പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചയാളെയും പോലീസ് അറസ്റ്റ് ചെയ്തു

ഹൈദരാബാദ്: എഞ്ചിനീയറിങ് വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയ അധ്യാപകൻ അറസ്റ്റിൽ. തെലങ്കാനയിലെ സുൽത്താനാബാദിലുള്ള ഗാരെപ്പള്ളി സ്വദേശിയായ ഇരുപത് കാരിയാണ് കൊല്ലപ്പെട്ടത്. നിർബന്ധിച്ച് കീടനാശിനി കുടിപ്പിച്ച് അധ്യാപകനായ ജെറ്റി നവീൻ കുമാർ പെൺകുട്ടിയെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തൽ. നിർബന്ധിച്ച് ആത്മഹത്യാ കുറിപ്പും എഴുതിപ്പിച്ചിരുന്നു.
സെപ്റ്റംബർ 12-നാണ് സംഭവമുണ്ടായത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥിനി അടുത്തദിവസം മരണത്തിന് കീഴടങ്ങി. 2022-ൽ മഞ്ചെരിയാൽ ജില്ലയിലെ നസ്പുർ സിംഗരേണി പോളി ടെക്‌നിക്കിൽ വിദ്യാർഥിനി ഡിപ്ലോമയ്ക്ക് പഠിച്ചിരുന്നു. അന്ന് അവിടുത്തെ താത്കാലിക അധ്യാപകനായിരുന്ന നവീൻ കുമാറുമായി പെൺകുട്ടി പരിചയത്തിലാകുകയും പിന്നീട് ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയും ചെയ്തു. ഭാര്യയുമായി പിരിഞ്ഞ് കഴിഞ്ഞിരുന്ന നവീൻ കുമാർ, വിവാഹം ചെയ്യാമെന്ന ഉറപ്പ് പെൺകുട്ടിക്ക് നൽകിയിരുന്നു.
പിന്നീട് വിദ്യാർഥിനി ഒസ്മാനിയ സർവകലാശാലയിൽ മൈനിങ് വിഭാഗത്തിൽ ബി.ഇ പഠനത്തിന് ചേർന്നു. കുടുംബം ഗോദാവരി ഖനിയിലേക്ക് താമസം മാറിയതിന് പിന്നാലെ, പഠനത്തിന്റെ ഭാഗമായി ജനുവരിയിൽ ഒരു കൽക്കരി ഖനിയിൽ 12 ദിവസത്തെ ഇന്റേൺഷിപ്പിനും പോയി. അവിടെ ഓവർമാനായി ജോലിചെയ്തിരുന്ന ബൊമ്മകാന്തി രവികുമാറിനെ പെൺകുട്ടി പരിചയപ്പെട്ടതായും പോലീസ് പറയുന്നു.
നസ്പുർ പോളിടെക്‌നിക്കിലാണ് താൻ പഠിച്ചതെന്നും നവീൻ കുമാറിന്റെ വിദ്യാർഥിയായിരുന്നുവെന്നും പറഞ്ഞ് പരിചയപ്പെടുത്തിയ രവികുമാർ, പിന്നീട് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ തുടങ്ങി. തുടർന്ന് വിദ്യാർഥിനി ഖനിയുടെ മാനേജ്‌മെന്റിന് പരാതി നൽകി. പരാതി അന്വേഷിക്കാൻ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചെങ്കിലും രവികുമാർ കുറ്റക്കാരനല്ലെന്നായിരുന്നു കമ്മിറ്റിയുടെ കണ്ടെത്തൽ. പിന്നീട് രവികുമാർ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായും പോലീസ് പറയുന്നു.
ഇതിനിടെ രവികുമാറുമായുള്ള ബന്ധത്തെക്കുറിച്ച് നവീൻ കുമാർ അറിഞ്ഞു. ഇതോടെയാണ് വിദ്യാർഥിനിയെ കൊലപ്പെടുത്താൻ നവീൻ തീരുമാനിച്ചത്. സെപ്റ്റംബർ 12-ന് കാറിൽ വിദ്യാർഥിനിയെ കൂട്ടിക്കൊണ്ടുപോയ നവീൻ കുറച്ചുസമയം കാറിൽ ചുറ്റിക്കറങ്ങിയശേഷം നിർബന്ധിച്ച് കീടനാശിനി കുടിപ്പിക്കുകയായിരുന്നു. തുടർന്ന് നിർബന്ധപൂർവം ആത്മഹത്യാക്കുറിപ്പ് എഴുതിപ്പിക്കുകയും ചെയ്തു. മരണം ആത്മഹത്യയായി തോന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വിദ്യാർഥിനിക്ക് ബോധം നഷ്ടപ്പെടുന്നതിന് മുമ്പുതന്നെ നവീൻ അവളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിതാവിനെ വിളിച്ച് ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചതായും പോലീസ് പറയുന്നു.
വിദ്യാർഥിനിയെ സർക്കാർ ആശുപത്രിയിൽ എത്തിച്ച നവീൻ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലിരിക്കെ സെപ്റ്റംബർ 13-ന് പെൺകുട്ടി മരിച്ചു. വഴിയിലുടനീളമുള്ള സിസിടിവി ദൃശ്യങ്ങൾ, ഫോൺ കോൾ രേഖകൾ, മറ്റ് സാങ്കേതിക തെളിവുകൾ എന്നിവ പരിശോധിച്ച ശേഷമാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെദ്ദപ്പള്ളി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ രാം റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് നവീൻ കുമാറിനെ തിരിച്ചറിഞ്ഞത്. ഞായറാഴ്ച ഗോഡാവരിഖനിയിൽനിന്ന് നവീനെ അറസ്റ്റ് ചെയ്തു. വിദ്യാർഥിനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ ഓവർമാൻ ബൊമ്മകന്തി രവികുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Content Highlights: Telangana police arrested a former polytechnic teacher for forcing a 20-year-old engineering student to consume pesticide over her acquaintance with another man. The victim died in hospital, leading to the arrest of both the lecturer and a mine employee accused of harassment.
Published: 23 Sept 2026, 05:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented