മുട്ടം: ഇടുക്കി ഗവ. എന്‍ജിനീയറിങ് കോേളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ(22) കുത്തിക്കൊന്ന കേസില്‍ ഒന്നാംപ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന് ജാമ്യം ലഭിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി(25)ക്കാണ് ജില്ലാ സെഷന്‍സ് ജഡ്ജി പി.എസ്.ശശികുമാര്‍ ജാമ്യമനുവദിച്ചത്. സംഭവം നടന്ന് 85 ദിവസത്തിനുശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. എട്ട് പ്രതികളുള്ള കേസില്‍ ഇതോടെ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു.

To advertise here,

ധീരജിനെ കുത്താനുപയോഗിച്ച കത്തി കണ്ടെത്താനാകാത്തതാണ് കേസന്വേഷണത്തിന് തിരിച്ചടിയായത്. ഓടിരക്ഷപ്പെടുന്നതിനിടെ വനത്തിലേക്ക് വലിച്ചെറിഞ്ഞെന്നാണ് നിഖില്‍ പൈലി നല്‍കിയ മൊഴി. ഇതനുസരിച്ച്, പ്രതിയുമായെത്തിയും അല്ലാതെയും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.

കേസിലെ രണ്ടുമുതല്‍ ആറുവരെ പ്രതികളായ ജെറിന്‍ ജോജോ(22), ജിതിന്‍ തോമസ് ഉപ്പുമാക്കല്‍(24), ടോണി എബ്രഹാം തേക്കിലക്കാടന്‍(23), നിതിന്‍ ലൂക്കോസ്(25), സോയിമോന്‍ സണ്ണി(28) എന്നിവര്‍ക്ക് കഴിഞ്ഞ 19-നാണ് ജാമ്യം ലഭിച്ചത്. കേസിലെ ഏഴാംപ്രതി ജസിന്‍ ജോയി(23), എട്ടാംപ്രതി അലന്‍ ബേബി(24) എന്നിവര്‍ക്ക് നേരത്തേതന്നെ ജാമ്യം ലഭിച്ചിരുന്നു. ജനുവരി 10-ന് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടയിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ധീരജിനെ കുത്തിക്കൊന്നത്.

നിഖില്‍ പൈലിയെ കള്ളക്കേസില്‍ കുടുക്കിയതെന്ന് എം.പി.

തൊടുപുഴ: ഇടുക്കി എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നിഖില്‍ പൈലിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ഡീന്‍ കുര്യാക്കോസ് എം.പി. ആരോപിച്ചു.

പ്രതിക്ക് ജാമ്യം ലഭിച്ച വിവരമറിയിച്ചുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നിഖില്‍ പൈലിക്കുവേണ്ടി നിയമസഹായം നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന് പോസ്റ്റില്‍ അഭിവാദ്യം അര്‍പ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് നിഖില്‍ പൈലിക്ക് ജാമ്യം കിട്ടിയത്.

ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

'88 ദിവസങ്ങള്‍ക്കുശേഷം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്ക് കോടതി ജാമ്യം അനുവദിച്ചു. നിരന്തരമായ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. എസ്.അശോകന് അഭിവാദ്യങ്ങള്‍. സത്യം പുറത്തുവരുന്നതുവരെ നിയമപരമായി പോരാടുകതന്നെ ചെയ്യും.'