
കോട്ടയം: ജെസ്നയുടെ തിരോധാനത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി മുണ്ടക്കയത്തെ മുന്‍ ലോഡ്ജ് ജീവനക്കാരി. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്നാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത്. ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നും ലോഡ്ജുടമ ബിജുസേവ്യറും പ്രതികരിച്ചു.
ലോഡ്ജിലെ മുന്‍ ജീവനക്കാരി പറയുന്നത്
''ലോഡ്ജില്‍വെച്ചാണ് അന്ന് ജെസ്നയെ കണ്ടത്. ഈ കൊച്ചെന്താണ് ഇവിടെ നില്‍ക്കുന്നത് മുതലാളിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം വഴക്കുണ്ടാക്കി. ഇത് ലോഡ്ജാണ് പലരും വരും നിനക്ക് ഇതിലൊന്നും ഇടപെടേണ്ട കാര്യമില്ലെന്നായിരുന്നു അയാളുടെ മറുപടി. ഇവിടെയുള്ള കാര്യങ്ങള്‍ ടൗണില്‍ പറഞ്ഞാല്‍ നിന്നെ തീര്‍ത്തുകളയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ക്രൈംബ്രാഞ്ച് വന്നപ്പോള്‍ ഇക്കാര്യങ്ങളെല്ലാം പറഞ്ഞു. ബിജു എന്നാണ് ലോഡ്ജ് ഉടമയുടെ പേര്. അന്ന് അയാളെ പത്തനംതിട്ട പോലീസ് ഓഫീസില്‍ കൊണ്ടുപോയി ചോദ്യംചെയ്തിരുന്നു.
കാണാതായതിന് ശേഷം പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണ് ജെസ്നയെ തിരിച്ചറിഞ്ഞത്. ലോഡ്ജില്‍നിന്ന് കണ്ടിട്ട് രണ്ടുമാസത്തിന് ശേഷമാണ് പത്രത്തിലെ ഫോട്ടോ കണ്ടത്. അന്ന് വന്ന കൊച്ചല്ലേ ഇതെന്ന് ബിജുവിനോട് ചോദിച്ചപ്പോള്‍ നിനക്ക് വേറെ പണിയൊന്നുമില്ലേ എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ആവശ്യമില്ലാത്ത പണിയൊന്നും ഉണ്ടാക്കരുതെന്നും പറഞ്ഞു.
അന്ന് ലോഡ്ജില്‍ ഒരു പയ്യനും ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളത്ത് ഒരു പരീക്ഷയ്ക്ക് പോവുകയാണെന്നും അതിന് വന്നതാണെന്നും പറഞ്ഞു. അവര്‍ ഒരുദിവസം ലോഡ്ജില്‍ നിന്നിട്ടില്ല. മൂന്നോ നാലോ മണിക്കൂര്‍ അവിടെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കണ്ടത്. അഞ്ചുമണിക്ക് മുന്‍പ് ഇറങ്ങിപ്പോയി. ലോഡ്ജില്‍ സിസിടിവി ക്യാമറയില്ല. വരുന്ന എല്ലാവരുടെയും പേര് രജിസ്റ്ററില്‍ എഴുതാറുമില്ല.
അന്ന് എന്നെ കണ്ടപ്പോള്‍ ആ കുട്ടി ചിരിച്ചിരുന്നു. അപ്പോഴാണ് പല്ലില്‍ കമ്പിയിട്ടത് ശ്രദ്ധിച്ചത്. 25 വയസ്സ് പ്രായം തോന്നിക്കുന്ന വെളുത്ത് മെലിഞ്ഞ ഒരു പയ്യനായിരുന്നു കൂടെയുണ്ടായിരുന്നത്. ജെസ്നയുടെ മുഖം ശരിക്കും ഓര്‍മയുണ്ട്. പയ്യനെ ഇപ്പോള്‍ കണ്ടാല്‍ മനസിലാകില്ല. പിങ്ക് വസ്ത്രം ധരിച്ചാണ് ലോഡ്ജില്വന്നത്. 102-ാം നമ്പര്‍ മുറിയാണ് എടുത്തത്. അത് രജിസ്റ്ററില്‍ എഴുതിയിരുന്നില്ല.
ലോഡ്ജിൽ പലരും വരാറുണ്ട്. എന്നെ പിന്നീട് ലോഡ്ജില്‍നിന്ന് ഇറക്കിവിട്ടു. അതിനുശേഷം ലോഡ്ജുടമ ആള്‍ക്കാരോട് എന്നെക്കുറിച്ച് മോശമായി പലതും പറഞ്ഞുണ്ടാക്കി. ബിജുവിനെതിരേ കേസും കൊടുത്തിട്ടുണ്ട്. ഇതിനുപിന്നാലെയാണ് അന്നത്തെ സംഭവങ്ങള്‍ വെളിപ്പെടുത്താന്‍ തീരുമാനിച്ചത്.
ഇക്കാര്യം വേറെ ആരോടും സംസാരിച്ചിരുന്നില്ല. സി.ബി.ഐ. ഇതുവരെ എന്നോട് വിവരം തിരക്കിയിട്ടില്ല. എന്നോട് ആര് ചോദിച്ചാലും ഇത് പറയും. എന്നെ ആരും കൊല്ലാതിരുന്നാല്‍ മതി'', ജീവനക്കാരി പറഞ്ഞു.
ലോഡ്ജുടമയുടെ പ്രതികരണം
''വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നാണ് മുന്‍ജീവനക്കാരി ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ജാതിപ്പേര് വിളിച്ചെന്ന് പറഞ്ഞ് അവര്‍ തനിക്കെതിരേ കേസ് കൊടുത്തിരുന്നു. എന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ലോഡ്ജില്‍ സിസിടിവിയില്ല. ആകെ എട്ട് മുറികളേയുള്ളൂ. എന്റെ ഓര്‍മയില്‍ അങ്ങനെ ഒരാള്‍ വന്നിട്ടില്ല. വിഷയത്തില്‍ ഒരു ഡിവൈ.എസ്.പി. പത്തനംതിട്ടയിലേക്ക് വിളിപ്പിച്ച് അന്വേഷണം നടത്തിയിരുന്നു. ജീവനക്കാരിയെയും വിളിപ്പിച്ചു. അന്ന് മൊബൈല്‍ഫോണ്‍ അടക്കം എല്ലാം പരിശോധിച്ചു.
ലോഡ്ജില്‍നിന്ന് വരുന്നവരില്‍നിന്ന് പൈസ പിരിക്കുക, മുറിയില്‍ അനാവശ്യമായി തട്ടുക എന്നതൊക്കെയായിരുന്നു ജീവനക്കാരിയുടെ രീതി. ഇതോടെ അവരെ ജോലിയില്‍നിന്ന് പറഞ്ഞുവിട്ടു. ലോഡ്ജില്‍നിന്ന് ഇറക്കിവിട്ടതിന് ശേഷമാണ് അഞ്ചുലക്ഷവും വീടും കൊടുത്തില്ലെങ്കില്‍ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്'', ലോഡ്ജുടമ പ്രതികരിച്ചു.
Content Highlights: jesna missing case mundakkayam lodge employee reveals some details
Published: 18 Aug 2024, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented