മുൻനിർത്തി പ്രവർത്തിച്ചതിനാൽ മുഴുവൻ പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ആയുധധാരികളല്ലാത്തതിനാൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാൻ പാടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല. മരിച്ചയാൾക്ക് സംഭവിച്ച പരിക്കിന്റെ സ്വഭാവം ആയുധം കണ്ടെത്താനോ ഹാജരാക്കാനോ കഴിഞ്ഞില്ലെങ്കിലും പ്രതിയെ വിടാനുള്ള കാരണമല്ലെന്ന് 82 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.
അപൂർവങ്ങളിൽ അപൂർവമായ കേസുകളുടെ വിഭാഗത്തിൽപ്പെടുന്നതല്ല. പ്രതികൾ മാനസികപരിവർത്തനത്തിനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. അങ്ങേയറ്റം കുറ്റകരമായ കേസുകളിൽ മാത്രമെ വധശിക്ഷ ആവശ്യമുള്ളൂ. അതിനാൽ പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
അഞ്ച് ജഡ്ജിമാർ പരിഗണിച്ച കേസ്
വിവിധ കാലയളവിൽ അഞ്ച് ജഡ്ജിമാർ കേസ് പരിഗണിച്ചു. 2018 ഒക്ടോബർ മൂന്നിന് അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി ആർ.എൽ. ബൈജു മുൻപാകെ വിചാരണ തുടങ്ങി. മൂന്ന് സാക്ഷികളെ വിസ്തരിച്ചപ്പോൾ കോടതി മാറ്റാൻ പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചു.
മൂന്ന് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചപ്പോൾ പ്രതിഭാഗം ക്രോസ് വിസ്താരം നടത്തിയില്ലെന്ന് അന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന കെ.പി. ബിനീഷ പറഞ്ഞു. കോടതി പക്ഷപാതപരമായി പ്രവർത്തിക്കുന്നെന്നായിരുന്നു ആരോപണം. കോടതി മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ വിചാരണ അഡീഷണൽ സെഷൻസ് കോടതിയിലേക്ക് (ഒന്ന്) മാറ്റി.
ജഡ്ജി ഹാരിസ് കേസ് പരിഗണിച്ചു. കോവിഡ് തുടങ്ങുന്നതിന് മുൻപ് ജഡ്ജി പി.എൻ. വിനോദാണ് കേസ് പരിഗണിച്ചത്. കോവിഡ് കാലത്ത് വിചാരണ തടസ്സപ്പെട്ടു. അതിനുഷേഷം ജഡ്ജി സിറിൽ ജോസ് ഒരു ദിവസം അരമണിക്കൂർ വാദം കേട്ടു. അന്വേഷണ ഉദ്യോഗസ്ഥൽ ടി.പി. പ്രേമരാജന്റെ ചീഫ് എക്‌സാമിനേഷനാണ് നടന്നത്.
2023 ഓഗസ്റ്റ് ഒൻപതിന് അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് മുൻപാകെ വിചാരണ തുടങ്ങി. സാക്ഷികളെ ഹാജരാക്കാനുള്ള കാലതാമസം വിചാരണ നീളാനിടയാക്കി. ഒടുവിൽ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തി ജീപര്യന്തം തടവിന് ശിക്ഷിച്ചു.
'കൊലപാതകത്തിനും കൊലപാതകശ്രമത്തിനും ശിക്ഷിച്ചത് നേട്ടം'
കൊലപാതകത്തിനൊപ്പം കൊലപാതകശ്രമത്തിനും പ്രതികളെ ശിക്ഷിക്കാൻ കഴിഞ്ഞത് പ്രോസിക്യൂഷന്റെ വിജയമാണെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ബി.പി. ശശീന്ദ്രൻ. രണ്ടാംപ്രതി അജേഷാണ് റിജിത്തിനെ പിന്നിൽനിന്ന് കുത്തിയത്. ഒരാൾ കുത്തിയപ്പോൾ മറ്റു പ്രതികൾ പിടിച്ചുവെച്ചു.
കുത്തുന്നത് തടയാൻ വന്ന സാക്ഷികളെ പ്രതികൾ ആക്രമിച്ചു. സാക്ഷികളെ നാലുപേരെയും കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശ്യം. ഇക്കാര്യവും സംഭവത്തിൽ പ്രതികളുടെ പൊതുലക്ഷ്യവും കോടതിയെ ബോധ്യപ്പെടുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞു. ഇതിലൂടെ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ഉറപ്പുവരുത്താനായി. പ്രതികളുടെ പൊതുലക്ഷ്യമുൾപ്പെടെ വിധിന്യായത്തിൽ സൂചിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.ജോലി കഴിഞ്ഞ് വരുമ്പോഴാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ കെ.എൻ. വിമൽ പറഞ്ഞു. വിധിയറിയാൻ കോടതിയിൽ എത്തിയതായിരുന്നു. കിണറിന്റെ മറവിൽനിന്നെത്തിയ 10 പേർ ആക്രമിച്ചു. ചെറുപ്പകാലത്ത് ഒന്നിച്ചുണ്ടായിരുന്നതാണ് പ്രതികളിൽ ചിലരെന്ന് കണ്ണപുരം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ വിമൽ പറഞ്ഞു.
Content Highlights: Mother of murdered CPM Kannur branch member expresses relief at the court verdict
Published: 08 Jan 2025, 07:34 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented