കൊച്ചി: കള്ളനോട്ട് കേസിലെ പ്രതിയും കേരള അഭിഭാഷക ക്ഷേമനിധിയുടെ മുൻ അക്കൗണ്ടന്റുമായ എം.കെ. ചന്ദ്രന്റെയും കുടുംബത്തിന്റെയും പേരിലുള്ള 1.78 കോടിയുടെ സ്വത്ത് ഇ.ഡി. കണ്ടുകെട്ടി. 10 വർഷംകൊണ്ട് ക്ഷേമനിധിയിൽനിന്ന് 6.07 കോടിയുടെ വെട്ടിപ്പുനടത്തിയ കേസിലാണ് നടപടി.

To advertise here,

കെട്ടിടമുൾപ്പെടെയുള്ള മൂന്ന് ഭൂസ്വത്ത്, രണ്ട് ബാങ്ക് അക്കൗണ്ടുകൾ എന്നിവയാണ് കണ്ടുകെട്ടിയത്. സംസ്ഥാന വിജിലൻസും സിബിഐയും അന്വേഷിച്ച കേസ് ഇപ്പോൾ ഇ.ഡി.യാണ് അന്വേഷിക്കുന്നത്.

സംസ്ഥാനത്തെ അഭിഭാഷകർക്ക് അനുകൂല്യങ്ങൾ നൽകുന്നതിനായാണ് 1980-ൽ സർക്കാർ സ്ഥാപനമായി കേരള അഭിഭാഷക ക്ഷേമനിധി ട്രസ്റ്റ് കമ്മിറ്റി രൂപവത്കരിച്ചത്. കേരള ബാർ കൗൺസിലിന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നത്. കോടതിയിൽ ഫയൽചെയ്യുന്ന കേസുകളിൽ അഭിഭാഷക ക്ഷേമനിധി സ്റ്റാമ്പ് ഒട്ടിക്കണം. ഈ സ്റ്റാമ്പ് വിറ്റുകിട്ടുന്ന തുകയാണ് നിധിയുടെ പ്രധാനവരുമാനം. സംസ്ഥാനസർക്കാർ വിഹിതവുമുണ്ട്.

ക്ഷേമനിധിയിലെ 2007 മുതൽ 2017 വരെയുള്ള കണക്കുകൾ ഓഡിറ്റ് ചെയ്തിരുന്നില്ല. അഡ്വക്കേറ്റ് ജനറൽ അധ്യക്ഷനായിരുന്ന പ്രത്യേകസമിതി 2017 അവസാനം നടത്തിയ ഓഡിറ്റിലാണ് വെട്ടിപ്പ് പുറത്തുവന്നത്. അക്കൗണ്ടന്റായ തിരുവാങ്കുളം സ്വദേശി എം.കെ. ചന്ദ്രൻ സ്റ്റാമ്പ് വിറ്റുകിട്ടുന്ന തുകയിൽ കൃത്രിമം കാണിക്കുകയായിരുന്നു. ആയിരം രൂപ കിട്ടിയാൽ ക്ഷേമനിധി രജിസ്റ്ററിൽ അത് 100 രൂപയാകും. ഇങ്ങനെ വെട്ടിക്കുന്ന തുക ചന്ദ്രൻ, ഭാര്യ ശ്രീകലയുടെയും സുഹൃത്തായ ബാബു സ്‌കറിയയുടെയും കേസിലെ മറ്റ് പ്രതികളുടെയും അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് തമിഴ്‌നാട്ടിലെ കള്ളനോട്ട് കേസിൽ പ്രതിയായിരുന്നുവെന്നത് പുറത്തുവരുന്നത്.

തുടർന്ന് ബാർകൗൺസിൽ ഓഫ് ഇന്ത്യയും സംസ്ഥാന വിജിലൻസും സിബിഐയും കേസ് അന്വേഷിച്ചു. വിജിലൻസ് കണ്ടെത്തിയത് 7.61 കോടി രൂപയുടെ ക്രമക്കേടായിരുന്നു. 2023-ൽ കേസിൽ സിബിഐ അന്തിമറിപ്പോർട്ട് നൽകി. ഒൻപത് പ്രതികളാണുള്ളത്.‍ ചന്ദ്രനിൽ മാത്രം ഒതുങ്ങില്ല ഇ.ഡി. അന്വേഷണമെന്നാണ് സൂചന.