
ന്യൂഡൽഹി: പാകിസ്താനു വേണ്ടി ചാരവൃത്തി നടത്തിയതിനു പിടിയിലായ യുട്യൂബർ ജസ്ബീർ സിങ്ങിന് നേരത്തേ സമാനമായ കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ ജ്യോതി മൽഹോത്രയുമായി അടുത്ത ബന്ധമെന്ന് പഞ്ചാബ് പോലീസ്. പഞ്ചാബിലെ രൂപ്നഗർ ജില്ലയിലെ മഹ്ലാൻ സ്വദേശിയും 'ജാൻ മഹൽ' എന്ന യൂട്യൂബ് ചാനൽ ഉടമയുമായ ജസ്ബീർ സിങ്ങിന് പാകിസ്താൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതായി പഞ്ചാബ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഗൗരവ് യാദവ് നേരത്തേ അറിയിച്ചിരുന്നു
ചാരവൃത്തിയുടെ പേരിൽ നേരത്തെ ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത മൽഹോത്രയുമായും ഇയാൾക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവന്നാണ് പഞ്ചാബ് പോലീസിന്റെ ആരോപണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനായിരുന്ന, പിന്നീട് പുറത്താക്കപ്പെട്ട അഹ്സാനുർ റഹീം എന്ന ഡാനിഷുമായും ഇയാൾ ബന്ധം പുലർത്തിയിരുന്നതായി ഗൗരവ് യാദവ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ഡൽഹിയിൽ പാകിസ്താൻ ദേശീയ ദിന പരിപാടിയിൽ ജ്യോതി മൽഹോത്രയെ ജസ്ബീർ കണ്ടിരുന്നതായും ഇരുവരും പാക് സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചതായും വെളിപ്പെട്ടിട്ടുണ്ട്.
'ഡാനിഷിന്റെ ക്ഷണപ്രകാരം ഡൽഹിയിൽ നടന്ന പാകിസ്താൻ ദേശീയ ദിന പരിപാടിയിൽ ജസ്ബീർ പങ്കെടുത്തതായും അവിടെവെച്ച് പാക് സൈനിക ഉദ്യോഗസ്ഥരെയും വ്ലോഗർമാരെയും കണ്ടതായും വെളിപ്പെട്ടിട്ടുണ്ട്. ഇയാൾ മൂന്ന് തവണ (2020, 2021, 2024) പാകിസ്താനിലേക്ക് യാത്ര ചെയ്തു, ഇയാളുടെ ഇലക്ട്രോണിക് ഉപകരണങ്ങളിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള നിരവധി നമ്പരുകൾ അടങ്ങിയിരുന്നു, അവ ഇപ്പോൾ വിശദമായ ഫോറൻസിക് പരിശോധനയിലാണ്.' യാദവ് പറഞ്ഞു.
മൽഹോത്രയുടെ അറസ്റ്റിന് ശേഷം, പാക് ഉദ്യോഗസ്ഥരുമായുള്ള ആശയവിനിമയങ്ങളുടെ തെളിവുകൾ നശിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. 'ട്രാവൽ വിത്ത് ജോ' എന്ന യൂട്യൂബ് ചാനൽ നടത്തിയിരുന്ന ഹിസാർ സ്വദേശി ജ്യോതി മൽഹോത്രയെ കഴിഞ്ഞ മാസമാണ് അറസ്റ്റ് ചെയ്തത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്താന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യം വിവരങ്ങൾ പലപ്പോഴായി ചോർന്നതായി സംശയിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് ചാരവൃത്തി നടത്തിയതിന് വിവിധ സംസ്ഥാനങ്ങളിലായി പലരും അറസ്റ്റിലായത്.
രാജസ്ഥാൻ തൊഴിൽ മന്ത്രാലയത്തിൽ അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ ഷക്കൂർ ഖാൻ തിങ്കളാഴ്ച്ച് രാജസ്ഥാൻ പോലീസിന്റെ പിടിയിലായിരുന്നു. പാകിസ്താൻ ഹൈക്കമ്മീഷനുമായി ബന്ധമുള്ള വ്യക്തികളുമായി ഇയാൾ ബന്ധപ്പെട്ടതായി പൊലീസ് പറയുന്നു. ഹൈക്കമ്മീഷനിലുള്ള അഹ്സാനുർ റഹീം, സുഹൈൽ ഖമർ എന്നിവരുമായി ഇയാൾക്ക് ഏറെ അടുപ്പമുള്ളതായി ഇൻസ്പെക്ടർ ജനറൽ വിഷ്ണു കാന്ത് ഗുപ്ത പറഞ്ഞു.
അസാനുർ റഹീമിന്റെ സഹായത്തോടെ വിസ സമ്പാദിച്ച് ഷക്കൂർ ഖാൻ പലതവണ പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നതായും കണ്ടെത്തി. സന്ദർശന വേളയിൽ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരുമായി ഖാൻ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം തന്ത്രപ്രധാനമായ വിവരങ്ങൾ ശേഖരിക്കുകയും വാട്ട്സ്ആപ്പ് വഴി പാകിസ്താനിലുള്ളവർക്ക് കൈമാറുകയും ചെയ്തു.
ചൊവ്വാഴ്ച്ചയാണ് പഞ്ചാബിൽനിന്ന് മറ്റൊരാളെകൂടി പഞ്ചാബ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ബുധനാഴ്ച്ചയാണ് ഇയാൾ യുട്യൂബർ ജസ്ബീർ സിങ്ങാണെന്ന് പോലീസ് വെളിപ്പെടുത്തിയത്. പാകിസ്താനിലുള്ള ഖലിസ്താൻ അനുകൂല നേതാവ് ഗോപാൽ സിംഗ് ചൗളയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
Content Highlights: YouTuber Jasbir Singh, linked to Jyoti Malhotra; espionage case investigation
Published: 04 Jun 2025, 03:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented