കണ്ണൂർ: കോർപ്പറേഷനിലെ അസി. എൻജിനീയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം അറസ്റ്റുചെയ്തു. കോർപ്പറേഷൻ എടക്കാട് സോണൽ ഓഫീസിലെ അസി. എൻജിനീയർ പി.മുഹമ്മദ് അസ്‌ലമിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കൈക്കൂലിപ്പണവുമായി പിടികൂടിയത്.

To advertise here,

കെട്ടിടപെർമിറ്റിനുള്ള അപേക്ഷ 10 മാസത്തിലധികമായി താമസിപ്പിക്കുകയും തുടർന്ന് പെർമിറ്റ് അനുവദിക്കാൻ 20,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. കൈക്കൂലി ആവശ്യപ്പെട്ട കാര്യം പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചു. തിങ്കളാഴ്ച വൈകിട്ട് കാൾടെക്സിൽ കൈക്കൂലിയുടെ ആദ്യ ഗഡുവായ 15,000 രൂപയുമായെത്താൻ പ്രതി ആവശ്യപ്പെട്ടു. പണം കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടിക്കുകയായിരുന്നു. തലശ്ശേരി വിജിലൻസ് കോടതിയിൽ പ്രതിയെ ഹാജരാക്കും.