ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദ് ജില്ലയിലെ ബല്ലഭ്ഗഡിൽ പതിനേഴുകാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. കോച്ചിങ് ക്ലാസിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കാത്തുനിന്ന് യുവാവ് വെടിവെക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെടിയുതിർത്ത ജതിൻ മംഗ്ലയെന്ന യുവാവിനെ പോലീസ് തിരഞ്ഞുവരികയാണ്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
പെൺകുട്ടിക്കെതിരെ ജതിൻ മംഗ്ല കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം. ആക്രമണം നടന്ന ഇടവഴിയിലെ സിസിടിവി ദൃശ്യങ്ങളിൽ ജതിൻ ബാഗിൽ എന്തോ ഒളിപ്പിക്കുന്നതും പെൺകുട്ടിക്കായി കാത്തിരിക്കുന്നതും വ്യക്തമാണ്. തുടർന്ന്, സുഹൃത്തുക്കൾക്കൊപ്പം നടന്നുവരികയായിരുന്ന പെൺകുട്ടിക്കുനേരെ ഇയാൾ നടന്നടുക്കുകയും വെടിയുതിർക്കുകയുമായിരുന്നു.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടി നിലവിളിച്ചപ്പോൾ ജതിൻ സംഭവസ്ഥലത്തുനിന്ന് ബൈക്കിൽകയറി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയും യുവാവും തമ്മിൽ പരിചയമുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടി പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം കണ്ടെടുത്തതായും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചതായും പോലീസ് പറഞ്ഞു.
അതിനിടെ, ജതിൻ പെൺകുട്ടിയെ കുറച്ച് ദിവസങ്ങളായി പിന്തുടർന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നുവെന്ന് കൗമാരക്കാരിയുടെ സഹോദരി പറഞ്ഞു. പരാതി നൽകാനൊരുങ്ങിയപ്പോൾ യുവാവിന്റെ വീട്ടുകാർ അപേക്ഷിച്ചതിനാൽ പിന്തിരിയുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു.
Content Highlights: A 17-year-old girl was shot and injured in Ballabhgarh, Faridabad, Haryana, after leaving a coaching center
Published: 04 Nov 2025, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented