
ഗുഡ്ഗാവ്: കാമുകിയുടെ സഹായത്തോടെ ഭാര്യയെ വെടിവെച്ചുകൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിനിടെയാണ് ക്രൂരത. കാമുകിയുടെ വാടക വീട്ടിൽവെച്ച് കൊലപാതകം നടത്തിയ ശേഷം ഭർത്താവും കാമുകിയും കടന്നുകളയുകയും ചെയ്തു. സംഭവത്തിൽ 25-കാരനായ അങ്കിത്, കാമുകി രജ്‌നി ദേവി എന്നിവർ പിടിയിലായി.
മേയ് 22-ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇരയുടെ മാതാവ് പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. മേയ് 21-ന് യുവതിയെ കാണാതായെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. അതിന് മുമ്പായി മകളേക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതോടെ അങ്കിതിന്റെ വീട്ടിൽ ഇവർ അന്വേഷണം നടത്തിയിരുന്നു. എന്നാൽ, തൃപ്തികരമായ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണം ആരംഭിച്ചു. പിന്നാലെ മനേസറിലെ വാടകവീട്ടിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെടുത്തു. പ്രാഥമിക പരിശോധനയിൽ വെടിയേറ്റ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തി. തുടർന്ന് കേസിൽ കൊലക്കുറ്റംകൂടി ചേർത്ത് അന്വേഷണം ഊർജിതമാക്കുകയായിരുന്നു. തിരച്ചിലിനൊടുവിൽ 25-കാരനായ അങ്കിതിനെയും 38-കാരിയായ കാമുകി രജ്‌നി ദേവിയെയും പോലീസ് പിടികൂടി. കഴിഞ്ഞ മൂന്ന് വർഷമായി രജ്‌നിയും അങ്കിതും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
രജ്‌നിയുടെ വാടക മുറിയിൽവെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റം നടന്ന ദിവസം, അങ്കിത് തന്റെ ഭാര്യയെ ഇവിടേക്ക് കൊണ്ടുവന്നു. അവിടെവെച്ച് കാമുകിക്കൊപ്പം ചേർന്ന് അങ്കിത് ഭാര്യയെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് രണ്ട് മാസം മുമ്പ് ഉത്തർപ്രദേശിൽനിന്ന് വാങ്ങിയതാണെന്നും പോലീസ് കൂട്ടിച്ചേർത്തു.
കൊലപാതകത്തിന് ശേഷം അങ്കിതും കാമുകിയും ആദ്യം ഹരിദ്വാറിലേക്കും പിന്നീട് അവിടെനിന്ന് നേപ്പാളിലേക്കും പോയി. പ്രതികൾ ജൂൺ 30 വരെ ഒളിവിലായിരുന്നു, ജൂൺ 30-ന് അവർ ഇന്ത്യയിലേക്ക് മടങ്ങി. തുടർന്ന് മനേസറിൽ വെച്ച് ക്രൈം ബ്രാഞ്ച് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇരുവരെയും കോടതിയിൽ ഹാജരാക്കുകയും അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.
Content Highlights: Husband and girlfriend conspired to kill his wife three months after marriage., The murder took place in a rented house in Maneshar., The victim's mother filed a missing person report on May 22, 2026., The accused fled to Haridwar and Nepal before being arrested on June 30, 2026., Police recovered the murder weapon sourced from Uttar Pradesh.
Published: 06 Jul 2026, 02:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented