അതിർത്തിയിലെ ഡ്രോൺ ഭീഷണികളെ ചെറുക്കാൻ ഇന്ത്യൻ സൈനികർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഒരു ലളിതമായ ആയുധ സംവിധാനം കോപ്പിയടിച്ച് സ്വന്തമാക്കിയിരിക്കുകയാണ് ചൈന. ഡ്രോണുകളെ നേരിടാൻ ഇന്ത്യൻ സൈനികരുടെ തലയിലുദിച്ച ലളിതമായ ആശയം ആ സമയത്ത് വലിയ പരിഹാസങ്ങൾക്ക് ഇടയാക്കിയിരുന്നു. മുൻപ് സാമൂഹിക മാധ്യമങ്ങളിൽ ദേശി ജുഗാദ് എന്ന് വിളിച്ച് പരിഹസിക്കപ്പെട്ട സംവിധാനമാണ് ചൈന പരിഷ്‌കരിച്ച് ആധുനിക സംവിധാനമായി അവതരിപ്പിച്ചിരിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപാണ് അതിർത്തി കാക്കുന്ന ഇന്ത്യൻ സൈനികർ തങ്ങളുടെ പക്കലുള്ള മൂന്ന് ഇൻസാസ് (INSAS) റൈഫിളുകൾ ഒരു ഇരുമ്പ് പോളിൽ ഒരുമിച്ച് ഘടിപ്പിച്ച് ഒരു പ്രത്യേക താൽക്കാലിക സംവിധാനം ഉണ്ടാക്കിയത്. ഒരൊറ്റ ട്രിഗർ വലിക്കുന്നതിലൂടെ മൂന്ന് തോക്കുകളിൽ നിന്നും ഒരേസമയം വെടിയുണ്ടകൾ ഒന്നിച്ച് പായുകയും, ആകാശത്ത് പറക്കുന്ന ഡ്രോണുകളെ വെടിവെച്ചിടാൻ ഇത് സഹായിക്കുകയും ചെയ്യുമായിരുന്നു. ഈ സംവിധാനം 360 ഡിഗ്രിയിൽ വേഗത്തിൽ തിരിക്കാൻ കഴിയുന്നതായിരുന്നു.

To advertise here,

ആധുനിക റഡാറുകളെ സെൻസറുകളോ ഇല്ലായിരുന്നു. പകരം സൈനികന്റെ കണ്ണും ഉന്നവുമായിരുന്നു പ്രധാന ആശ്രയം. അതുകൊണ്ടുതന്നെ, ആധുനിക യുദ്ധകാലത്ത് ഇത്തരം നാടൻ സൂത്രപ്പണികൾ കൊണ്ട് എന്ത് കാര്യമാണുള്ളതെന്ന് ചോദിച്ച് അന്ന് പലരും ഈ ചിത്രങ്ങളെ പരിഹസിച്ചിരുന്നു.

എന്നാൽ ഇന്ത്യയുടെ ഈ ആന്റി-ഡ്രോൺ തന്ത്രത്തെ അടിസ്ഥാനമാക്കിയാണ്‌ ചൈന ഇപ്പോൾ 12 ബാരലുകളുള്ള ഭീമൻ മൾട്ടി-റൈഫിൾ സംവിധാനം (Duodecuple 12-barrel system) നിർമ്മിച്ചിരിക്കുന്നത്. താഴ്ന്നു പറക്കുന്ന ചെറിയ ഡ്രോണുകളെയും ചാവേർ ഡ്രോണുകളെയും തടയാൻ ഇന്ത്യൻ സൈനികർ കണ്ടെത്തിയ ഈ വഴി തന്നെയാണ് ഏറ്റവും മികച്ചതെന്ന് ചൈനീസ് സൈന്യം ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇന്ത്യയുടെ 3 തോക്കുകളുടെ സ്ഥാനത്ത് 12 തോക്കുകൾ ഒന്നിച്ച് ഘടിപ്പിച്ച വലിയൊരു മെഷീൻ ഗൺ രൂപത്തിലാണ് ചൈന ഇത് പുനർനിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ ഒരൊറ്റ സെക്കൻഡിൽ നൂറുകണക്കിന് വെടിയുണ്ടകൾ ആകാശത്തേക്ക് പായിച്ച്, വരുന്ന ഡ്രോണുകൾക്കെതിരെ ഒരു പ്രതിരോധ വലയം തീർത്ത് തകർക്കാൻ സാധിക്കും.

റഷ്യ-യുക്രെയ്ൻ യുദ്ധമാണ് ലോകത്തെ യുദ്ധതന്ത്രങ്ങളെ മുഴുവൻ മാറ്റിമറിച്ചത്. കോടികൾ വിലമതിക്കുന്ന മിസൈൽ പ്രതിരോധ സംവിധാനങ്ങളെപ്പോലും ഏതാനും ആയിരങ്ങൾ മാത്രം വിലവരുന്ന ചെറിയ ഡ്രോണുകൾ തകർക്കാൻ തുടങ്ങിയതോടെയാണ് ഡ്രോണുകളെ തകർക്കാൻ അതിനേക്കാൾ ചെലവുകുറഞ്ഞ സംവിധാനങ്ങളേക്കുറിച്ചുള്ള ചിന്തകൾ വന്നത്. ഈ രംഗത്താണ് ഇന്ത്യൻ സൈനികർ ആശയം പ്രാവർത്തികമാക്കിയത്. അത് പിന്നീട് ചൈന കോപ്പിയടിക്കുകയും ചെയ്തു. സംഗതി വളരെ സിമ്പിളാണ്. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഒരു ഡ്രോൺ തകർക്കാൻ കോടികളുടെ മിസൈൽ ഉപയോഗിക്കുന്നത് വലിയ സാമ്പത്തിക നഷ്ടമാണ്. എന്നാൽ സാധാരണ തോക്കുകളിലെ വെടിയുണ്ടകൾ ഉപയോഗിക്കുമ്പോൾ ചെലവ് വളരെ കുറവാണ് എന്നതാണ് ഇവിടുത്തെ സാമ്പത്തിക ശാസ്ത്രം. ആധുനിക ഇലക്ട്രോണിക് ജാമറുകളെ വെട്ടിച്ച് വരുന്ന ഡ്രോണുകളെ തകർക്കാൻ 'കൈനറ്റിക് കിൽ' (വെടിവെച്ചിടുക) രീതി തന്നെയാണ് ഉചിതം. ഒരുമിച്ച് ഒരു കൂട്ടം വെടിയുണ്ടകൾ പായുമ്പോൾ, ഡ്രോണിന്റെ പ്രൊപ്പല്ലറിലോ ചിറകിലോ ഒരെണ്ണമെങ്കിലും തട്ടുകയും അത് തകരുകയും ചെയ്യും എന്നതാണ് ഈ സംവിധാനത്തിന്റെ തന്ത്രം. ഒരുകാലത്ത് ഇന്ത്യൻ അതിർത്തിയിലെ സൈനികർ തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് ലളിതമായി ഉണ്ടാക്കിയ ഒരു പ്രതിരോധ സംവിധാനം, ഇന്ന് ചൈനയെപ്പോലൊരു രാജ്യം വലിയ ഗവേഷണങ്ങൾ നടത്തി സ്വന്തം സൈന്യത്തിന്റെ ഭാഗമാക്കി മാറ്റി എന്നത് നിസാരമല്ല.  ഇതേ സംവിധാനം ഇന്ത്യ പിന്നീട് വികസിപ്പിച്ച് കൂടുതൽ തോക്കുകൾ ഉൾപ്പെടുത്തി മെച്ചപ്പെട്ട സംവിധാനമാക്കിയിരുന്നു. ഓപ്പറേഷൻ സിന്ദൂർ സമയത്ത് ഈ സംവിധാനം ഉപയോഗിച്ച് നിരവധി പാക് ഡ്രോണുകളെ നേരിടുകയും ചെയ്തിരുന്നു.