
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതിരേഖകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, നടന്‍ ലിയോനാര്‍ഡോ ഡി കാപ്രിയോ, സ്റ്റീഫന്‍ ഹോക്കിങ്, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ തുടങ്ങിയവരുടെ പേരുകളാണ് രേഖകളില്‍ പരാമര്‍ശിച്ചിരുന്നത്. ഇവരില്‍ മിക്കവര്‍ക്കും ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധമില്ലെങ്കിലും കുറ്റവാളിയായ എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതായാണ് രേഖകളില്‍നിന്ന് വ്യക്തമാകുന്നത്.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഒടുവിലത്തെ കോടതിരേഖകളില്‍ മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനങ്ങളെക്കുറിച്ചുള്ള മൊഴികളും ഉള്‍പ്പെടുന്നുണ്ട്. എപ്സ്റ്റീന്റെ മുന്‍ ഹൗസ് മാനേജരായ ജൂവാന്‍ അലെസ്സിയാണ് ട്രംപ് അടക്കമുള്ളവരുടെ സന്ദര്‍ശനത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.
മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്റെ സൗത്ത് ഫ്‌ളോറിഡയിലെ വസതിയില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ 'മസാജ്' ചെയ്തിട്ടില്ലെന്നുമായിരുന്നു അലെസ്സിയുടെ മൊഴി. അതേസമയം, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍ 'മസാജ്' ചെയ്തിട്ടുണ്ടെന്നും അലെസ്സി വെളിപ്പെടുത്തുന്നു. പ്രമുഖരായ പലരെയും എപ്സ്റ്റീന്റെ വസതിയില്‍ പതിവായി കണ്ടിട്ടുണ്ടെന്നും കേസിന്റെ ഭാഗമായി അലെസ്സി മൊഴി നല്‍കിയിട്ടുണ്ട്.
ആന്‍ഡ്രൂ രാജകുമാരന്‍ എപ്സ്റ്റീന്റെ വസതിയില്‍ ആഴ്ചകളോളം ചിലവഴിച്ചതായാണ് വെളിപ്പെടുത്തല്‍. അതിഥികള്‍ക്കുള്ള പ്രധാന കിടപ്പുമുറിയിലായിരുന്നു ആന്‍ഡ്രൂ രാജകുമാരന്‍ ഉറങ്ങിയിരുന്നത്. ഇദ്ദേഹത്തിന് ദിവസവും 'മസാജ്' ചെയ്തിരുന്നതായും അലെസ്സിയുടെ മറുപടിയായി കോടതിരേഖകളില്‍ രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ഡൊണാള്‍ഡ് ട്രംപ് എപ്സ്റ്റീന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും അവിടെ താമസിച്ചിട്ടില്ലെന്നായിരുന്നു മുന്‍ ഹൗസ് മാനേജര്‍ നല്‍കിയ മൊഴി. അദ്ദേഹം അത്താഴത്തിനാണ് വന്നിരുന്നത്. ഒരിക്കലും മേശയിലിരുന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. പകരം തന്നോടൊപ്പം അടുക്കളയിലിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നതെന്നും അലെസ്സി വെളിപ്പെടുത്തി. എപ്സ്റ്റീന്റെ വീട്ടില്‍വെച്ച് ട്രംപ് മസാജ് ചെയ്തിരുന്നോ എന്ന ചോദ്യത്തിന് 'ഇല്ല, കാരണം അദ്ദേഹത്തിന് സ്വന്തം സ്പാ ഉണ്ടായിരുന്നു' എന്നാണ് മുന്‍ ഹൗസ് മാനേജര്‍ മറുപടി നല്‍കിയത്.
റഷ്യന്‍ മോഡല്‍ ജീവനൊടുക്കി...
ജെഫ്രി എപ്സ്റ്റീനൊപ്പം അയാളുടെ 'പീഡൊഫൈല്‍ ദ്വീപി'ലേക്ക് യാത്രചെയ്ത റഷ്യന്‍ മോഡല്‍ രണ്ടുവര്‍ഷത്തിന് ശേഷം ജീവനൊടുക്കിയെന്നും പുറത്തുവന്ന കോടതിരേഖകളില്‍ പറയുന്നുണ്ട്. ലൈംഗിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് എപ്സ്റ്റീന്‍ അറസ്റ്റിലാകുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റഷ്യന്‍ മോഡലായ റുസ്‌ലാന കോഷ്‌നോവ ഇയാള്‍ക്കൊപ്പം ദ്വീപിലേക്ക് യാത്രചെയ്തത്. തുടര്‍ന്ന് രണ്ടുവര്‍ഷത്തിന് ശേഷം, 2008-ല്‍ ന്യൂയോര്‍ക്കിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് ചാടിയാണ് യുവതി ജീവനൊടുക്കിയതെന്നും പുറത്തുവന്ന രേഖകളില്‍ വിശദീകരിക്കുന്നു.
വിര്‍ജീനിയ ദ്വീപുകളിലാണ് എപ്സ്റ്റിന്റെ സ്വകാര്യ ദ്വീപുണ്ടായിരുന്നത്. പെണ്‍കുട്ടികളെ ഇവിടേക്ക് കൊണ്ടുവന്ന് ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായിരുന്നു എപ്സ്റ്റീന്റെ പതിവ്. 'പീഡൊഫൈല്‍ ദ്വീപ്' എന്നറിയപ്പെടുന്ന ഇവിടെ പ്രമുഖരെ അടക്കം ക്ഷണിച്ച് വന്‍ സെക്‌സ് പാര്‍ട്ടികളും അരങ്ങേറിയിരുന്നു.
റഷ്യന്‍ മോഡലായ കോഷ് നോവ എപ്സ്റ്റീനൊപ്പം അയാളുടെ 'ലോലിറ്റ എക്‌സ്പ്രസ്' വിമാനത്തിലാണ് ദ്വീപിലേക്ക് യാത്രചെയ്തത്. അന്ന് 18 വയസ്സായിരുന്നു കോഷ് നോവയുടെ പ്രായം. 2006 ജൂണ്‍ ഏഴാം തീയതിയാണ് കോഷ് നോവ എപ്സ്റ്റീന്റെ വിമാനത്തില്‍ യാത്രചെയ്തതെന്നാണ് യാത്രാരേഖകളില്‍ വ്യക്തമാക്കുന്നത്.
ഇരുവര്‍ക്കും പുറമേ എപ്സ്റ്റീന്റെ ബോഡിഗാര്‍ഡും, പാചകക്കാരനും സഹായിയും വിമാനത്തിലുണ്ടായിരുന്നു. അതേസമയം, എപ്സ്റ്റീനൊപ്പം ദ്വീപിലെത്തിയ ശേഷം എന്തെല്ലാം സംഭവിച്ചുവെന്നതില്‍ വിവരങ്ങളില്ല.
എപ്സ്റ്റീനൊപ്പം ദ്വീപ് സന്ദര്‍ശിച്ച് രണ്ടുവര്‍ഷത്തിന് ശേഷമായിരുന്നു കോഷ്‌നോവയുടെ ആത്മഹത്യ. ഡി.കെ.എന്‍.വൈ, മാര്‍ക് ജേക്കബ്‌സ് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മോഡലായിരുന്നു കോഷ് നോവ. 2008-ല്‍ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റ് അപ്പാര്‍ട്ട്‌മെന്റിലെ ഒമ്പതാംനിലയില്‍നിന്ന് ചാടിയാണ് കോഷ് നോവ ജീവനൊടുക്കിയത്.
ജെഫ്രി രേഖകളില്‍ ഞെട്ടി യു.എസ്...
കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോടതിരേഖകള്‍ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്ന് തുടങ്ങിയത്. ജെഫ്രിയുടെ അതിക്രമത്തിനിരയായ വിര്‍ജീനിയ ജിഫ്ര, ഇയാളുടെ മുന്‍ കാമുകിയും കൂട്ടാളിയുമായ ഗിലേന്‍ മാക്‌സ്‌വെല്ലിനെതിരേ നല്‍കിയ കേസുമായി ബന്ധപ്പെട്ടുള്ള രേഖകളാണിത്. കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട മാക്‌സ്‌വെല്‍ നിലവില്‍ ജയിലിലാണ്.
നിരവധി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത എപ്സ്റ്റീന്‍ 2006-ലാണ് അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെയാണ് 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
Content Highlights: jeffrey epstein case donald trump massage
Published: 06 Jan 2024, 01:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented