ധാർവാഡ്: കർണാടകയിലെ ധാർവാഡിൽ ഡോക്ടർ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ചനിലയിൽ. ചിരായു ഹോസ്പിറ്റലിലെ അനസ്‌തേഷ്യോളജിസ്റ്റായ കിരൺ ഹൊന്നാന്നാവർ (45) ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ എട്ടുവയസ്സുകാരനായ മകനെ ഗുരുതരമായി കുത്തേറ്റ പരിക്കുകളോടെ ഫ്ളാറ്റിലെ മറ്റൊരു മുറിയിൽ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് കിരണിന്റെ ഭാര്യയും ഒഫ്‌താൽമോളജിസ്റ്റുമായ ഡോ. പ്രിയങ്ക കട്ടാനഹള്ളിയെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ്.

To advertise here,

ബുധനഴ്ച രാത്രി കർണാടക യൂണിവേഴ്സിറ്റി റോഡിലെ രങ്ക സ്റ്റൈലോ അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. കിരണിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ ബന്ധുക്കൾ ഫ്ലാറ്റിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കിരൺ കഴുത്തിന് ഗുരുതരമായി കുത്തേറ്റ നിലയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നെന്ന് ബന്ധുക്കൾ മൊഴിനൽകി. 

ഹൂബ്ലി-ധാർവാഡ് പോലീസ് കമ്മീഷണർ എൻ. ശശികുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതിസുരക്ഷയുള്ള ഫ്ളാറ്റിന് പുറത്തുനിന്ന് ആരും അതിക്രമിച്ചു കയറിയതായി സൂചനയില്ലെന്നും സംഭവസമയം ദമ്പതികളും മകനും മാത്രമാണ് ഫ്ലാറ്റിന് ഉള്ളിലുണ്ടായിരുന്നതെന്നും പോലീസ് സ്ഥിരീകരിച്ചു.

കസ്റ്റഡിയിലുള്ള ഡോ. പ്രിയങ്ക നിലവിൽ കടുത്ത മാനസികാഘാതത്തിലാണെന്നും പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദാമ്പത്യ തർക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.