ബദിയഡുക്ക: നാലുലക്ഷത്തോളം രൂപയുടെ ഇലക്ട്രിക് കേബിളുകൾ അടിച്ചുമാറ്റിയ അന്തസ്സംസ്ഥാന മോഷണസംഘത്തെ 36 മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി ബദിയഡുക്ക പോലീസ്. എൻമകജെ ഗുണാജെയിൽ കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ പെർള ഓഫീസിന്റെ കീഴിലുള്ള എ.ബി. കേബിളുകൾ മോഷ്ടിച്ച അന്തസ്സംസ്ഥാന മോഷ്ടാക്കൾ ഉൾപ്പെടെയുള്ള നാലംഗ സംഘത്തെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

To advertise here,

മംഗളൂരു മഞ്ചനാടി അസിജോലി സ്വദേശിയും നിലവിൽ പെർള അഡുക്കയിൽ താമസക്കാരനുമായ നൗഷാദ് (34), പഞ്ചിക്കല്ലിലെ ഇ.മുഹമ്മദ് (42), ബണ്ട്വാൾ പറങ്കിപ്പേട്ടയിലെ മുഹമ്മദ് ഷാഹിദ് (29), ബണ്ട്വാൾ ബൈത്തുൽ പടവിലെ നവീൻ (48) എന്നിവരെയാണ് വിവിധയിടങ്ങളിൽ നിന്നായി പിടിച്ചത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് അഞ്ചിനും വ്യാഴാഴ്ച രാവിലെ 9.30-നും ഇടയിലാണ് കേബിളുകൾ മോഷണം പോകുന്നത്. ഗുണാജെയിലെ ട്രാൻസ്ഫോർമറിന് സമീപം റോഡരികിൽ സൂക്ഷിച്ചിരുന്ന കേബിളുകൾ വാഹനത്തിലെത്തിയ സംഘമാണ് മോഷ്ടിച്ചു കടത്തിയത്. കെ.എസ്.ഇ.ബി.യുടെ പരാതിയിൽ ബദിയഡുക്ക പോലീസ് കേസെടുത്തു.

സംഭവസ്ഥലത്തെ വീടുകളിൽനിന്നും പരിസരങ്ങളിൽനിന്നും ശേഖരിച്ച സി.സി.ടി.വി. ദൃശ്യങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. ദൃശ്യങ്ങളിൽ കണ്ട വാഹനത്തിന്റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വാഹനം വാടകയ്‌ക്കെടുത്ത ഒന്നാംപ്രതി നൗഷാദിനെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് ഇയാളെ ചോദ്യംചെയ്തതിൽ രണ്ടാം പ്രതി മുഹമ്മദിനെ കുമ്പളയിൽനിന്ന് മറ്റ് പ്രതികളായ മുഹമ്മദ് ഷാഹിദ്, നവീൻ എന്നിവരെ മംഗളൂരുവിലെ പടീൽ, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ നിന്നായാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.

പ്രതികളെ ചോദ്യംചെയ്തതിൽ നീർച്ചാൽ വിഷ്ണുമൂർത്തി നഗറിലെ നിർമാണത്തിലിരിക്കുന്ന പെട്രോൾ പമ്പിൽനിന്ന് ഇരുമ്പ് റോഡുകൾ മോഷ്ടിച്ചതായും വെളിവായിട്ടുണ്ട്. അന്തസ്സംസ്ഥാന മോഷണസംഘത്തിലെ മറ്റുള്ളവരിലേക്കും ഊർജിതമായ അന്വേഷണം പുരോഗമിക്കുന്നതായി അന്വേഷണസംഘം അറിയിച്ചു.

കുമ്പള ഇൻസ്‌പെക്ടർ അനൂപ് കൃഷ്ണ, എസ്.ഐ.മാരായ സുനിൽകുമാർ, വിനോദ് കുമാർ, എ.എസ്.ഐ.മാരായ സിനീഷ് സിറിയക്, ശശി പ്രസാദ്, എസ്.സി.പി.ഒ.മാരായ അനീഷ് വർഗീസ്, സുഭാഷ്, ഗോകുൽ, രതീഷ്, സി.പി.ഒ.മാരായ ധനേഷ്, ഷിബിൻ, ശ്രീനേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.