കലവൂർ (ആലപ്പുഴ): ശൗചാലയത്തിൽ അല്ലറചില്ലറ പണികളുണ്ടെന്നും കക്കൂസ് മാലിന്യം കുഴിച്ചു മൂടണമെന്നും പറഞ്ഞാണ് കെട്ടിടനിർമാണത്തൊഴിലാളിയായ അജയനെ മാത്യൂസ് വിളിച്ചുവരുത്തിയത്. മൂന്നരയടിത്താഴ്ചയിലും രണ്ടരയടി വീതിയിലും കുഴിയെടുത്തശേഷം പിറ്റേദിവസം ബാക്കി പണിചെയ്യാൻ എത്തിയപ്പോൾ കുഴി മൂടിക്കിടക്കുന്നതാണ് കാണുന്നത്.

To advertise here,

തൊഴിലുറപ്പു തൊഴിലാളികളുടെ മാലിന്യം കുഴിയിൽ മൂടി എന്നാണ് മാത്യൂസ് മറുപടി കൊടുത്തത്. ഈ കുഴിയിൽ ഇടത്തോട്ട് ചരിഞ്ഞ നിലയിലായിരുന്നു സുഭദ്രയുടെ മൃതദേഹം കിടന്നിരുന്നത്. നൈറ്റിയാണ് ധരിച്ചിരുന്നത്. സ്വർണാഭരണങ്ങൾ ഒന്നും ശരീരത്തുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വാടകവീടിന്റെ പുരയിടത്തിൽ കഴിഞ്ഞമാസം ഒരാൾ വന്നു കുഴിയെടുത്തിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞിരുന്നു. ഈ അന്വേഷണമാണ് അജയനിലേക്ക് എത്തിയത്. ഇയാൾക്ക് കൃത്യവുമായി ബന്ധം ഇല്ലെന്നുള്ള നിഗമനത്തിലാണ് പോലീസ്. മൃതദേഹം കുഴിച്ചുമൂടാനാണ് തന്നെക്കൊണ്ട് കുഴിയെടുപ്പിച്ചത് എന്നുള്ള സംശയത്തിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട അജയൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും ശ്വാനസേനാ വിഭാഗവും തിങ്കളാഴ്ച പരിശോധന നടത്തിപ്പോയിരുന്നു. ശേഷമാണ് ചൊവ്വാഴ്ച പോലീസ് പരിശോധിച്ചത്. വാടകവീട്ടിൽ താമസിച്ചിരുന്ന മൂന്നുപേരെയും കാണാനില്ലെന്ന് അറിഞ്ഞു ഒരുമാസമായി പ്രദേശത്ത് പോലീസ് വന്നു പോകുന്നത് നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. രണ്ടര വർഷമായി മാത്യൂസും ഭാര്യയും ഇവിടെ താമസിക്കുന്നുവെന്നു മാത്രമേ അയൽവാസികൾക്ക് അറിയാമായിരുന്നുള്ളൂ. ഇടയ്ക്കിടെയെത്തുന്ന സുഭദ്രയെ തൊട്ടടുത്ത വീട്ടുകാർ മാത്രമേ കണ്ടിട്ടുള്ളൂ.

ഒരു സ്ത്രീയെ കുഴിച്ചുമൂടിയിരിക്കുന്നു എന്നുള്ള വിവരമറിഞ്ഞ് നാട്ടുകാർ വീടിനു ചുറ്റും തടിച്ചുകൂടി. ആരെന്നറിയാനുള്ള അമ്പരപ്പിലായിരുന്നു എല്ലാവരും. ഒന്നരമണിക്കൂർ എടുത്താണ് പോലീസ് മൃതദേഹം പുറത്തെടുത്തത്.

കാലിലെ കെട്ട് തിരിച്ചറിയാൻ കാരണമായി

:സ്ഥിരമായി മുട്ടുവേദനയുള്ള സുഭദ്ര ആശ്വാസത്തിനായി ഇടതുമുട്ടിൽ എപ്പോഴും ഒരു കെട്ടിടുമായിരുന്നു. തിരിച്ചറിയാനാവാത്തവിധം ജീർണിച്ച മൃതദേഹം പെട്ടെന്നു തിരിച്ചറിയാൻ മക്കളെ സഹായിച്ചത് ഈ കെട്ടാണ്.

placeholder
മാത്യൂസ്, ശർമിള

വിവാഹത്തിന് ഒപ്പംനിന്നത് കൊല്ലപ്പെട്ട സുഭദ്ര

കലവൂർ: കൊല്ലപ്പെട്ട സുഭദ്ര ഒപ്പംനിന്നാണ് കാണാതായ ദമ്പതിമാരുടെ വിവാഹം നടത്തിയത്. മാത്യൂസുമായുള്ള വിവാഹസമയത്ത് ഉഡുപ്പിക്കാരിയായ ശർമിളയുടെ ബന്ധുക്കൾ ഇല്ലാഞ്ഞതിനാൽ കാര്യങ്ങൾ നടത്തിയത് സുഭദ്രയായിരുന്നു. കെട്ടിടനിർമാണത്തൊഴിലാളിയായ മാത്യൂസിന്റെ രണ്ടാം വിവാഹമായിരുന്നു.

സുഭദ്ര വിവിധ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതു പതിവായിരുന്നു. അപ്പോഴൊക്കെ ദമ്പതിമാർക്കൊപ്പം കലവൂരിലെ വാടകവീട്ടിൽ താമസിക്കുമായിരുന്നു. അമ്മയുടെ സഹോദരിയാണെന്നാണ് ചോദിച്ചവരോടൊക്കെ ശർമിള പറഞ്ഞത്. ദമ്പതിമാർക്ക് അയൽവാസികളുമായി വലിയ ബന്ധവുമില്ലായിരുന്നു. കടവന്ത്രയിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന സുഭദ്ര മക്കളോടു പറയാതെയാണ് ഇത്തവണ പോന്നത്. ശർമിള എറണാകുളത്തെത്തി സുഭദ്രയെയും കൂട്ടിപ്പോരുകയായിരുന്നു. എന്നാൽ, ശർമിളയെ അറിയില്ലെന്ന് സുഭദ്രയുടെ മക്കൾ പറഞ്ഞു. കഴിഞ്ഞ മാസം ഏഴിനോ എട്ടിനോ ആകാം കൊല നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. കടവന്ത്ര പോലീസിൽ ലഭിച്ച പരാതി മണ്ണഞ്ചേരി പോലീസിനു കൈമാറുകയായിരുന്നു. ആലപ്പുഴ എസ്.പി. എം.പി. മോഹനചന്ദ്രൻ, ഡിവൈ.എസ്.പി. എം.ആർ. മധുബാബു, മണ്ണഞ്ചേരി എസ്.എച്ച്.ഒ. എം.കെ. രാജേഷ് തുടങ്ങിയവർ അന്വേഷണത്തിനു നേതൃത്വം നൽകി.

വലവിരിച്ചു പോലീസ് കാത്തിരുന്നു; മാത്യൂസും ശർമിളയും വന്നുപോയി

കലവൂർ : സുഭദ്ര കൊലക്കേസിൽ മാത്യൂസിനും ശർമിളയ്ക്കുംവേണ്ടി വലവിരിച്ച് പോലീസ് ഊർജിതമായി അന്വേഷണം നടത്തുന്നതിനിടയിൽ ഇരുവരും കഴിഞ്ഞമാസം അവസാനം കാട്ടൂരിൽ വന്നുപോയതായി നാട്ടുകാർ പറഞ്ഞു. വന്നതറിഞ്ഞ് പോലീസ് എത്തിയപ്പോഴേക്കും ഇരുവരും കടന്നിരുന്നു.

placeholder

മാത്യൂസിന്റെ സുഹൃത്ത് റെയ്നോൾഡിനെ കാണാനാണ് ഇവരെത്തിയതെന്നു പോലീസ് സ്ഥിരീകരിച്ചു. വീട്ടിലെത്തിയെങ്കിലും റെയ്നോൾഡിനെ ഇവർക്കു കാണാനായില്ല. ഇരുവർക്കും കാട്ടൂരിൽ വീട് വാടകയ്ക്കു തരപ്പെടുത്തിക്കൊടുത്തതും സഹായമായി നിന്നതും റെയ്നോൾഡായിരുന്നു. ഇയാളെ പോലീസ് ചോദ്യംചെയ്തെങ്കിലും വിട്ടയച്ചു.

ആദ്യഘട്ടത്തിൽ കടവന്ത്ര പോലീസ് കോർത്തുശ്ശേരിയിലെ വീട്ടിലെത്തി പരിശോധിച്ചിരുന്നു. മണ്ണിളകി കിടന്നിടത്തെ അസ്വാഭാവികതയിൽ സംശയം തോന്നിയിരുന്നെങ്കിൽ പ്രതികളെ നേരത്തേ കണ്ടെത്താമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഉഡുപ്പി സ്വദേശിനിയായ ശർമിളയെക്കുറിച്ച് മാത്യൂസിന്റെ ബന്ധുക്കൾക്ക് വ്യക്തമായ അറിവില്ല. മാത്യൂസിന്റെ കന്ന്യാസ്ത്രീയായ സഹോദരിക്ക്‌ കോൺവെന്റിൽവെച്ച് ശർമിളയുമായുള്ള പരിചയമാണ് വിവാഹാലോചനയിലെത്തിയത്.

പണികഴിഞ്ഞു വീട്ടിലെത്തിയാൽ മാത്യൂസും ശർമിളയും ഒരുമിച്ചിരുന്നു മദ്യപിച്ച് ബഹളമുണ്ടാക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. വിവാഹംകഴിഞ്ഞ് മാത്യൂസിന്റെ കുടുംബവീടായ കാട്ടൂർ പള്ളിപ്പറമ്പിൽ വീട്ടിലാണ് ഇരുവരും ആദ്യം താമസിച്ചത്.

ബന്ധുക്കളുമായി ശർമിള പൊരുത്തപ്പെടാതെ വന്നതോടെയാണ് വാടകയ്ക്കു മാറിയത്. ആരുടെയെങ്കിലും ഇല്ലായ്മ കേട്ടാൽ മനസ്സലിയുന്ന സ്വഭാവമാണ് അമ്മയുടേതെന്നാണ് കൊല്ലപ്പെട്ട സുഭദ്രയുടെ മക്കൾ പറയുന്നത്.

എറണാകുളത്തുനിന്നു കാണാതായ വയോധിക കൊല്ലപ്പെട്ടു മൃതദേഹം കലവൂരിൽ കുഴിച്ചിട്ട നിലയിൽ

കലവൂർ: എറണാകുളത്തുനിന്നു കാണാതായ വയോധികയുടെ മൃതദേഹം ആലപ്പുഴ കലവൂരിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. ഒപ്പം താമസിപ്പിച്ച ദമ്പതിമാരെ കാണാനില്ല. കടവന്ത്ര ഹാർമണി ഹോംസ് ചക്കാലമഠത്തിൽ സുഭദ്രയാ(73)ണു കൊല്ലപ്പെട്ടത്.

ഇവർ, ആലപ്പുഴ കാട്ടൂർ സ്വദേശി മാത്യൂസ് (നിധിൻ-38), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള (36) എന്നിവർക്കൊപ്പം അവരുടെ കലവൂരിലെ വാടകവീട്ടിലാണ് ഇടയ്ക്കിടെ താമസിച്ചിരുന്നത്. പുറത്തെടുത്ത മൃതദേഹം സുഭദ്രയുടെ മക്കളായ രാജീവും രാധാകൃഷ്ണനും തിരിച്ചറിഞ്ഞു. സംഭവശേഷം കാണാതായ ദമ്പതിമാരെ തിരയുകയാണെന്നു പോലീസ് പറഞ്ഞു. പ്രതികൾ സംസ്ഥാനം വിട്ടതായാണു നിഗമനം.

placeholder

കലവൂർ കോർത്തുശ്ശേരി ക്ഷേത്രത്തിനുസമീപം പഴമ്പാശ്ശേരിയിൽ വിൽസന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടത്. ദമ്പതിമാർ ഇവിടെ വാടകയ്ക്കു താമസിക്കുകയായിരുന്നു. സുഭദ്രയെ കാണാനില്ലെന്നുകാട്ടി മകൻ രാധാകൃഷ്ണൻ ഓഗസ്റ്റ് നാലിന് കടവന്ത്ര പോലീസിൽ പരാതി നൽകിയിരുന്നു.

ഫോൺരേഖകൾ പരിശോധിച്ചപ്പോൾ സുഭദ്ര ഒടുവിൽ വിളിച്ചത് മാത്യൂസിനെയാണെന്നു വ്യക്തമായി. അവസാന ഫോൺ ലൊക്കേഷൻ കലവൂരിലാണെന്നതും സംശയത്തിനിടയാക്കി. ഇതു ചോദിച്ചറിയാൻ മാത്യൂസിനോട്‌ ആലപ്പുഴ മണ്ണ‍ഞ്ചേരി സ്റ്റേഷനിലെത്താൻ പോലീസ് ഓഗസ്റ്റ് 10-ന് ആവശ്യപ്പെട്ടു. അതോടെ മാത്യൂസും ശർമിളയും ഫോൺ ഓഫ് ചെയ്ത് മുങ്ങുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തുന്നതിൽ മികവുള്ള കഡാവർ നായയെ തിങ്കളാഴ്ച വൈകീട്ട് പോലീസ് കലവൂരിലെ വീട്ടിൽ കൊണ്ടുവന്നു. അതു കുഴിക്കു സമീപമെത്തി. മുൻപൊരുദിവസം കുഴിയെടുക്കുന്നതു കണ്ടതായി അയൽവാസി പറഞ്ഞതോടെയാണ് കുഴിച്ചുനോക്കാൻ തീരുമാനിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൃതദേഹം കണ്ടെത്തി.

സുഭദ്രയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കാനാകാം കൊല നടത്തിയതെന്നു സംശയിക്കുന്നു. സ്വർണം വിറ്റത് മംഗളൂരുവിലും ആലപ്പുഴയിലുമുള്ള ജൂവലറികളിലാണ്. ആലപ്പുഴയിലെ ജൂവലറിയിൽനിന്ന് 27,000 രൂപ മാത്യൂസിന്റെ ഗൂഗിൾ പേ നമ്പരിലേക്കു വന്നതായി പോലീസ് കണ്ടെത്തി. അനാഥയായ ശർമിള എറണാകുളത്ത് ഒരു കോൺവെന്റിൽ താമസിച്ചിരുന്നു. അപ്പോഴാണ് അടുത്തുള്ള സുഭദ്രയുമായി ബന്ധമായതെന്നു പറയുന്നു.