ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്‌പുരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ കുഞ്ഞിന്റെ ബന്ധുവായ 12 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

To advertise here,

അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുടുംബാംഗങ്ങൾ നടത്തിയ തിരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ വീടിന് 500 മീറ്റർ അകലെയുള്ള പാടത്തെ ടിൻ ഷെഡിന് സമീപം രക്തം വാർന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നിലവിൽ ബിആർഡി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

ചണ്ഡീഗഡിൽ നിന്നെത്തിയ കുഞ്ഞിന്റെ ബന്ധുവായ 12 വയസ്സുകാരനാണ് ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ താൻ മദ്യം കഴിച്ചതായും മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കണ്ടതായും അതിന് ശേഷമാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതെന്നും പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ച അന്വേഷണ സംഘം 50-ലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്സൈറ്റുകൾ തിരഞ്ഞ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആദ്യം പരസ്പരവിരുദ്ധമായ മൊഴികൾ നൽകിയ പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്.

വൈദ്യപരിശോധനയിൽ കുഞ്ഞ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. കേസിൽ ശക്തമായ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും കുഞ്ഞ് നിലവിൽ വിദഗ്ധ ചികിത്സയിലാണെന്നും സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളിൽ നിന്നും മറ്റ് കുടുംബാംഗങ്ങളിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിച്ചു വരികയാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ കസ്റ്റഡിയിലെടുത്തതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.