
ചണ്ഡീഗഢ്: ഹരിയാണയിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. മകള്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തന്നെ ശത്രുക്കളുണ്ടായിരുന്നതായും പാര്‍ട്ടിയിലെ മകളുടെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നതായും കൊല്ലപ്പെട്ട ഹിമാനി നര്‍വാളിന്റെ അമ്മ സവിത വെളിപ്പെടുത്തി. പാര്‍ട്ടിക്കാര്‍ തന്നെയായിരിക്കാം മകളെ കൊലപ്പെടുത്തിയതെന്നും ഇവര്‍ ആരോപിച്ചു.
കഴിഞ്ഞദിവസമാണ് റോഹ്ത്തക്കിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ഹിമാനി നര്‍വാളിന്റെ മൃതദേഹം സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയത്. റോഹ്ത്തക്ക്-ഡല്‍ഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്തായിരുന്നു സ്യൂട്ട്‌കേസ് ഉപേക്ഷിച്ചിരുന്നത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.
പാര്‍ട്ടിയും തിരഞ്ഞെടുപ്പുമാണ് തന്റെ മകളുടെ ജീവനെടുത്തതെന്നാണ് ഹിമാനിയുടെ അമ്മ സവിതയുടെ ആരോപണം. ''തിരഞ്ഞെടുപ്പും പാര്‍ട്ടിയുമാണ് എന്റെ മകളുടെ ജീവനെടുത്തത്. ഇതുകാരണമാണ് അവള്‍ക്ക് ശത്രുക്കളുണ്ടായത്. ഇത് ചെയ്തവര്‍ പാര്‍ട്ടിയിലുള്ളവരോ അവളുടെ സുഹൃത്തുക്കളോ ആയിരിക്കാം.
ഫെബ്രുവരി 28-ന് മകള്‍ വീട്ടിലുണ്ടായിരുന്നു. മകള്‍ക്ക് ഹൂഡ കുടുംബവുമായി അടുത്തബന്ധമുണ്ടായിരുന്നു. രാഹുല്‍ഗാന്ധിക്കൊപ്പവും പരിപാടികളില്‍ പങ്കെടുത്തിരുന്നു. രാഹുല്‍ഗാന്ധിക്കൊപ്പം പദയാത്രയും സംഘടിപ്പിച്ചു. ഇതുകൊണ്ടെല്ലാമാണ് ആളുകള്‍ക്ക് മകളുമായി പ്രശ്‌നങ്ങളുണ്ടായിരുന്നത്. അവര്‍ക്ക് അവളോട് അസൂയയായിരുന്നു'', സവിത ആരോപിച്ചു.
കഴിഞ്ഞദിവസം പോലീസ് സ്‌റ്റേഷനില്‍നിന്ന് ഫോണ്‍കോള്‍ വന്നപ്പോഴാണ് താന്‍ ദാരുണസംഭവമറിഞ്ഞതെന്നും അമ്മ പറഞ്ഞു. ''മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയുടെ ഭാര്യ ആശ ഹൂഡയുമായി മകള്‍ക്ക് അടുത്തബന്ധമായിരുന്നു. അവള്‍ക്ക് നീതി ലഭിക്കാതെ അവളുടെ അന്ത്യകര്‍മങ്ങള്‍ ഞാന്‍ ചെയ്യില്ല. 2011-ല്‍ എന്റെ ഒരു മകന്‍ കൊല്ലപ്പെട്ടു. ഞങ്ങളുടെ കുടുംബത്തില്‍ ചില തര്‍ക്കങ്ങളുണ്ടായിരുന്നു. അതിനാല്‍ ചെറിയ ഭയത്തോടെയാണ് ജീവിച്ചിരുന്നത്.
എന്റെ മൂത്തമകന്‍ 2011-ല്‍ കൊല്ലപ്പെട്ടു. അതില്‍ ഞങ്ങള്‍ക്ക് നീതി ലഭിച്ചില്ല. അതിനുശേഷം എന്റെ മറ്റൊരു മകനെ അവന്റെ ജീവന്‍ രക്ഷിക്കാനായി ബി.എസ്.എഫിലേക്ക് അയച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം മകള്‍ പാര്‍ട്ടിയില്‍നിന്ന് അകന്നിരുന്നു. ജോലിക്ക് പോകണമെന്നും ഇനിമുതല്‍ പാര്‍ട്ടിക്കായി അധികം പ്രവര്‍ത്തിക്കുന്നില്ലെന്നും മകള്‍ പറഞ്ഞിരുന്നു. വിവാഹത്തിനും സമ്മതിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി അവള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ട്. എല്‍.എല്‍.ബി.യും പഠിച്ചിരുന്നു. ഞായറാഴ്ച രാവിലെ ഞാന്‍ ആശ ഹൂഡയെ ഫോണില്‍വിളിച്ചു. പക്ഷേ, ഫോണെടുത്തില്ല'', സവിത വിശദീകരിച്ചു.
അതേസമയം, കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ വിശദമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ പ്രതികരിച്ചു. പ്രതികള്‍ പാര്‍ട്ടിയിലുള്ളവരാണോ അതോ പുറത്തുള്ളവരാണോ എന്നകാര്യം അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു.
Content Highlights: congress leader himani narwal murder: her mother's allegations
Published: 02 Mar 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented