ബെംഗളൂരു: ബലാത്സംഗ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച് ജയിലില്‍ കഴിയുകയാണ് ജെഡിഎസ് മുന്‍ എംപി പ്രജ്വല്‍ രേവണ്ണ. കേസില്‍ പ്രജ്വലിനെ ശിക്ഷിക്കുന്നതിലേക്ക് നയിച്ച പ്രധാന തെളിവായി മാറിയത് അദ്ദേഹത്തിന്റെ ഫാം ഹൗസിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ചുവെച്ചിരുന്ന ഒരു സാരിയാണെന്ന് അന്വേഷണ സംഘം പറയുന്നു.
47-കാരിയായ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്യുകയും അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത കേസില്‍ പ്രജ്വലിന് ജീവപര്യന്തം തടവും 11 ലക്ഷം രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിലെ ഏറ്റവും നിര്‍ണായകമായ തെളിവുകളിലൊന്ന് അതിജീവിതയുടെ സാരി ആയിരുന്നു.
ബലാത്സംഗത്തിന് ശേഷം പ്രജ്വല്‍ ജോലിക്കാരിയുടെ സാരി ബലമായി കൈവശപ്പെടുത്തിയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. തനിക്ക് തന്നെ ഇത് കരുക്കാകുമെന്ന് പ്രജ്വല്‍ ഈ ഘട്ടത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
അന്വേഷണത്തിനിടെ, ആക്രമണം നടന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ അതിജീവിതയോട് ചോദിച്ചപ്പോള്‍, പ്രജ്വല്‍ തന്റെ സാരി തിരികെ നല്‍കിയിട്ടില്ലെന്നും അത് ഫാംഹൗസില്‍ ഉണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് സ്ഥലത്ത് റെയ്ഡ് നടത്തുകയും ഫാം ഹൗസില്‍ തട്ടിന്‍പുറത്ത് നിന്ന് സാരി കണ്ടെത്തുകയും ചെയ്തു. ഇത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുകയും, പരിശോധനയില്‍ ബീജത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. ഡിഎന്‍എ പരിശോധനയില്‍ ഇത് പ്രജ്വലിന്റേതാണെന്ന് തെളിഞ്ഞു.
അതിജീവിതയുടെ വിശദമായ മൊഴിയോടൊപ്പം ഈ സാരിയും കേസ് വിജയിക്കുന്നതില്‍ നിര്‍ണായകമായെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രജ്വല്‍ രേവണ്ണയ്ക്കെതിരായ കേസില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നായി സാരിയിലെ ഡിഎന്‍എ തെളിവ് മാറുകയും ചെയ്തു.
പ്രജ്വലിന്റെ പേരിലുള്ള നാല് പീഡനക്കേസുകളില്‍ ആദ്യത്തേതിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിയായ 47-കാരിയെ ആവര്‍ത്തിച്ച് ബലാത്സംഗംചെയ്യുകയും ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്‌തെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കേസ് പിന്നീട് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്ത് അന്വേഷിക്കുകയായിരുന്നു.
Content Highlights: How a saree hidden in Prajwal Revanna's farmhouse sealed his fate in rape case
Published: 07 Aug 2025, 12:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented