പന്തീരാങ്കാവ്(കോഴിക്കോട്): പോലീസ് ചമഞ്ഞെത്തി 35 ലക്ഷം രൂപ തട്ടിയ സംഘത്തിലെ മൂന്നുപേരെ പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കടലുണ്ടി സ്വദേശി തൊണ്ടിക്കോടന്‍ വസീം(38), പുത്തൂര്‍മഠം അമ്പിലോളി പാറക്കോട്ട് ഷംസുദ്ദീന്‍ (43), കുറ്റിക്കാട്ടൂര്‍ ഗോശാലിക്കുന്ന് മുഹമ്മദ് റാഫി (43) എന്നിവരാണ് പിടിയിലായത്. 

To advertise here,

2024-ല്‍ ഹൈലൈറ്റ് മാളിലാണ് തട്ടിപ്പ് നടന്നത്. ബിസിനസില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടിലാഭം നല്‍കാമെന്ന വസീമിന്റെ വാഗ്ദാനത്തില്‍ പരിചയക്കാരനായ മലപ്പുറം കൊണ്ടോട്ടി സ്വദേശി 35 ലക്ഷം രൂപയുമായി ഹൈലൈറ്റ് മാളില്‍ എത്തുകയായിരുന്നു. വസീമിന്റെ സുഹൃത്തുക്കള്‍ പോലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചെത്തി പണത്തിന്റെ സ്രോതസ്സ് അന്വേഷിച്ചു. തുടര്‍ന്ന് പണവുമായി വസീമിനെ കസ്റ്റഡിയില്‍ എടുക്കുന്നതായി അഭിനയിച്ചു. പിന്നീടാണ് പണത്തിന്റെ ഉടമയായ പരാതിക്കാരന് അതുവരെ നടന്നത് വസിം തയ്യാറാക്കിയ നാടകമായിരുന്നുവെന്ന് മനസ്സിലായത്. പന്തീരാങ്കാവ് പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പന്തീരാങ്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ. ഷാജുവും ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണറുടെ സ്‌ക്വാഡും പ്രതികളെ പിടികൂടിയത്.