ബെംഗളൂരു: കർണാടകയിലെ ധർവാഡിൽ 29-കാരിയായ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. പ്രിയങ്ക കമലാകർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്ത്രീധനത്തെച്ചൊല്ലിയുള്ള  തർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഭർത്താവായ ബസവരാജിനെയും ബന്ധുക്കളായ രേണവ്വ, സുഭാഷ്, സിദ്ധരമേഷ് എന്നിവരെയും നവൽഗുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

ഇരുവരും തമ്മിലുണ്ടായ വഴക്കിൽ ഭർത്താവ് ബസവരാജ് പ്രിയങ്കയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രിയങ്കയും ബസവരാജും 2024 ഡിസംബറിലാണ് വിവാഹിതരായത്. വിവാഹശേഷം പണവും സ്വർണവും ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് പ്രിയങ്കയുടെ ബന്ധുക്കൾ ആരോപിച്ചു.

ശരീരഭാരത്തെ പരിഹസിക്കുകയും മാനസികമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നതായും കുടുംബം പറഞ്ഞു. കൊലപാതകം, സ്ത്രീധന പീഡനം എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.  സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.