ചെന്നൈ: ചെന്നൈയിൽ സബ് ഇൻസ്‌പെക്ടറെ ഭാര്യ തീകൊളുത്തിക്കൊന്നു. സായുധസേനയിൽ സബ് ഇൻസ്‌പെക്ടറായ രാജാണ് (58) മരിച്ചത്.

To advertise here,

സംഭവത്തിൽ രാജിന്റെ ഭാര്യയായ കന്യാകുമാരി സ്വദേശി സെൽവറാണിയെ (32) പോലീസ് അറസ്റ്റ് ചെയ്തു. സെൽവറാണി രാജിനെ ഉറക്കഗുളിക നൽകി മയക്കിയശേഷം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ദേവ എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദേവയ്ക്കായി തിരച്ചിൽ നടത്തുകയാണ്. കഴിഞ്ഞ ദിവസം രാജ് സെൽവറാണിയോടൊപ്പം പുറത്തുപോയി വസ്ത്രങ്ങൾ വാങ്ങിവന്ന് ഭക്ഷണം കഴിച്ച് ഉറങ്ങുകയായിരുന്നു.

കുറച്ചുനേരത്തിനുശേഷം രാജിന്റെ മുറിയിൽനിന്ന് പുക വമിക്കുന്നതു കണ്ട് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടത്. നുംഗംപാക്കം പോലീസ് രാജിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

ഫൊറൻസിക് പരിേശാധനയിൽ പെട്രോളിന്റെ അംശം കണ്ടെത്തിയത് സംശയത്തിനിടയാക്കി. ഇതേക്കുറിച്ച് ഭാര്യയോടു തിരക്കിയപ്പോൾ രാജ് അടുത്തിടെ ഒരു പോക്‌സോ കേസിൽ ഉൾപ്പെട്ടിരുന്നെന്നും അതിന്റെ മാനസിക സമ്മർദത്തിൽ ജീവനൊടുക്കിയതാണെന്നും സെൽവറാണി വ്യക്തമാക്കി.

തുടർന്ന് പോലീസ് അയൽവാസികളുമായി സംസാരിച്ചപ്പോഴാണ് രാജും സെൽവറാണിയും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നതായി മനസ്സിലാക്കിയത്. സംശയം തോന്നിയ പോലീസ് സെൽവറാണിയെ വീണ്ടും വിശദമായി ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയത് താനാണെന്നു സമ്മതിക്കുകയായിരുന്നു.

അതിനിടയിൽ കൊലപാതകം നടന്ന സമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇവരുടെ വീടിനു സമീപം ബൈക്കിൽ ചുറ്റിത്തിരിയുന്ന ഒരാളുടെ ദൃശ്യവും ലഭിച്ചു.

ഇതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പരിചയക്കാരനായ ദേവൻ എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സെൽവറാണി വ്യക്തമാക്കിയത്. താനും ദേവനുമായുള്ള അടുപ്പത്തെക്കുറിച്ച് സെൽവറാണി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും ദേവനെ പിടികൂടിയാലേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.