
കല്പറ്റ: ‘‘പശുവിനെ വളർത്തിക്കിട്ടുന്ന വരുമാനത്തിൽനിന്ന് മിച്ചംപിടിച്ച് വർഷങ്ങളായി സ്വരുക്കൂട്ടിവെച്ച പൈസയാണ് സ്കൂട്ടർ വാങ്ങാനായി നൽകിയത്. പൈസയെങ്കിലും തിരികെ കിട്ടിയാൽ മതിയായിരുന്നു’’ -വിഷമംകൊണ്ട് റോസമ്മയ്ക്ക് വാക്കുകൾ മുറിഞ്ഞു.
‘‘തട്ടിപ്പാണെന്ന് ഒരിക്കൽപ്പോലും കരുതിയില്ല, ആദ്യഘട്ടത്തിൽ കുറച്ചുപേർക്ക് സ്കൂട്ടർ കിട്ടിയപ്പോൾ കൂടുതൽ വിശ്വാസമായി’’ -എ.ബി. അനീഷ് പറഞ്ഞു. ആധിയും ആശങ്കയുമൊക്കെയായാണ് പാതിവിലത്തട്ടിപ്പിനിരയായവർ ശനിയാഴ്ച ഒത്തുചേർന്നത്. ആർ.ജെ.ഡി. കല്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനാട്ടി പത്മപ്രഭാപൊതുഗ്രന്ഥാലയത്തിലെ എം.പി. വീരേന്ദ്രകുമാർ ഹാളിലായിരുന്നു കബളിപ്പിക്കപ്പെട്ടവരുടെ സംഗമം. സ്കൂട്ടറിനും ലാപ്ടോപ്പിനുമെല്ലാം പണമടച്ച സാധാരണക്കാരായിരുന്നു സംഗമത്തിനെത്തിയവരിൽ കൂടുതലും.
‘‘രേഖകളെല്ലാമുണ്ട്’’ -തന്റെ കൈയിലിരിക്കുന്ന അനന്തുകൃഷ്ണന്റെ പേരിലുള്ള പ്രൊമിസറി നോട്ട്, കാഷ് രസീതി തുടങ്ങിയവയെല്ലാം കാണിച്ചുകൊണ്ട് നെന്മേനി സ്വദേശിനി ഷേർളി ജോസഫ് പറഞ്ഞു. ‘‘പരാതിയും പ്രശ്നവുമൊക്കെയായപ്പോൾ 5900 രൂപമാത്രം തിരിെകതന്ന് അക്ഷയ അധികൃതർ കൈയൊഴിഞ്ഞു’’ -കെ.ആർ. സ്റ്റിന്റോ പറഞ്ഞു.
കേസ് കൊടുക്കണം, പ്രചാരണം നടത്തിയവരും പ്രതികൾ
മുന്നോട്ടുസ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് അഭിഭാഷകൻ പി. അനുപമൻ ക്ലാസെടുത്തു. ഒരുസംഘടനയ്ക്കുകീഴിൽ അപേക്ഷിക്കുകയും പണമടയ്ക്കുകയും ചെയ്തവർ ഒരുമിച്ച് പരാതിനൽകണമെന്ന് അദ്ദേഹം പറഞ്ഞു. തട്ടിപ്പുപദ്ധതിക്കായി പ്രചാരണം നടത്തിയ സംഘടനകളും അക്ഷയകേന്ദ്രങ്ങളും പ്രതിച്ചേർക്കപ്പെടണമെന്നും പി. അനുപമൻ പറഞ്ഞു.
സംഗമം ആർ.ജെ.ഡി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ഹംസ ഉദ്ഘാടനംചെയ്തു. അടച്ച പണം തിരികെ ലഭ്യമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കബളിപ്പിക്കപ്പെട്ടവർക്ക് സഹായവുമായി ആർ.ജെ.ഡി. ഉണ്ടാവുമെന്നും കെ.കെ. ഹംസ പറഞ്ഞു. ആർ.വൈ.ജെ.ഡി. കല്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് ഷൈജൽ കൈപ്പ, ആർ.ജെ.ഡി. കല്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് കെ.ബി. രാജുകൃഷ്ണ, ആർ.വൈ.ജെ.ഡി. ജില്ലാപ്രസിഡന്റ് പി.പി. ഷൈജൽ, പ്രിൻസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Half-price scam; Victims explain how they got duped, Anandhu Krishnan Arrest
Published: 16 Feb 2025, 07:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented