ന്യൂയോര്‍ക്ക്: ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ലൈംഗികാതിക്രമക്കേസില്‍ ശിക്ഷ റദ്ദാക്കി ന്യൂയോര്‍ക്കിലെ പരമോന്നത കോടതി. വിചാരണയിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ റദ്ദാക്കിയത്. 2020-ലെ കേസില്‍ 23 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഹാര്‍വി വെയന്‍സ്റ്റീന് വിധിച്ചത്.

To advertise here,

'മീ റ്റൂ' മൂവ്‌മെന്റിലെ ആദ്യകാല കേസുകളിലൊന്നാണ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരായ ആരോപണം. കേസുമായി ബന്ധമില്ലാത്തവരുടേയും മൊഴിരേഖപ്പെടുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ റദ്ദാക്കിയ കോടതി, വീണ്ടും വിചാരണ നടത്താനും നിര്‍ദേശിച്ചു.

2013-ലും 2006-ലും നടന്ന സംഭവങ്ങളിലാണ് വെയന്‍സ്റ്റീനെ 2020-ല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പിന്നീട് ഇയാള്‍ക്കെതിരെ ആരോപണങ്ങളുമായി 12-ലധികം സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. പിന്നീട് ലോസ് ആഞ്ജലിസിലെ ബെവേര്‍ലി ഹില്‍സ് ഹോട്ടല്‍മുറിയില്‍ യൂറോപ്യന്‍ നടിക്കുനേരെ നടത്തിയ ലൈംഗികാതിക്രമക്കേസില്‍ 16 വര്‍ഷവും വെയ്ന്‍സ്റ്റീനെ ശിക്ഷിച്ചിരുന്നു.

2006-ല്‍ തുടങ്ങിയെങ്കിലും 2017- മുതല്‍ വെയ്ന്‍സ്റ്റീനിനെതിരായ ആരോപണങ്ങളുലൂടെയാണ് മീ റ്റൂ മൂവ്‌മെന്റ് ശ്രദ്ധേയമാവുന്നത്. വിഖ്യാത ചിത്രങ്ങളായ 'പള്‍പ് ഫിക്ഷ'ന്റെ വിതരണക്കാരും 'ഷേക്‌സ്പിയര്‍ ഇന്‍ ലവി'ന്റെ നിര്‍മാതാക്കളുമായ മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകരില്‍ ഒരാളാണ് ഹാര്‍വി വെയ്ന്‍സ്റ്റീന്‍.