കണ്ണൂർ: കല്ലാളത്തിൽ പ്രേമരാജനും ഭാര്യ ശ്രീലേഖയും പൊള്ളലേറ്റ് മരിച്ചെന്ന വാർത്തയുടെ ഞെട്ടലിലാണ് ബന്ധുക്കളെപ്പോലെ അയൽവാസികളും. ബഹ്‌റൈനിലായിരുന്ന മകൻ ഷിബിൻ പ്രേമരാജ് കുടുംബസമേതം നാട്ടിലെത്തുന്ന ദിവസം തന്നെയാണ് വയോധിക ദമ്പതിമാരെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

ഷിബിനെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരാൻ കാറെടുക്കാനായി സമീപവാസിയായ കണ്ണനിവാസിൽ സരോഷ് വൈകിട്ട് അഞ്ചുമണിയോടെ പ്രേമരാജന്റെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. പലതവണ വിളിച്ചിട്ടും വാതിൽ തുറക്കുകയോ ഫോണെടുക്കുകയോ ചെയ്യാതിരുന്നതോടെയാണ് സമീപവാസികളെക്കൂട്ടി പോലീസിൽ വിവരമറിയിച്ചത്. പോലീസ് നിർദേശിച്ചതനുസരിച്ച് വാതിൽ തുറന്നപ്പോഴാണ് കിടപ്പുമുറിയിൽ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ രണ്ടുപേരുടെയും മൃതദേഹം കണ്ടതെന്ന് സരോഷ് പറഞ്ഞു. രണ്ടുപേരും നിലത്താണ് കിടന്നിരുന്നത്. അപ്പോഴേക്കും വിമാനമിറങ്ങിയ ഷിബിൻ സരോഷിനെ വിളിച്ചിരുന്നു. സംഭവം പറഞ്ഞതോടെ ഷിബിൻ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

ശ്രീലേഖയുടെ തലയ്ക്കുപിറകിൽ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നുവെന്ന് വീടിനകത്ത് കയറിയ അയൽവാസികൾ പറഞ്ഞു. കിടക്കയിൽ ചുറ്റികയും കണ്ടു. സ്ഥലത്തെത്തിയ പോലീസും ഫൊറൻസിക് വിദഗ്ധരും പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി. ഓസട്രേലിയയിൽ ജോലിചെയ്യുന്ന ഇരുവരുടെയും മൂത്തമകൻ പ്രബിത്ത് പ്രേമരാജൻ അടുത്തിടെയാണ് നാട്ടിൽവന്ന് തിരിച്ചുപോയത്. സാമ്പത്തികപ്രയാസങ്ങളൊന്നുമില്ലാത്ത ഇരുവരുടെയും ദുരൂഹത നിറഞ്ഞ മരണം അയൽവാസികൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാൻ പറ്റുന്നില്ല. മകനെ കൂട്ടിക്കൊണ്ടുവരാൻ രണ്ടുദിവസം മുൻപാണ് സരോഷിനെ ഏൽപ്പിച്ചത്.

placeholder
കണ്ണൂർ അലവിലിൽ ഭാര്യയെയും ഭർത്തവിനേയും പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ വീടിനു മുന്നിൽ തടിച്ചുകൂടിയവർ | ഫോട്ടോ: ലതീഷ് പൂവ്വത്തൂർ

വ്യാഴാഴ്ച രാവിലെ മുതൽ ഇരുവരെയും ഫോണിൽ കിട്ടിയിരുന്നില്ലെന്ന് അയൽവാസി സവാദ് പറഞ്ഞു. വിളിച്ച് കിട്ടാതായതോടെ വൈകിട്ട്‌ മരുമകൾ വിഞ്ജു തന്റെ സഹോദരിയെ വിളിച്ചതുപ്രകാരം പോയിനോക്കുമ്പോഴാണ് മറ്റുള്ളവർ വീടുതുറക്കുന്നത് കണ്ടത്. ബുധനാഴ്ചയും ഇരുവരെയും പുറത്ത് കണ്ടിരുന്നില്ലെങ്കിലും തന്റെ സഹോദരിയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും സവാദ് ഓർക്കുന്നു.

രാത്രി വൈകിയിട്ടും പതിവില്ലാതെ വീട്ടിൽ വെളിച്ചം കണ്ടിരുന്നുവെന്നും സവാദ് പറഞ്ഞു. മുഴുവൻ സമയം വീട്ടിലും മറ്റും വിവിധ ജോലികളിലേർപ്പെട്ട് ഊർജ്ജസ്വലരായിരുന്നു ഇരുവരുമെന്ന് അയൽവാസികൾ പറയുന്നു. എല്ലാവരോടും നല്ല ബന്ധം സൂക്ഷിച്ച ഇരുവരുടെയും വേർപാട് വിശ്വസിക്കാനാകാതെ വിങ്ങുകയാണ് അവരെല്ലാം.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് തീകൊളുത്തി മരിച്ച നിലയിൽ. അലവിൽ അനന്തൻ റോഡിൽ കല്ലാളത്തിൽ പ്രേമരാജൻ (75), എ.കെ.ശ്രീലേഖ (69) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മന്ത്രി എ.കെ.ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് ശ്രീലേഖ.

വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. വൈകിട്ട് ഡ്രൈവർ വീട്ടിലെത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് സംശയം തോന്നി അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി വീടിന്റെ വാതിൽ‌ ബലമായി തുറന്നപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ ഇരുവരുടെയും മൃതദേഹം കണ്ടത്. ഇരുനില വീട്ടിലെ താഴെത്തെ കിടപ്പുമുറിയിൽ കട്ടിലിന് താഴെ തറയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശ്രീലേഖയുടെ തല തകർന്ന് രക്തം വാർന്നൊഴുകിയ നിലയിലാണ്. കിടക്കയിൽനിന്ന് ഇരുന്പുചുറ്റികയും കണ്ടെടുത്തു. ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തീകൊളുത്തി മരിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. സമീപത്ത് ഗ്യാസ് സിലിൻഡറും കണ്ടെത്തി.

placeholder
ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ വീട്, ഇൻസൈറ്റിൽ പ്രേമരാജനും ശ്രീലേഖയും

ഇവർ രണ്ടുപേർമാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ മുന്നിലെയും പിറകിലെയും വാതിലുകലും ജനാലകളും അടച്ച് കുറ്റിയിട്ട നിലയിലായിരുന്നു. ബഹ്റൈനിലുള്ള മകൻ ഷിബിൻ വ്യാഴാഴ്ച നാട്ടിലെത്തുമെന്ന് അറിയിച്ചതിനെത്തുടർന്ന് അച്ഛനെയും അമ്മയെയും കാറിൽ കൂട്ടി കണ്ണൂർ വിമാനത്താവളത്തിലേക്ക് പുറപ്പെടാനാണ് ഡ്രൈവർ അലവിലുള്ള വീട്ടിലെത്തിയത്.

മറ്റൊരു മകൻ പ്രബിത്ത് അവധികഴിഞ്ഞ് ഓസ്ട്രേലിയയിലേക്ക് കഴിഞ്ഞാഴ്ചയാണ്‌ തിരിച്ചുപോയത്. സാമ്പത്തികപ്രയാസങ്ങളൊന്നുമില്ലാത്ത കുടുംബമാണ് ഇവരുടേതെന്നാണ് അയൽവാസികൾ പറയുന്നത്. സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻരാജും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. വളപട്ടണം പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആസ്പത്രിയിലേക്ക്‌ മാറ്റി. കണ്ണൂർ ഹോട്ടൽ സാവോയിയിലെ മുൻ മാനേജരായിരുന്നു പ്രേമരാജൻ. പ്രേമരാജന്റെ സഹോദരങ്ങൾ: പ്രകാശൻ, രമേശ് ബാബു, രത്നാകരൻ, ഉഷ, പരേതനായ പ്രസന്നൻ. കണ്ണൂർ എടച്ചേരി സ്വദേശിനിയായ പരേതരായ എ.കെ.ശങ്കരന്റെയും ചന്ദ്രമതിയുടെയും മകളാണ് ശ്രീലേഖ. സഹോദരങ്ങൾ: ശ്രീജ, പരേതനായ ചന്ദ്രമോഹൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11-ന് പയ്യാമ്പലത്ത്.