തിരുവനന്തപുരം:  വിതുരയില്‍ നാട്ടുകാരും റിസോര്‍ട്ടുകാരും തമ്മില്‍ സംഘര്‍ഷം. റിസോര്‍ട്ടില്‍ വന്നവര്‍ ആറ്റില്‍ സ്ത്രീകളുടെ കുളിക്കടവില്‍ നഗ്നരായി കുളിച്ചത് നാട്ടുകാര്‍ ചോദ്യംചെയ്തതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. അടിപിടിയില്‍ ഇരുവിഭാഗങ്ങളിലുള്ളവര്‍ക്കും പരിക്കേറ്റു. 

To advertise here,

വിതുര ചെറ്റച്ചല്‍ ആറ്റിന്റെ കരയില്‍ പേട്ട സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഒരുവര്‍ഷമായി റിസോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചുമണിയോടെ ഇവിടെയെത്തിയ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേര്‍ മദ്യപിച്ച് നഗ്നരായി ആറ്റില്‍ കുളിക്കാനിറങ്ങി. സ്ത്രീകളുടെ കുളിക്കടവില്‍ നഗ്നരായി കുളിക്കുന്നത് നാട്ടുകാരനായ സന്തോഷ് ചോദ്യംചെയ്തു. ഇതോടെ റിസോര്‍ട്ടില്‍ വന്നവരും സന്തോഷും തമ്മില്‍ കൈയാങ്കളിയായി. വിവരമറിഞ്ഞ് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ കൈയാങ്കളി സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് വിതുര പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്. 

നാട്ടുകാരായ സന്തോഷ്, മഹില്‍ എന്നിവര്‍ക്കാണ് സംഘര്‍ഷത്തില്‍ പരിക്കേറ്റത്. സന്തോഷിന്റെ മൂക്കിലും കൈകളിലുമാണ് പരിക്ക്. മഹിലിന്റെ തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. റിസോര്‍ട്ട് ഉടമയ്ക്കും ഇവരോടൊപ്പമുണ്ടായിരുന്ന അനില്‍കുമാര്‍, മനോജ് എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിതുര പോലീസ് ആശുപത്രിയിലെത്തി ഇവരുടെ മൊഴി രേഖപ്പെടുത്തി. 

റിസോര്‍ട്ട് ഉടമയും കൂട്ടരും സ്ത്രീകളെ അടക്കം മര്‍ദിച്ചതായും നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്. നേരത്തെ ആറ്റിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നരീതിയില്‍ ക്യാമറകള്‍ സ്ഥാപിച്ചെന്ന് ആരോപിച്ച് നാട്ടുകാര്‍ റിസോര്‍ട്ട് ഉടമയെ ചോദ്യംചെയ്തിരുന്നു. ഇതിനെച്ചൊല്ലി ഉടമയും നാട്ടുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായിരുന്നു.